
തിരുവനന്തപുരം :വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും വോട്ടു ചെയ്യാമെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു . വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ടു രേഖപ്പെടുത്താന്‍ അവകാശമുള്ളൂ . അതല്ലാതെ , പട്ടികയില്‍ പേരില്ലാത്തവര്‍ ആധാര്‍ കാര്‍ഡോ വോട്ടര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ‘ ചലഞ്ച് വോട്ട്’ ചെയ്യാമെന്ന രീതിയിലുള്ള സന്ദേശങ്ങള്‍ വ്യാജമാണ് .പോളിങ് ബൂത്തില്‍ വെച്ച് പോളിങ് ഏജന്റിന് ഒരു വോട്ടറുടെ ആധികാരികതയില്‍ സംശയമുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ രണ്ടു രൂപ കെട്ടി വെച്ച് ‘ ചലഞ്ച് ‘ ചെയ്യാന്‍ അവസരമുണ്ട് . ഈ സാഹചര്യത്തില്‍ ‘ ചലഞ്ച് ‘ പോളിംങ് ഏജന്റിന് സ്ഥാപിക്കാനാവാതെ വന്നാല്‍ ആ വോട്ടറെ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുന്നതിനെയാണ് ‘ ചലഞ്ച് വോട്ട് ‘ എന്നു പറയുന്നത് . അതേ സമയം , ചലഞ്ച് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ വോട്ട് ചെയ്യാന്‍ എത്തിയ വ്യക്തിയെ വോട്ടിങ്ങില്‍ നിന്ന് വിലക്കാനും പോലീസിന് കൈമാറാനും പ്രിസൈഡിങ് ഓഫീസര്‍ക്ക് അധികാരമുണ്ട് .ഒരു വോട്ടര്‍ വോട്ട് രേഖപ്പെടുത്താന്‍ വരുമ്പോള്‍ തന്റെ വോട്ട് നേരത്തെ ആരെങ്കിലും ചെയ്തായി കണ്ടാല്‍ അയാള്‍ക്ക് ‘ ടെണ്ടര്‍ വോട്ട് ‘ ചെയ്യാന്‍ അവകാശമുണ്ട് .വോട്ടു ചെയ്യാനെത്തിയ വ്യക്തി പ്രിസൈഡിങ് ഓഫീസറുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുകയും ആധികാരികത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കുകയും ചെയ്താലാണ് ടെണ്ടര്‍ വോട്ടിന് അനുമതി നല്‍കുക .14 ശതമാനത്തിലധികം ടെണ്ടര്‍ വോട്ടുകള്‍ ഒരു ബൂത്തില്‍ രേഖപ്പെടുത്തപ്പെട്ടാല്‍ അവിടെ റീപ്പോളിങ് നടത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളും തെറ്റാണ് . വോട്ടിംഗ് സംബന്ധിച്ച് നിയമങ്ങള്‍ പൊതു ജനങ്ങള്‍ കൃത്യമായി മനസിലാക്കണമെന്നും വ്യാജ പ്രചാരണങ്ങളിലും അഭ്യൂഹങ്ങളിലും വഞ്ചിതരാകരുതെന്നും സി.ഇ.ഒ ഓഫീസ് അറിയിച്ചു .