Ernamkulam GENERAL KERALA Uncategorized

മരട്: ഫ്ലാറ്റുടമകൾക്ക് നോട്ടീസ് നൽകുമെന്ന് നഗരസഭ സെക്രട്ടറി.

കൊച്ചി:

സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ ഫ്ലാറ്റുടമകൾക്ക് നോട്ടീസ് നൽകുമെന്ന് നഗരസഭ സെക്രട്ടറി. അഞ്ചു ദിവസത്തിനകം ഒഴിയണമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകുക.

പ്രത്യേക കൗൺസിലിൽ യോഗത്തിലാണ് നോട്ടീസ് നൽകാൻ തീരുമാനിച്ചത്. കൗൺസിലിൽ ഭരണപക്ഷവും പ്രതിപക്ഷവും രണ്ട് പ്രമേയങ്ങൾ പാസാക്കി. ഇവ സർക്കാരിന് അയച്ചു കൊടുക്കും. ഫ്ലാറ്റ് ഉടമകളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നതും പുനഃപരിശോധനാ ഹരജി നൽകുന്നതിന് സർക്കാർ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതുമാണ് ഭരണകക്ഷി പാസാക്കിയ പ്രമേയം. വിധി നടപ്പാക്കാനാവില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രമേയം.

കൗൺസിൽ യോഗത്തിൽ നഗരസഭ സെക്രട്ടറിക്കെതിരെ ഇരുപക്ഷത്തേയും അംഗങ്ങൾ വിമർശനവുമായി രംഗത്ത് വന്നു. സെക്രട്ടറിയുടെ വീഴ്ചയാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കാനുള്ള ഉത്തരവിന് കാരണമെന്നും കൗൺസിലംഗങ്ങൾ കുറ്റപ്പെടുത്തി. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ കമ്മറ്റിയിലെ അംഗമായ സെക്രട്ടറി കൗൺസിലിനെ അറിയിക്കാതെ റിപ്പോർട്ട് സമർപ്പിച്ചുവെന്നും വിമർശനമുണ്ട്.

ഫ്ലാറ്റിലെ താമസക്കാർക്ക് വേണ്ടി നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്ന് നഗരസഭ അധ്യക്ഷ ടി.എച്ച് നാദിറ വ്യക്തമാക്കി. കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങൾ സർക്കാറിനെ അറിയിക്കും. വൻ സാമ്പത്തിക ബാധ്യത വരുത്തുന്നതാണ് കോടതി വിധി. ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ നിർദേശം. നിലവിലുള്ള നിരവധി ഫ്ലാറ്റുകളെ വിധി പ്രതികൂലമായി ബാധിക്കുമെന്നും ടി.എച്ച്. നാദിറ പറഞ്ഞു.

%d bloggers like this: