KERALA POLITICS

മുന്‍ധനമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.വിശ്വനാഥ മേനോന്‍ എന്ന അമ്പാടി വിശ്വം അന്തരിച്ചു..

img

കൊച്ചി:

മുന്‍ധനമന്ത്രിയും സിപിഎം നേതാവുമായിരുന്ന വി.വിശ്വനാഥ മേനോന്‍ എന്ന അമ്പാടി വിശ്വം (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയായിരുന്നു അന്ത്യം.

1987-ലെ നായനാര്‍ മന്ത്രിസഭയിലാണ് അദ്ദേഹം ധനമന്ത്രിയായി സേവനമനുഷ്ഠിച്ചത്. . മുന്‍സിപ്പല്‍ കൗണ്‍സിലര്‍, എംഎല്‍എ, ലോക്സഭാ-രാജ്യസഭാ എംപി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹത്തിന് എറണാകുളത്ത് നിന്നും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏക എംപി വിശേഷണവും സ്വന്തമാണ്.

സുഹൃത്തുകള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമിടയില്‍ അമ്പാടി വിശ്വം എന്നറിയപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് വടക്കൂട്ട് വിശ്വനാഥ മേനോന്‍. 1940-50 കാലഘട്ടത്തില്‍ കൊച്ചി മേഖലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. എംഎം ലോറന്‍സ്, എപി കുര്യന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം. 12 വര്‍ഷം കൊച്ചി ഫാക്ടിന്‍റേയും 15 വര്‍ഷം ഇന്‍‍‍ഡല്‍ യൂണിറ്റിന്‍റേയും പ്രസിഡന്‍റായി സേവനമനുഷ്ഠിച്ച അദ്ദേഹം യൂണിയന്‍ പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്നു. കൊച്ചിന്‍ പോര്‍ട്ട് തൊഴിലാളി യൂണിയന്‍ അധ്യക്ഷസ്ഥാനവും ഇക്കാലയളവില്‍ അദ്ദേഹം കൈകാര്യം ചെയ്തു.

മധ്യകേരളത്തിലെ പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളായിരുന്നുവെങ്കിലും 2000-ത്തിന് ശേഷം വിശ്വനാഥന്‍ സിപിഎം നേതൃത്വവുമായി അകല്‍ച്ചയിലായി. കോണ്‍ഗ്രസിനോട് സിപിഎം സ്വീകരിച്ച അടവുനയമാണ് അദ്ദേഹത്തെ പിണക്കിയത്. സോണിയാ ഗാന്ധിയെ തുണച്ച് ജ്യോതിബസു നടത്തിയ ചില പ്രസ്താവനകളും പാര്‍ട്ടിയെ വിമര്‍ശിക്കുന്നതിലേക്ക് മേനോനെ നയിച്ചു. 2003-ല്‍ നടന്ന എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി വിശ്വനാഥമേനോന്‍ മത്സരിക്കാനെത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.

രാഷ്ട്രീയ നിറം പകരാൻ BJP അദ്ദേഹത്തിനെ പിൻതുണച്ചത് പിന്നീട് അദ്ദേഹത്തിന് മാനക്കേടുണ്ടാക്കി. ഇതിനെത്തുടർന്ന് പിന്നീട് ദീര്‍ഘകാലം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്ന അദ്ദേഹം പതുക്കെ പാര്‍ട്ടിയോട് വീണ്ടും അടുത്തു.

അവസാനകാലത്ത് ബിജെപിയേയും മോദി സര്‍ക്കാരിനേയും നിശിതമായി വിമര്‍ശിച്ച വിശ്വനാഥമേനോന്‍ ബിജെപി പിന്തുണയോടെ എറണാകുളത്ത് മത്സരിച്ച തീരുമാനം തെറ്റായി പോയെന്ന് ഏറ്റു പറഞ്ഞു. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഒരു ചാട്ടം പിഴച്ചു പോയെങ്കിലും ജീവിതം മുഴുവന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ കമ്മ്യൂണിസ്റ്റുകാരനായി തന്നെ ചരിത്രം രേഖപ്പെടുത്തുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.

വിശ്വനാഥമേനോന്‍റെ ഭൗതികദേഹം പത്ത് മണിക്ക് കലൂര്‍ ദേശാഭിമാനി ജംഗ്ഷനിലെ വീട്ടിലെത്തിക്കും. 12 മണി മുതല്‍ ടൗണ്‍ഹൗളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം വൈകിട്ട് രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും. കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍ എന്ന ആത്മകഥയടക്കം മൂന്ന് പുസ്തകങ്ങള്‍ വിശ്വനാഥമേനോന്‍ രചിച്ചിട്ടുണ്ട്. പ്രഭാവതി മേനോന്‍ ആണ് ഭാര്യ. മകന്‍- അഡ്വ. അജിത്ത് നാരായണന്‍. മരുമകള്‍- ശ്രീജ.

%d bloggers like this: