
ആലപ്പുഴ :
യാത്രക്കാരെ ജീവനക്കാര്‍ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസിന്റെ ഉടമയെ വിളിച്ച് വരുത്താന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം . കല്ലട ബസില്‍ ഉണ്ടായ അക്രമം ആസൂത്രിത മര്‍ദ്ദനമാണോയെന്ന് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നേരത്തെ വിശദമാക്കിയിരുന്നു .
സംഭവത്തില്‍ കമ്പനി മാനേജരടക്കം മൂന്ന് പേര് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ബസിലെ ജീവനക്കാരായ ജയേഷ് , ജിതിന് എന്നിവരെയാണ് മരട് പോലീസ് കസ്റ്റഡിയിലെടുത്തത് . ജീവനക്കാരോട് പോലീസ് സ്റ്റേഷനില്‍ ഹാജരാകന്‍ പോലീസ് നിര്‍ദേശിച്ചിരുന്നു . മറ്റൊരു ജീവനക്കാരനായ ഹരിലാലിനോടും സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട് . ബസിന്റെ മാനജരെ പോലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു .
സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു .
ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം . രാത്രി തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസ് ഹരിപ്പാട് വെച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു . തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കൊച്ചിയിലേയ്ക്ക് കൊണ്ടു പോയി . വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘം ചേര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു . മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ബസില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തു .
ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് ബസ് ജീവനക്കാരുടെ അതിക്രമം പുറത്തായത് .