KERALA Thrissur

വീട് ജപ്തി ചെയ്യാൻ അധികൃതർ; മണ്ണെണ്ണയുമായി കുടുംബം; ഒപ്പം നിന്ന് ചെറുത്ത് നാട്.

img

തൃശൂർ:

വഞ്ചനയിൽ അകപ്പെട്ടു കിടപ്പാടം ജപ്തി ഭീഷണിയിലായ കുടുംബത്തിനു സംരക്ഷണം തീർത്ത് നാട്ടുകാരും പൊതുപ്രവർത്തകരും. കോലോത്തുംപാടം കുന്നത്തുവളപ്പിൽ പരേതനായ കൊച്ചുണ്ണിയുടെ കുടുംബത്തിനു വേണ്ടിയാണു കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കൾ‌ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ജപ്തി നടപടികൾക്കായി സിജെഎം കോടതി നിയോഗിച്ച കമ്മിഷൻ പ്രതിഷേധം കനത്തതോടെ മടങ്ങി. കൊച്ചുണ്ണിയുടെ അവിവാഹിതയായ മകളും 3 ആൺമക്കളും കുടുംബവും അടക്കം 16 പേരാണ് തൃശൂർ അക്വാട്ടിക് കോംപ്ലക്സിനു മുൻവശം കോലോത്തുംപാടത്തു താമസിക്കുന്നത്.

2008ൽ വീടിന്റെ ആധാരം പണയം നൽകി കുരിയച്ചിറ സ്വദേശിയിൽ നിന്നു 3 ലക്ഷം രൂപ കൊച്ചുണ്ണി വായ്പ വാങ്ങിയിരുന്നു. പിന്നീട് ആധാരം പണയംവച്ച് സിറ്റി യൂണിയൻ ബാങ്കിൽ നിന്ന് ഇയാൾ 75 ലക്ഷം രൂപ എടുത്തു. അന്നത്തെ ബാങ്ക് മാനേജരുടെ ഒത്താശയിൽ 7 ദിവസത്തിനകം വായ്പ തുക ഇയാൾ കൈപ്പറ്റിയതായി കൊച്ചുണ്ണിയുടെ കുടുംബം ആരോപിക്കുന്നു.

തിരിച്ചടവു മുടങ്ങിയതോടെയാണു നടപടികൾ ആരംഭിച്ചത്. 2013ൽ സിവിൽ കേസ് ആരംഭിച്ചു. ഒന്നരവർഷം മുൻപ് സമാനമായ സാഹചര്യത്തിൽ പ്രതിഷേധത്തെ തുടർന്നു ജപ്തി നടപടികൾ ഉപേക്ഷിച്ചിരുന്നു. നിലവിൽ പലിശയടക്കം വായ്പ തുക 1.35 കോടി രൂപയാണ്.
കോടതി കമ്മിഷനും ബാങ്ക് ഉദ്യോഗസ്ഥരും പൊലീസും അടങ്ങുന്ന സംഘമാണ് ഇന്നലെ വീടും കിടപ്പാടവും ജപ്തി ചെയ്യാനെത്തിയത്. കുടുംബാംഗങ്ങൾ മണ്ണെണ്ണ കയ്യിലേന്തിയാണു ജപ്തി സംഘത്തെ പ്രതിരോധിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂർ, പ്രഭുദാസ്, സുനോജ് തമ്പി, ചേർപ്പ് ബ്ലോക്ക് പഞ്ചായത്തംഗം എ.ബി.അനീഷ്, സിപിഎം നേതാക്കളായ പി.എ.പുരുഷോത്തമൻ, പി.എ.ലെജികുട്ടൻ, ബാബു, ബിജെപി നേതാവും കൗൺസിലറുമായ കെ.മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.