BREAKING NEWS NATIONAL

വീണ്ടും യാത്രകൾ… ആദ്യ സന്ദർശനം മാലിദ്വീപിലും ശ്രീലങ്കയിലും ; നയം വ്യക്തമാക്കി പ്രധാനമന്ത്രി

img

ന്യൂഡൽഹി :

പ്രധാനമന്ത്രിയായതിനു ശേഷം നരേന്ദ്രമോദി ആദ്യം സന്ദർശിക്കുക മാലിദ്വീപും ശ്രീലങ്കയുമെന്ന് റിപ്പോർട്ട് . അയൽക്കാർ ആദ്യം എന്ന നയത്തിന്റെ ഭാഗമായാണ് മാലി ദ്വീപും ശ്രീലങ്കയും സന്ദർശിക്കുന്നത് . മാലിദ്വീപിൽ ഭരണമാറ്റവും ശ്രീലങ്കയിലെ ഭീകരാക്രമണവുമുണ്ടായ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം ശ്രദ്ധേയമാണ് .

ജൂൺ രണ്ടാമത്തെ ആഴ്ച്ചയാണ് സന്ദർശനം . തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല .

പാര്‍ലമെന്റ് അഭിസംബോധന ചെയ്ത് സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കാനുള്ള തീരുമാനം മാലിദ്വീപ് പാര്‍ലമെന്റെ് സ്വീകരിച്ചുവെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി അബ്ദുള്ള ഷാഹിദ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു .

പാര്‍ലമെന്റിലെ 80 അംഗങ്ങളും ചേര്‍ന്ന് ഐകകണ്ഠ്യേനയാണ് തീരുമാനം പാസാക്കിയത് . ചൈനയോട് ആഭിമുഖ്യം പുലർത്തിയിരുന്ന മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീൻ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുമായുള്ള മാലിദ്വീപിന്റെ ബന്ധം സുദൃഢമായത് . ഇബ്രാഹിം മുഹമ്മദ് സ്വാലിഹാണ് പുതിയ പ്രസിഡന്റ്.

ഐ.എസ് ഭീകരരുടെ ഈസ്റ്റർ ആക്രമണത്തിൽ നൂറു കണക്കിനു പേർ കൊല്ലപ്പെട്ട ശ്രീലങ്കയിലേക്ക് പ്രധാനമന്ത്രി മോദി ആദ്യം സന്ദർശനം നടത്തുന്നതും ശ്രദ്ധേയമാണ് . പ്രധാനമന്ത്രിയായ റനിൽ വിക്രമ സിംഗെയ്ക്ക് ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത് .

വിക്രമസിംഗെയെ പുറത്താക്കി ചൈന പക്ഷപാതിയായ മഹീന്ദ്ര രജപക്ഷെയെ പ്രധാനമന്ത്രിയാക്കിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നടപടി ഇന്ത്യയെ ആശങ്കപ്പെടുത്തിയിരുന്നു .

എന്നാൽ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാഞ്ഞ രജപക്ഷെ രാജിവെച്ച് പുറത്തുപോയതോടെ വിക്രമസിംഗെ വീണ്ടും പ്രധാനമന്ത്രിയായി . ഈസ്റ്റർ ആക്രമണത്തെ തുടർന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പ് നൽകിയ കാര്യം പുറത്തു പറഞ്ഞതും വിക്രമസിംഗെയാണ് .

ഈ രാജ്യങ്ങളിൽ ചൈന , പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ ഇടപെടലിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും സന്ദർശനത്തിനു പിന്നിലുണ്ട് . മേഖലയിൽ സമാധാനം നിലനിർത്താൻ ഈ രാജ്യങ്ങളെ ഇന്ത്യയ്ക്കൊപ്പം ഉറപ്പിച്ചു നിർത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യവും .

%d bloggers like this: