
കൈവശം പണമില്ല എന്ന ഒറ്റ കാരണം കൊണ്ടു മാത്രം ആരും നഗരത്തില്‍ വിശന്ന വയറുമായി അലയരുത് എന്നതാണ് അന്നപൂര്‍ണ്ണം തൊടുപുഴ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയായ സുഭിക്ഷയുമായി ചേര്‍ന്ന് തൊടുപുഴ പോലീസിന്റെ സഹായത്തോടെ തൊടുപുഴ റോട്ടറി ക്ലബ്ബാണ് അന്നപൂര്‍ണ്ണം പദ്ധതി നടപ്പാക്കുന്നത്.
തൊടുപുഴയിലെ പോലീസ് എയ്ഡ് പോസ്റ്റുകളില്‍ നിന്നും രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ട് മണി വരെ ലഭ്യമാകുന്ന കൂപ്പണുകള്‍ വാങ്ങി തൊടുപുഴ സ്വകാര്യ ബസ് സ്റ്റാന്റിലുള്ള മൈമൂണ്‍ ഹോട്ടല്‍, മിനി സിവില്‍ സ്റ്റേഷനു സമീപമുള്ള പ്രതിഭ ഹോട്ടല്‍, മങ്ങാട്ടുകവല മുഗള്‍ ഹോട്ടല്‍ എന്നീ ഹോട്ടലുകളിലേതെങ്കിലുമൊന്നില് കൂപ്പണ്‍ നല്കി സൗജന്യമായി ഊണുകഴിക്കാം.12 മണി മുതല്‍ രണ്ടര മണി വരെയാണ് ഊണ് നല്കുന്ന സമയം .
ആദ്യഘട്ടമായി തൊടുപുഴ നഗരം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പദ്ധതി ജനപങ്കാളിത്തതോടെ ഘട്ടം ഘട്ടമായി ജില്ല മുഴുവന്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ കലക്ടര്‍ എച്ച്.ദിനേശന് അറിയിച്ചു. മെയ് രണ്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഇലക്ഷന് കമ്മീഷന് ജോയിന്റ് കമ്മീഷണര്‍ ജീവന് ബാബു.കെ പദ്ധതി ഉദ്ഘാടനം ചെയ്യും. സിനിമാ താരം ഭാമ ആദ്യ കൂപ്പണ്‍ വിതരണം ചെയ്യും. ഇടുക്കി എസ്.പി. കെ.ബി വേണുഗോപാല്‍ കൂപ്പണ്‍ സ്വീകരണവും കൂപ്പണ്‍ സെന്റര്‍ ഉദ്ഘാടനവും നിര്‍വ്വഹിക്കും.
റോട്ടറി ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ആര്.മാധവ് ചന്ദ്രന് വെബ്സൈറ്റ് പ്രകാശനം ചെയ്യും. ജില്ലാ കലക്ടര്‍ എച്ച്.ദിനേശന് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ തൊടുപുഴ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. റെജി ജോസ്, റോട്ടറി ക്ലബ്ബ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ലിറ്റോ. പി.ജോണ്‍ നഗരസഭാധ്യക്ഷ ജെസി ആന്റണി, എ ഡി എം അനില്‍ ഉമ്മന്‍, ആര് ഡി ഒ എം.പി.വിനോദ് , തഹസീല്‍ദാര്‍ വിനോദ് രാജ്, എ എസ് പി മുഹമ്മദ് ഷാഫി, ഡിവൈഎസ്പി കെ.പി.ജോസ്, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. ഡേവീസ്, റോട്ടറി ഡിസ്ടിക്ട് ഡയറക്ടര്‍ സോണറ്റ് പോള്‍, തൊടുപുഴ റോട്ടറി ക്ലബ്ബ് സെക്രട്ടറി എം.ഡി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ആലോചനയോഗത്തില്‍ ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്, തൊടുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. റെജി ജോസ്, റോട്ടറി ക്ലബ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ലിറ്റോ പി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.