ലണ്ടനിലെ കാള്‍മാര്‍ക്‌സിന്റെ ശവകുടീരത്തിനുനേരെ വീണ്ടും ആക്രമണം

ലണ്ടന്‍: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിനുനേരെ വീണ്ടും ആക്രമണം. ഈ മാസം രണ്ടാം തവണയാണ് ശവകുടീരത്തിനുനേരെ ആക്രമണമുണ്ടാകുന്നത്. സ്മാരകം നശിപ്പിച്ചശേഷം അതിനു മുകളിലായി ചുവന്ന പെയിന്റില്‍ ‘വെറുപ്പിന്റെ സിദ്ധാന്തം, വംശഹത്യയുടെ സൂത്രധാരന്‍’ എന്നിങ്ങനെ എഴുതിവച്ചിട്ടുണ്ടായിരുന്നു. മാര്‍ക്‌സിന്റെയും ഭാര്യ ജെന്നി വോണ്‍ വെസ്റ്റ്ഫാലന്റേയും അവരുടെ മറ്റു ബന്ധുക്കളുടെയും ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.

രണ്ടാഴ്ച മുമ്ബ് ശവകുടീരത്തിനുനേരെ അക്രമം ഉണ്ടായി. മാര്‍ബിള്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിരുന്ന പേരു വിവരങ്ങള്‍ ചുറ്റികകൊണ്ട് നശിപ്പിക്കുകയായിരുന്നു.ശവകുടീരത്തിന് നേരെ പെട്ടെന്നുണ്ടായ അക്രമമല്ലെന്നും കാള്‍ മാര്‍ക്‌സിന്റെ തത്വചിന്തയ്ക്കും പ്രത്യയശാസ്ത്രത്തിനുമെതിരായ ബോധപൂര്‍വ്വമായ അക്രമമാണിതെന്നും സെമിത്തേരി ട്രസ്റ്റ് നടത്തുന്ന ഡംഗവെല്‍ പറഞ്ഞിരുന്നു.

ജര്‍മ്മന്‍ തത്വചിന്തകനും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുമായ കാള്‍ മാര്‍ക്‌സ് 1849 ലാണ് ലണ്ടനിലേക്ക് പാലായനം ചെയ്തത്. പിന്നീട് ജീവിതാവസാനം വരെയുള്ള പ്രവര്‍ത്തനം ലണ്ടനിലായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് 1883 മാര്‍ച്ച്‌ 14 നായിരുന്നു മാര്‍ക്‌സ് മരണമടഞ്ഞത്. ബ്രിട്ടനിലെ ശവകുടീരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. നേരത്തെ 1970 ല്‍ ശവകുടീരത്തിന് നേരെ അക്രമം നടന്നിരുന്നു.