Uncategorized

റെയിൽവേ യാത്രയുടെ ദുരനുഭവങ്ങൾ.. .അഖിൽ പി ധർമ്മജൻ എഴുതുന്നു..

img

RIP റെയിൽവേ പോലീസ്…!
ഞാൻ അഖിൽ പി ധർമ്മജൻ. ഒരു അത്യാവശ്യ കാര്യത്തിനായി ചെന്നൈ സെൻട്രലിൽ നിന്നും എന്റെ സ്വദേശമായ ആലപ്പുഴയിലേക്ക് ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ കയറി. പെട്ടെന്ന് ചെന്നാൽ റിസർവേഷൻ ലഭിക്കാത്തതിനാൽ ജനറൽ ബോഗിയിലാണ് കയറിയത്.

കയറിയപ്പോൾ ഒരു സ്ത്രീ അവർക്ക് ചുറ്റുമുള്ള സീറ്റുകളിൽ ഇരിക്കരുത് കുടുംബം ഉണ്ടെന്ന് പറഞ്ഞു. അവരുടെ ഒപ്പം ഇരുന്ന ബാഗ് അല്ലാതെ സീറ്റുകളിൽ ഒന്നിലും ഒരു തൂവാല പോലും ഇടാത്തതിനാൽ ഞാൻ ഒന്നിൽ കയറി ഇരുന്നു.(ചില തമിഴ് സ്ത്രീകൾ സീറ്റ് പിടിച്ച് 50 രൂപയ്ക്കും 100 രൂപയ്ക്കും വിൽക്കുന്നത് കണ്ടിട്ടുണ്ട്). അപ്പോൾ ഒരു അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന തമിഴ് സംസാരിക്കുന്ന വ്യക്തി വന്ന് എന്നെ പിടിച്ചുവലിച്ച്‌ എഴുന്നേല്പിക്കാൻ ശ്രമിച്ചു. ഞാൻ ഇരുന്നവിടെ തന്നെ ഇരുന്നു. എന്നെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും തടുത്തത് അല്ലാതെ അയാൾക്ക് പ്രായം കൂടുതലായതിനാൽ ഞാൻ തിരികെ ഉപദ്രവിച്ചില്ല…പെട്ടെന്ന് പത്തോളം വരുന്ന ആളുകൾ വരികയും അവർ പിടിച്ചതാണ് ആ സീറ്റെന്ന് പറയുകയും ആഹാരം വാങ്ങാൻ പോയതാണ് എന്ന് പറയുകയും ചെയ്തു. സീറ്റുകൾക്ക് ഉടമ ഉണ്ടെന്ന് കണ്ടപ്പോൾ ഞാൻ സീറ്റിൽ നിന്നും മാറി ബർത്തിൽ കയറി ഇരുന്നു. അപ്പോൾ പറയുന്നു അവർക്ക് അതും വേണം എന്ന്…അവിടെനിന്നും മാറാൻ ഞാൻ തയ്യാറായില്ല. ട്രെയിൻ എടുത്തപ്പോൾ മുതൽ ആ കുടുംബത്തിലെ സ്ത്രീ ഒഴികെ പിതാവ് എന്ന് തോന്നിച്ച വ്യക്തി അടക്കം പൊതുവായിരുന്ന് സിഗരറ്റ് വലിക്കുവാൻ ആരംഭിച്ചു. (പിതാവ് വലിച്ചത് എന്തോ ചുരുട്ട് ആണ്) ഞാൻ അത് വീഡിയോ എടുത്ത ശേഷം അകത്തിരുന്നുള്ള പുകവലി നിർത്താൻ ആവശ്യപ്പെട്ടു.എന്നെ കളിയാക്കിയ ശേഷം അവർ പുകവലി തുടർന്നു. ചില ഹിന്ദിക്കാർ എതിർത്തപ്പോൾ മലയാളിയെയും ഹിന്ദികാരനെയും എടുത്ത് വെളിയിൽ എറിയണം എന്ന് പറഞ്ഞ് രണ്ട് വശങ്ങളിലായി ഇരുന്നിരുന്ന ആ ഫാമിലി ആരവങ്ങൾ മുഴക്കി.

പുകവലി അസഹനീയമായപ്പോൾ ഞാൻ റെയിൽവേ പോലീസിൽ ഫോൺ ചെയ്തു. സ്ഥലം കാട്പാടി സ്റ്റേഷൻ ആകുന്നതെ ഉണ്ടായിരുന്നുള്ളു. സമയം രാത്രി 12 കഴിഞ്ഞിരുന്നു. റെയിൽവേ പോലീസ് എന്നുപറഞ്ഞ് കൊടുത്തിരിക്കുന്ന നമ്പർ നിലവിലില്ല എന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് ആ കുടുംബം ബ്ലൂടൂത്ത് സ്പീക്കറിൽ അമിതശബ്ദത്തിൽ പാട്ട് വയ്ക്കുകയും സ്ത്രീ ഉൾപ്പെടെ ഉറക്കെ കൂവുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു.

ഞാൻ ഉൾപ്പെടെ പലർ പറഞ്ഞിട്ടും കേൾക്കാത്തത് കൊണ്ടാവണം പലരും ഇത് സഹിച്ചിരിക്കുന്നത് കണ്ടു…ചില യുവാക്കൾക്ക് എന്നോട് ഒപ്പം ഒന്ന് സപ്പോർട്ട് ചെയ്ത് സംസാരിക്കാനുള്ള ധൈര്യം പോലും ഇല്ലാതെ അപ്പുറത്തൊക്കെയായി ഇരിപ്പുണ്ട്. ഞാൻ ഇപ്പോഴും ഇതേ ട്രെയിനിൽ ഈ പിതൃശൂന്യർക്കൊപ്പം യാത്രയിലാണ്…റെയിൽവേ പോലീസിന്റെ 1512 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ചപ്പോൾ എടുത്തിട്ട് കംപ്ലെയ്ന്റ് പറയാൻ വിളിച്ചതാണെന്ന് പറഞ്ഞപ്പോൾ അനവധി തവണ കട്ട് ചെയ്ത് കളഞ്ഞു…അതിന്റെ സ്‌ക്രീൻ ഷോട്ട് ഇതിനൊപ്പം ചേർക്കുന്നു…

പിന്നെ ട്രെയിനിലിരുന്ന് പുകവലിക്കുന്ന വീഡിയോയും ഞാൻ താക്കീത് ചെയ്ത ശേഷം അതിന്റെ ചൊരുക്ക് തീർക്കാൻ ആരെയും ഉറങ്ങാൻ സമ്മതിക്കാതെ സ്പീക്കറിൽ പാട്ട് വച്ച് ബഹളം വയ്ക്കുന്ന വീഡിയോയും ചേർക്കുന്നു..

.അവർ പതിനഞ്ചോളം ആളുകൾ ഉണ്ടെങ്കിലും രണ്ടും കൽപ്പിച്ച് ആ ബ്ലൂടൂത്ത് സ്‌പീക്കർ ഞാൻ ഓഫ് ചെയ്തു…ഇപ്പോൾ ഒരു ശാന്തതയാണ്…അഥവാ തുടർന്നുള്ള യാത്രയിൽ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ സഹായത്തിന് വരേണ്ട റെയിൽവേ പോലീസിനെ വിളിച്ചാൽ അവർ എടുത്തിട്ട് കട്ടും ചെയ്യുന്നു…ഇനിയുള്ള ഒരു വഴി ഇത് മാത്രമാണ്…ഇതേ സ്ഥാനത്ത് ഒരു പെൺകുട്ടിയായിരുന്നെങ്കിൽ എന്ന് ഓർത്തിട്ട് റെയിൽവേ പൊലീസിന് റീത്ത്‌ വയ്ക്കാൻ തോന്നി…അവളെ കയറി പിടിക്കുകയോ റേപ്പ് ചെയ്യാനോ ശ്രമിച്ചാൽ ഇതുപോലെ പതിനഞ്ചോളം ആളുകൾ കൂടെ ഉണ്ടെങ്കിൽ നിസ്സഹായതയോടെ റെയിൽവേ പോലീസിനെ രാത്രി സമയത്ത് വിളിച്ചാൽ ഇതാണ് അവസ്ഥ…തൽക്കാലം വീഡിയോ സഹിതം ഇവിടെ പോസ്റ്റ് ചെയ്ത് ഞാൻ യാത്ര തുടരുന്നു…

ഈ കുടുംബവും കേരളത്തിലേക്ക് ആണെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി…നാളെ പകൽ പത്തുമണി വരെ നീളും ഈ യാത്ര…ഇവർ എന്റെ നാടായ ആലപ്പുഴയിലേക്ക് ആകണേ എന്നേയുള്ളു ഇപ്പോൾ എന്റെ ഏക പ്രാർത്ഥന…!

%d bloggers like this: