NATIONAL POLITICS

മോദി തരംഗത്തിൽ എട്ടു നിലയിൽ പൊട്ടിയത് മുൻ പ്രധാനമന്ത്രിയും ഒൻപത് മുൻ മുഖ്യമന്ത്രിമാരും..

img

ന്യൂഡൽഹി :

രാജ്യത്ത് വീശിയടിച്ച മോദി കൊടുങ്കാറ്റിൽ നിലംപരിശായത് ഒരു മുൻ പ്രധാനമന്ത്രിയും ഒൻപത് മുൻ മുഖ്യമന്ത്രിമാരുമാണ് . ഡൽഹി , മഹാരാഷ്ട്ര , കർണാടക മുൻ മുഖ്യമന്ത്രിമാരും എട്ടു നിലയിൽ പൊട്ടിയവരുടെ പട്ടികയിൽ പെടുന്നുണ്ട് .

ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിത് , മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിമാരായ സുഷീല്‍ കുമാര്‍ ഷിന്‍ഡെ , അശോക് ചവാന്‍ , കര്‍ണാടക മുന്‍ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി , മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ് , ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ , ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹരീഷ് റാവത്ത് , അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി നബാം ടുകി , മേഘാലയ മുന്‍മുഖ്യമന്ത്രി മുകുള്‍ സാഗ്മ എന്നിവരാണ് പരാജയത്തിന്റെ രുചിയറിഞ്ഞ മുൻ മുഖ്യമന്ത്രിമാർ .

ഇവർക്ക് പുറമെ , മുൻ പ്രധാനമന്ത്രിയും കർണാടകയിൽ നിന്നുള്ള മുതിർന്ന നേതാവുമായ എച്ച്.ഡി.ദേവ ഗൌഡയാണ് പരാജയപ്പെട്ട മറ്റൊരു പ്രമുഖൻ . തംകൂരിൽ ബിജെപി സ്ഥാനാർത്ഥി ജി.എസ് ബസവ രാജിനോടായിരുന്നു ദേവഗൌഡ പരാജയപ്പെട്ടത് .

മൂന്നു വട്ടം ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത് വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ മനോജ് തീവാരിയോടാണ് തോറ്റത് . ഭൂപീന്ദര്‍ സിംഗ് ഹൂഡ ഹരിയാണയിലെ സോനിപ്പത്തില്‍ ബി.ജെ.പിയുടെ രമേഷ് ചന്ദര്‍ കൗശിക്കിനോടാണ് തോറ്റത് . സോളാപുരില്‍നിന്ന് മത്സരിച്ച സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി.ജെ.പിയുടെ സിദ്ധേശ്വര്‍ ശിവാചാര്യയോടും , കര്‍ണാടകയിലെ ചിക്കബല്ലപുരില്‍ നിന്ന് ജനവിധി തേടിയ വീരപ്പമൊയ്‌ലി ബി.ജെ.പിയുടെ ബി.എന്‍.ബച്ചേ ഗൗഡയോടുമാണ് പരാജയപ്പെട്ടത് .
അരുണാചല്‍ പ്രദേശ് വെസ്റ്റില്‍ മത്സരിച്ച നബാം തൂക്കിയെ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും , മേഘാലയയിലെ തുരായില്‍ മത്സരിച്ച മുകുള്‍ സാഗ്മയെ എന്‍.ഡി.എ ഘടക കക്ഷിയായ നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടിയുടെ അഗതാ.കെ.സാഗ്മയും , മഹാരാഷ്ട്രയിലെ നന്ദേഡില്‍ മത്സരിച്ച അശോക് ചവാനെ ബി.ജെ.പിയുടെ പ്രതാപ് റാവു ചിഖാലിക്കറും , ഭോപ്പാലില്‍ മത്സരിച്ച ദിഗ്‌വിജയ് സിങ്ങിനെ ബി.ജെ.പിയുടെ പ്രജ്ഞാ സിങ് ഠാക്കൂറും , ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍- ഉധംസിംഗ് നഗറില്‍ മത്സരിച്ച ഹരീഷ് റാവത്തിനെ ബി.ജെ.പിയുടെ അജയ് ഭട്ടുമാണ് പരാജയപ്പെടുത്തിയത് .

%d bloggers like this: