വയനാട് ജില്ലാ കലക്ടർ, കേരളാ ജലഅതോറിട്ടി, കേരളാ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി , കെ.എസ്.ഇ.ബി, ഇവരുടെ ശ്രദ്ധയ്ക്ക്

BREAKING NEWS COVER STORY

വയനാട് ജില്ലാ കലക്ടർ,
കേരളാ ജല അതോറിട്ടി,
കേരളാ മുഖ്യമന്ത്രി,
മനുഷ്യാവകാശ കമ്മീഷൻ,
പട്ടിക വർഗ്ഗ വികസന വകുപ്പ് മന്ത്രി ,
കെ.എസ്.ഇ.ബി,

ഇവരുടെ ശ്രദ്ധയ്ക്ക് …

കഴിഞ്ഞ തിങ്കളാഴ്ച പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് തിരുമംഗലം പണിയ കോളനിയിലെ ഒരു പറ്റം ആദിവാസി സഹോദരിമാർ ഓട്ടോയിൽ തുണിക്കെട്ടുകൾ അടുക്കി വെച്ച് 5 കിലോമീറ്റർ ദൂരെയുള്ള പുതുശ്ശേരിക്കടവ് പുഴയിലേക്ക് പോകുന്നത് കാണുക ഉണ്ടായി… അന്വേഷിച്ചപ്പോൾ തുണി അലക്കാനാണ് എന്ന് വിവരം തന്നു … കിട്ടുന്ന പണിക്കൂലിയിൽ നിന്ന് 140 രൂപ വീതം 3 ട്രിപ്പ് ആണ് ഓട്ടോറിക്ഷയുടെ ഓട്ടം ….

അതു പ്രകാരം അടുത്ത ദിവസം ആ കോളനി സന്ദർശിച്ചപ്പോൾ ഞെട്ടിക്കുന്ന ചില വസ്തുതകളാണ് അറിയാൻ സാധിച്ചത് … അവയെ താഴെ കുറിക്കുന്നു …

1) ബാണാസുര ഡാം നിർമ്മാണത്തോടും മറ്റു ചില പദ്ധതികളോടും അനുബന്ധിച്ച് 27 വർഷം മുമ്പ് അതായത് 1992 ൽ ആണ് ഈ ആദിവാസി സഹോദരങ്ങളെ കുടിയൊഴിപ്പിച്ച് അവർക്ക് ആ കുന്നു പ്രദേശം കോളനിക്കായി അനുവദിച്ചത് .അന്നു തൊട്ട് ഇന്നുവരെ ഗ്രാമപഞ്ചായത്ത് ,സംസ്ഥാനം, കേന്ദ്രം ഇങ്ങനെ 5 തവണ വീതം മൊത്തം പതിനഞ്ചോളം തവണ അവർ വിശ്വസിച്ച് വോട്ടു രേഖപ്പെടുത്തി .പക്ഷേ, നാളിന്നു വരെ അവർക്ക് ശാശ്വതമായ ജല ഉപഭോഗ സംവിധാനം അധികൃതർ ഏർപ്പെടുത്തിയിട്ടില്ല. ഗ്രാമ പഞ്ചായത്ത് മെമ്പറുടെ ആത്മാർത്ഥ പരിശ്രമങ്ങൾക്ക് ഉത്തരവാദപ്പെട്ട അധികൃതരുടെ പിന്തുണ ലഭിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.

2) മുപ്പതോളം കുടുംബങ്ങളാണ് ഈ കോളനിയിൽ ഉള്ളത് .അവയിൽ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഇരുപത്തിയഞ്ചോളം വിദ്യാർത്ഥികളും ഉണ്ട്. അവരുടെ യൂനിഫോം അലക്കാൻ പോലും വെള്ളം ഇവിടെ ലഭ്യമല്ല.

3) ബഹുമാനപ്പെട്ട കേരള വാട്ടർ അതോറിറ്റിയിൽ നിന്ന് നിലവിൽ ഈ ഭാഗത്ത് ജലവിതരണം നടക്കുന്നത് ആഴ്ചയിൽ അഥവാ രണ്ടാഴ്ചയിൽ ഒരു തവണ മാത്രമാണെന്ന് അവർ പറയുന്നു. പകൽ നേരത്ത് പലരും ദൂരങ്ങളിൽ കൂലിപ്പണിക്ക് പോകുന്നതിനാൽ അവർക്ക് വെള്ളം സംഭരിച്ചു വെക്കാനൊന്നും സാധിക്കാറില്ല .

4) ഗ്രാമ പഞ്ചായത്ത് പണിതു കൊടുത്ത ജലസംഭരണ സംവിധാനം കേടായിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അതിനുള്ള റിപ്പയറിങ് ഇതുവരെ നടന്നിട്ടില്ല എന്ന് അവർ പറയുന്നു .

5) ബഹുമാനപ്പെട്ട കൽപ്പറ്റ എം.എൽ.എയുടെ മികവിനാൽ ഇവർക്കായി, മൊത്തം 5 ലക്ഷം രൂപ അടങ്കൽ തുക വകയിരുത്തി അഞ്ച് എച്ച് പി യോളം വർക്കിങ് പവറുള്ള മോട്ടോറും അനുബന്ധ ജല സംഭരണ സാമഗ്രികളും അനുവദിക്കപ്പെട്ടിട്ടുണ്ട് .പക്ഷേ, ഈ മോട്ടോർ വർക്ക് ചെയ്യാൻ ത്രീ ഫെയ്സ് ലൈൻ ആവശ്യമായിട്ടുണ്ട് .കോളനി ഭാഗത്ത് സിംഗിൾ ഫെയ്സ് ലൈനാണ് നിലവിലുള്ളത് .ഇലക്ട്രിക് ലൈൻ ത്രീ ഫെയ്സ് ആയി അപ്ഗ്രേഡ് ചെയ്യുന്നതിന് കോളനിക്ക് തൊട്ടടുത്തുള്ള ജനറൽ ക്യാറ്റഗറിയിലെ ഒരു സ്വകാര്യ വ്യക്തി സമ്മതിക്കുന്നില്ല എന്ന് അറിയുന്നു .ഈ പ്രശ്നം കുരുക്കഴിയുന്നില്ലെങ്കിൽ ശ്രീ: സി.കെ ശശീന്ദ്രൻ നേടിക്കൊടുത്ത ഫണ്ട് ലാപ്സാകാനാണ് സാധ്യത. ഇവരുടെ കുടിവെള്ള പ്രശ്നം പരിഹരിക്കാതെ കിടക്കുകയും ചെയ്യും .ചുറ്റുവട്ടത്തെ അന്വേഷണങ്ങളിൽ അറിഞ്ഞത് ഇത്തരം ചില വ്യക്തികൾ ആദിവാസി സഹോദരങ്ങളുടെ നിയമ നിരക്ഷരതയെ പരമാവധി ചൂഷണം ചെയ്ത് കൊഴുക്കുന്നു എന്ന വസ്തുതയാണ് .

6) നിലവിൽ കിലോമീറ്ററുകളോളം പാത്രങ്ങൾ തലയിലേറ്റി നടന്നാണ് അവർ കുടി വെള്ളം ശേഖരിക്കുന്നത് .നിരന്തരം തലച്ചുമടേറ്റി നടന്നതിനാൽ സുധ എന്ന സഹോദരിക്ക് തലവേദന, നെറ്റിയിൽ നീർക്കെട്ട്, കണ്ണിന് വേദന അസ്വസ്ഥത, ഒക്കെ സംഭവിച്ച് ചികിത്സ തേടിയതായി പറഞ്ഞു .
കോളനി മൂപ്പൻ രോഷത്തോടെ അറിയിച്ചത് ,തിരുമംഗലം കോളനിയിലെ മൂന്നു പതിറ്റാണ്ടായി തുടരുന്ന ഈ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതു വരെ ഇനി അവിടെ നിന്നാരും തന്നെ വോട്ടു ചെയ്യാൻ പോകുന്നില്ല എന്ന് ഊരുകൂട്ടം തീരുമാനം എടുക്കാൻ പോകുന്നു എന്നാണ് .

കൃത്യമായ ഭൂവുടമസ്ഥതയോ പട്ടയമോ അനുവദിക്കാതെ ഈ ആദിമ വയനാടിന്റെ ഉടമകളെ കഷ്ടപ്പെടുത്തുന്ന ഒരു സമീപനമാണ് അധികൃത പക്ഷത്തു നിന്ന് കാണുന്നത് .ചോദിക്കാനും പറയാനും നാഥരില്ലാത്ത, ഒന്നു സംഘടിക്കാൻ പോലും പൊതു സമൂഹത്തിലെ ചിലർ സമ്മതിക്കാത്ത ഈ പാവം ജന്മങ്ങളുടെ അടിസ്ഥാന അവകാശമായ കുടിവെള്ളം എത്രയും പെട്ടെന്ന് അവർക്ക് ശാശ്വത രീതിയിൽ ലഭ്യമാക്കണമെന്ന് ജനാധിപത്യപരമായി ആവശ്യപ്പെടുന്നു ,നന്ദി, ആദരവ്.

വിശ്വസ്തതയോടെ,
ജിത്തു തമ്പുരാൻ
(ഒപ്പ്)

➖➖➖➖➖➖➖➖➖➖➖➖
(പ്രിയപ്പെട്ടവർ ഈ ആർടിക്കിൾ ഷെയർ ചെയ്യണം, ഈ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ… അവർക്ക് നമ്മളൊക്കെത്തന്നെയേ തുണയുള്ളൂ.)

img