
റഫേൽ കരാറിന് പിന്നാലെ അനില് അംബാനിക്ക് വൻ നികുതി ഇളവ്; 162 മില്യൺ ഡോളർ ഫ്രാൻസ് ഇളവ് നൽകിയെന്ന് റിപ്പോർട്ട്
മോദിയുടെ പ്രഖ്യാപനം വന്ന് വെറും ആറ് മാസത്തിനകത്താണ് അനിൽ അംബാനിയുടെ നികുതിയിൽ ഇളവ് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ന്യൂഡൽഹി:
അനിൽ അംബാനിയുടെ ടെലികോം കമ്പനിക്ക് ഫ്രാൻസ് വൻതുക നികുതി ഇളവ് നൽകിയതായി റിപ്പോർട്ട്. 143.7 മില്യൺ യൂറോ( ഏതാണ്ട് 162.6 മില്യൺ ഡോളർ) നികുതി ഇളവ് നൽകിയെന്നാണ് റിപ്പോർട്ട്. ഫ്രാൻസുമായി റഫേൽ കരാർ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് നികുതി ഇളവ് നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു
ഫ്രഞ്ച് പത്രമായ ‘ലെ മോൺഡെ’ ആണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2007 മുതൽ 2012 വരെയുള്ള കാലയളവിൽ രണ്ടു തവണയായി നികുതി വെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയൻസ്.
ഫ്രാൻസിൽ രജിസ്റ്റർ ചെയ്ത ‘റിലയൻസ് അറ്റ്ലാന്റിക് ഫ്ലാഗ് ഫ്രാൻസ്’. നികുതി ഇനത്തിൽ 151 മില്യൺ യൂറോയാണ് കമ്പനി നൽകേണ്ടിയിരുന്നത്. എന്നാൽ 7.3മില്യൺ യൂറോ മാത്രം നൽകി കേസ് ഒഴിവാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
2015 ഏപ്രിലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് കമ്പനിയായ ദസ്സോയുമായുള്ള റഫേൽ കരാർ പ്രഖ്യാപിച്ചത്. 36 റഫേൽ വിമാനങ്ങൾ വാങ്ങാമെന്നായിരുന്നു കരാർ. മോദിയുടെ പ്രഖ്യാപനം വന്ന് വെറും ആറ് മാസത്തിനകത്താണ് അനിൽ അംബാനിയുടെ നികുതിയിൽ ഇളവ് വരുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇത് നിഷേധിച്ച് റിലയൻസ് രംഗത്തെത്തിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നാണ് റിലയൻസ് വ്യക്തമാക്കുന്നത്. നികുതി പ്രശ്നം നിയമ പരമായി തന്നെ ഒത്തുതീർപ്പാക്കിയിട്ടുണ്ടെന്നും റിലയൻസ് പറഞ്ഞു.
പുതിയ റിപ്പോർട്ടുകളെ മോദിക്കും ബിജെപിക്കുമെതിരെ ആയുധമാക്കിയിരിക്കുകയാണ് കോൺഗ്രസ്. റഫേലിൽ അഴിമതിയുടെ പാളികളുണ്ടെന്ന് ഇതോടെ വ്യക്തമായതായി കോൺഗ്രസ് വ്യക്തമാക്കി. വരുമാനമൊന്നും ഇല്ലായിരുന്ന അംബാനിയുടെ കമ്പനി മോദിയുടെ കൃപകൊണ്ട് പൂവണിഞ്ഞെന്ന് കോണ്ഗ്രസ് വക്താവ് രൺദീപ് സുർജേവാല പരിഹസിച്ചു.
രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ ശക്തമായി പ്രതികരിച്ചു.
കാവൽക്കാരൻ 100 % കള്ളനാണെന്നിപ്പോൾ തെളിഞ്ഞുവെന്നും പ്രധാനമന്ത്രി 30000 കോടി രൂപ മോഷ്ടിച്ച് കള്ളനായ കൂട്ടുകാരനു നൽകി.നീരവ് മോദി, മെഹുൽ ചോക്സി, ലളിത് മോദി, അനിൽ അംബാനി, പിന്നെ മോദിയും. കള്ളന്മാരുടെ കൂട്ടമാണിത്. അദ്ദേഹം ട്വീറ്റ് ചെയ്തു