അബുദാബി: ലോകത്ത് വേണ്ടത് ആക്രമണങ്ങള്‍ അല്ല, സമാധാനവും പരസ്പരം സ്‌നേഹമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാവരും ഒരുമിച്ചു നിന്ന് സമാധാനലോകം കെട്ടികെട്ടിപ്പടുക്കണം. എല്ലാവരും ഒരുമിച്ച് നിന്നാല്‍ സമാധാനലോകം സാധ്യമാണ്. ഗള്‍ഫ് മേഖലയിലെ സമാധാനം അറബ് മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും അതിനായി ലോകം ഒരുമിച്ചുനില്‍ക്കണമെന്നും മാര്‍പാപ്പ വിശ്വാസികളോട് പറഞ്ഞു.
എല്ലാവരെയും സമന്മാരായി നോക്കിക്കാണാന്‍ ശീലിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഒന്നാമന്‍ എന്നോ രണ്ടാമനെന്നൊ വേര്‍തിരിവ് പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ സംഘടിപ്പിച്ച കുര്‍ബാനയില്‍ ഒരുലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്.
സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ എന്നിവര്‍ സ്റ്റേഡിയത്തിലെ കുര്‍ബാനയുടെ സഹകാര്‍മികരായി. പലഭാഷകളില്‍ വിശ്വാസികള്‍ പ്രാര്‍ഥന നടത്തി. മലയാളത്തിലും പ്രാര്‍ഥനയുണ്ടായിരുന്നു.