
പാലക്കാട്:
ഏറ്റവും വലിയ അഴിമതിക്കാരനായാണ് രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി മരണമടഞ്ഞതെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎല്‍എ ഷാഫി പറമ്പില്‍.
രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും ഷൂവർക്കർമാർക്ക് മനസ്സിലാവില്ല എന്നാണ് ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നരേന്ദ്ര മോദി മാപ്പുപറയമെന്ന ഹാഷ്ടാഗിലാണ് ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
മോദിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ മറുപടിയുമായി രംഗത്തെത്തിയിരുന്നു. മോദിജി, യുദ്ധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കർമഫലം നിങ്ങളെ കാത്തിരിക്കുന്നു. എന്റെ അച്ഛനെക്കുറിച്ചുള്ള നിങ്ങളുടെ വിശ്വാസം തുറന്നു കാണിക്കുന്നതുകൊണ്ടൊന്നും നിങ്ങൾ രക്ഷപ്പെടാൻ പോകുന്നില്ല. നിങ്ങളോട് സ്നേഹം മാത്രം. ആലിംഗനങ്ങൾ – രാഹുൽ”, എന്നായിരുന്നു ട്വിറ്ററിൽ രാഹുൽ ഗാന്ധി നൽകിയ മറുപടി. അഴിമതിക്കാരനാണെന്ന പരാമർശം രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ അപമാനിയ്ക്കലാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
പരാജയഭീതിയില്‍ സമനില തെറ്റിയ പ്രധാനമന്ത്രിയെ രാജ്യം എത്ര നാള് സഹിക്കണം എന്നാണ് കെസി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുത്ത, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച രാജീവ് ഗാന്ധിയെ അപമാനിച്ചാൽ നോവുന്നത് ഇന്ത്യയിലെ സാധാരണക്കാരായ ജനകോടികളുടെ മനസ്സാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.