വാട്ട്സ്ആപ്പ് മുഖേന വോയിസ്, വീഡിയോ കോളുകൾ വിളിക്കുന്നതിന് യു.എ.ഇയിൽ ഏർപ്പെടുത്തിയ വിലക്ക് വൈകാതെ പിൻവലിച്ചേക്കും. വാട്ട്സ്ആപ്പിനൊപ്പം കൂടുതൽ യോജിച്ച പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇ തീരുമാനത്തെ തുടർന്നാണ് നടപടി. വിവിധ തലങ്ങളിൽ വാട്ട്സ്ആപ്പുമായി രാജ്യം അടുത്തിടെ ധാരണയിലെത്തിയിരുന്നു.
യു.എ.ഇയുമായി കൂടിച്ചേർന്ന് വിവിധ പദ്ധതികളാണ് വാട്ട്സ്ആപ് കമ്പനി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി വാട്ട്സ്ആപ്പ് വോയിസ്, ബ്രോഡ്കാസ്റ്റിങ് കോളുകൾക്ക് ഏർപെടുത്തിയ വിലക്ക് നീക്കേണ്ടതുണ്ടെന്ന് നാഷണൽ ഇലക്ട്രോണിക് സെക്യൂരിറ്റി അതോറിറ്റി എക്സിക്യുട്ടീവ് ഡയറക്ടർ മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. താമസിയാതെ വിലക്ക് പിൻവലിക്കുമെന്നാണ് ടെലികമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന സൂചനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ നാട്ടിലേയ്ക്ക് വിളിക്കാന്‍ കൂടുതലായും ഇത്തരം സൗകര്യങ്ങളാണ് ഉപയോഗിച്ചിരുന്നത്. വാട്ട്സ്ആപ് കോൾ വിലക്ക് പിൻവലിക്കുന്നതോടെ ലക്ഷണക്കണക്കിന് പ്രവാസികൾക്ക് അത് വലിയ പ്രയോജനം ചെയ്യും.
സ്കൈപ്പ്, ഫേസ്ടൈം എന്നിവക്ക് ഏർപെടുത്തിയ നിരോധം പിൻവലിക്കുന്നത് സംബന്ധിച്ച് മൈക്രോസോഫ്റ്റ്, ആപ്പ്ൾ കമ്പനികളുമായി യു.എ.ഇ ടെലികോം അതോറിറ്റി നേരത്തെ ചർച്ച നടത്തിയിരുന്നു. എന്നാൽ അന്തിമ തീരുമാനം വൈകുകയാണ്.
