CRIME

വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തൽ…

img

തിരുവനന്തപുരം:

ബാലഭാസ്ക്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നാണ് അപകടം നടന്നതിനു പിന്നാലെ അതു വഴി യാത്ര ചെയ്ത കലാഭവൻ സോബി വെളിപ്പെടുത്തിയിരിക്കുന്നത് .

ബാലഭാസ്ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്റർ പ്രകാശ് തമ്പി അടക്കമുള്ളവർ സ്വർണ്ണക്കടത്ത് കേസിൽ പൊലീസ് പിടിയിലായതിനെ തുടർന്നാണ് പുതിയ വെളിപ്പെടുത്തൽ .

അപകടം നടന്നതിനു പിന്നാലെ ഒരാൾ ഓടിപ്പോകുന്നതും , മറ്റൊരാൾ ബൈക്ക് തള്ളിപ്പോകുന്നതും കണ്ടു . ഇരുവരുടെയും പെരുമാറ്റങ്ങൾ സംശയമുളവാക്കുന്നതായിരുന്നു .

പിന്നീട് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ബാലഭാസ്ക്കർ മരണപ്പെട്ട വിവരം അറിഞ്ഞത് . ഉടൻ തന്നെ സുഹൃത്തായ മധു ബാലകൃഷ്ണനെ വിവരങ്ങൾ അറിയിച്ചു . അദേഹം കാര്യങ്ങൾ പ്രകാശ് തമ്പിയോട് പറയുകയും , പ്രകാശ് തമ്പി തന്നെ ഫോണിൽ വിളിക്കുകയും ചെയ്തു .

ആറ്റിങ്ങൽ എസ്.ഐ തന്നെ കാര്യങ്ങൾ അറിയാൻ വിളിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും , പിന്നീട് ഒന്നുമുണ്ടായില്ല .

ബാലഭാസ്ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയെ സ്വർണ്ണക്കടത്ത് കേസിൽ പൊലീസ് പിടികൂടിയിരുന്നു . ഇതിനു പുറമേ ബാലഭാസ്ക്കറിന്റെ സുഹൃത്തായ വിഷ്ണുവിനെയും സ്വർണ്ണക്കടത്ത് കേസിൽ ഡി.ആർ.ഐ തേടുകയാണ് .

വിഷ്ണുവാണ് അർജുനെ ബാലഭാസ്ക്കറിന്റെ ഡ്രൈവറായി നിയമിച്ചത് . അർജുൻ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും എ.ടി.എമ്മിൽ നിന്നും പണം മോഷ്ടിച്ച പ്രതികളെ സഹായിച്ചതിന് ഒറ്റപ്പാലം , ചെറുതുരുത്തി സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ രണ്ട് കേസുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട് .

ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി.കെ.ഉണ്ണി ആവശ്യപ്പെട്ടിരുന്നു . അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി . ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് . മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു . തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് .

2018 സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് ബാലഭാസ്‌ക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവ സ്ഥലത്തും , ബാലഭാസ്ക്കർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയുമാണ് മരിച്ചത് .
സ്വർണ്ണക്കടത്ത് കേസിൽ കഴിഞ്ഞ മാസം 13 നാണ് ആദ്യ അറസ്റ്റുണ്ടായത് . തിരുവനന്തപുരം സ്വദേശികളായ സുനില്‍കുമാര്‍ , സെറീന എന്നിവരെയാണ് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ ആദ്യം അറസ്റ്റ് ചെയ്തു . തൊട്ടുപിന്നാലെയാണ് സ്വര്‍ണക്കടത്ത് സംഘത്തിലെ പ്രധാനിയായ അഡ്വ. ബിജു മോഹന്‍ , ഇയാളുടെ ഭാര്യ , പ്രകാശ് തമ്പി തുടങ്ങിയവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത് .

അതേ സമയം , വിഷ്ണുവും പ്രകാശ് തമ്പിയും ബാലഭാസ്‌ക്കറിന്റെ മാനേജര്‍മാരെല്ലെന്ന് വിശദീകരിച്ച് ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു . ഇരുവരും ഒരു പരിപാടിയുടെ കോര്‍ഡിനേഷന്‍ നിര്‍വഹിച്ചവരാണെന്നുമാണ് ലക്ഷ്മിയുടെ പ്രസ്താവന .

%d bloggers like this: