
ന്യൂഡല്‍ഹി :
വോട്ടിംഗ് മെഷീനെക്കുറിച്ചുള്ള പരാതി ഉന്നയിക്കുന്നവര്‍ക്ക് അത് തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ ശിക്ഷ നല്കുന്ന വ്യവസ്ഥയ്ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു . വോട്ട് മാറി പോള്‍ ചെയ്യപ്പെടുന്നെന്ന് ആരോപണം ഉയരുകയും അത് തെളിയിക്കാനായില്ലെങ്കില്‍ കേസെടുക്കുകയും ചെയ്യുന്ന നടപടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു . ഈ സാഹചര്യത്തിലാണ് സുനില്‍ അഹ്യ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ നടപടി .
പരാതി ഉന്നയിച്ച ആള് അത് തെളിയിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പ് ചട്ടം 49 പ്രകാരം കുറ്റകരമാണ് . ഇത്തരത്തില്‍ ചെയ്ത ആള്‍ക്കെതിരെ തെറ്റായ വിവരം നല്‍കിയതിന് ക്രമിനല്‍ നിയമമ 177ാം വകുപ്പ് പ്രകാരം കേസെടുക്കാം . എന്നാല്‍ വോട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പിശകുകള്‍ ചൂണ്ടിക്കാട്ടുന്നതില്‍ നിന്നും ഇത്തരത്തിലുള്ള നിയമം വോട്ടറെ പിന്തിരിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു .
ഇത്തരം പരാതിപ്പെടലുകളും ചോദ്യം ചെയ്യപ്പെടലുകളും തെരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് അനിവാര്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു .
മൂന്നാം ഘട്ട വോട്ടെടുപ്പില്‍ വോട്ട് ചെയ്ത ആളുടെ പേരും ചിഹ്നവുമല്ല വി.വി.പാറ്റ് മെഷീനില്‍ കാണിച്ചതെന്ന ആരോപണം തെളിയിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് പരാതിക്കാരനായ എബിന് എന്ന യുവാവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു . എബിന്റെ പരാതിയെത്തുടര്‍ന്ന് തകരാറുണ്ടെന്ന് പരാതിപ്പെട്ട മെഷീനില്‍ ടെസ്റ്റ് വോട്ട് നടത്തിയിരുന്നു . എന്നാല്‍ യുവാവ് ഉന്നയിച്ച ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ല . ഇതേത്തുടര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത് .
തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ 151ാം ബൂത്തിലായിരുന്നു എബിന് വോട്ട് ചെയ്തത് . എബിന് വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങളല്ല വി.വി.പാറ്റില്‍ വന്നതെന്നായിരുന്നു ആരോപണം . ആരോപണത്തെത്തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ എബിനില്‍ നിന്നും പരാതി എഴുതി വാങ്ങി മെഷീനില്‍ ടെസ്റ്റ് വോട്ട് നടത്താന്‍ തീരുമാനിക്കുകയായിരുന്നു . എന്നാല്‍ , പോളിംഗ് ഏജന്റുമാരുടേയും ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ നടത്തിയ ടെസ്റ്റ് വോട്ടില്‍ മെഷീനില്‍ പാളിച്ചയൊന്നും കണ്ടെത്താനായിരുന്നില്ല , തുടര്‍ന്നായിരുന്നു അറസ്റ്റ് .
സമാനമായി മൂന്നാം ഘട്ട വോട്ടെടുപ്പില്‍ അസമിലെ മുന്‍ ഡി.ജി.പിയും എഴുത്തുകാരനുായ ഹരേ കൃഷ്ണ ദേഖയും ആരോപണം ഉന്നയിച്ചിരുന്നു . എന്നാല്‍ ഇത് തെളിയിക്കാനായില്ലെങ്കില്‍ കേസെടുക്കുമെന്നതിനാല്‍ പരാതി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു .