STORY Uncategorized

ശരശയ്യ…

img

മുഖത്തോട്ട് മൂത്രമൊഴിച്ചിട്ട് ഓടിപ്പോയ ചാവാലിപ്പട്ടിയെ നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് ഭീഷ്മപിതാമഹൻ പുലമ്പി.

“ശരശയ്യ പോലും, ശരശയ്യ. ത്ഫൂ…”

കാർക്കിച്ച് തുപ്പിക്കഴിഞ്ഞിട്ടാണ് മലർന്ന് കിടക്കുവാണല്ലോന്നോർത്തത്. തുപ്പിയത് മൊത്തം ഒരു തുള്ളി പോലും മിസ്സാകാതെ മോന്തയിലോട്ട് തന്നെ വീണു.

പണ്ടാരമടങ്ങാൻ ഇതിന്റൊരു കുറവ് കൂടിയേ ഉണ്ടാരുന്നുള്ളൂ. രാവിലെ മുതല് ഈ പ്രദേശത്തുള്ള സകല കാക്കകളും വന്ന് ദേഹം മൊത്തം കാര്യം സാധിച്ച് പോയിട്ടുണ്ട്. എന്തൊരു ഗതികേടാണെന്ന് നോക്കണേ.

പിതാമഹനാണെന്ന് പോലും ഓർക്കാതെയല്ലേ ആ പന്നറാസ്‌ക്കൽ അറഞ്ചം പുറഞ്ചം അമ്പ് വിട്ട് കളിച്ചത്.

ഈ കിടപ്പ് കിടത്തീത് പോരാഞ്ഞിട്ട്, ഒരുതുള്ളി വെള്ളം വേണമെന്ന് പറഞ്ഞപ്പോ പണ്ടാരക്കാലൻ പിന്നേം എടുത്തു അവന്റെ മറ്റടത്തെ അമ്പ്. ഒരു ഗ്ളാസ്സില് ഇത്തിരി വെള്ളം തരാനുള്ളതിനാണ് ആ വിവരമില്ലാത്തവൻ ഭൂമി തുളച്ച് വെള്ളം പമ്പ് ചെയ്ത് തന്നത്. ഒന്നരയുടെ മോട്ടോർ വെച്ചടിക്കുന്നത് പോലല്ലേ വെള്ളം വന്ന് മുഖത്തോട്ട് വീണത്. ശ്വാസം മുട്ടി ചാകാഞ്ഞത് ഭാഗ്യം.

സ്വച്ഛന്ദമൃത്യു എന്നൊക്കെ പറഞ്ഞ് ജാഡക്ക് ചെന്ന് കേറിക്കൊടുത്തതാ. ചെറുക്കൻ ഇങ്ങനൊരു ചതി ചെയ്യുമെന്ന് കരുതിയില്ല. ഒന്ന് പറഞ്ഞാ രണ്ടാമത്തേന് അമ്പെടുക്കും കാലമാടൻ. ആ പാവം പാഞ്ചാലീടെ കാര്യം എങ്ങനാണോ എന്തോ. വല്യ കഷ്ടമായിരിക്കും.

ചിന്തകൾ പലവഴിക്ക് അങ്ങനെ പോയിക്കൊണ്ടിരുന്നപ്പഴാണ് കാലിന്റെ അടുത്ത് ഒരനക്കം കണ്ടത്. അർജ്ജുനനാണ്. ഭീഷ്മർക്ക് ടെമ്പർ കേറി തല പെരുത്തു.

READ ALSO  രാമകൃഷ്ണൻ എന്ന ഒരു മനുഷ്യൻ

“ചത്തോന്നറിയാൻ വന്നതായിരിക്കും”

“പിതാമഹൻ ഇമോഷണൽ ആകരുത്”

“ആകും…ആകും. നിന്റടുത്തൊക്കെ ഞാൻ മര്യാദക്ക് പറഞ്ഞതാ ആളും തരോം നോക്കാതെ അറിയാൻ മേലാത്ത കളിക്ക് നിക്കരുതെന്ന്. അപ്പൊ അവന്റെയൊക്കെ അമ്മേടെ…”

“പിതാമഹാ…!!!”

“അമ്മേടെ വാക്കുപോലും കേൾക്കാതെ ആ ശകുനീമായിട്ട് ചൂത് ഒണ്ടാക്കാൻ പോയേക്കുന്ന്. അതും സ്വന്തം പെണ്ണുമ്പിള്ളേനെ വരെ പണയം വെച്ചോണ്ട്. എന്നിട്ടിപ്പൊ നീയൊക്കെ ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട് പോയത് എന്റെ പുറം, എന്റെ കയ്യ്, എന്റെ കാല്. ഇത്രേം ഒക്കെ ആയിട്ടും എനിക്ക് ഇമോഷണൽ ആകാൻ അവകാശമില്ലല്ലേടാ പുല്ലേ”

“പിതാമഹൻ ക്ഷമിക്കണം. പറ്റിപ്പോയി”

“ആ, അല്ലേലും ഇനിയിപ്പോ പറഞ്ഞിട്ടെന്നാത്തിനാ. അതുപോട്ട്, എന്തിനാണാവോ ഈ പാതിരാത്രിക്ക് കെട്ടിയെടുത്തത്”

“ഓരോന്നോർത്ത് കിടന്നിട്ട് ഉറക്കം വരുന്നില്ല പിതാമഹാ”

കാക്കകളെ പേടിച്ച് മനസ്സറിഞ്ഞൊന്ന് കോട്ടുവാ ഇടാൻ പോലും പറ്റാതെ കിടക്കുന്ന എന്റടുത്ത് വന്നിട്ടുതന്നെ വേണോടാ മഹാപാപീ, ഉറക്കം വരണില്ലെന്നും പറഞ്ഞ് സെന്റിയടിക്കാൻ. പിതാമഹന് ചൊറിഞ്ഞുകേറി.

“എന്നാ പിന്നെ ഓരോന്ന് ഓർക്കാണ്ട് കിടന്നാപ്പോരെ”

“പിതാമഹൻ ഈ കിടപ്പും കിടന്നോണ്ട് ഇങ്ങനെ ഓഞ്ഞ കൗണ്ടർ അടിക്കരുത്. എനിക്ക് പിതാമഹന്റെ കാല് പിടിച്ച് മാപ്പ് പറയണം. അല്ലാതെ എനിക്കൊരു സ്വസ്ഥത കിട്ടില്ല”

“എന്റെ പൊന്നെടാവേ, ചതിക്കരുത്. നീ ആ കാലിലോട്ടൊന്ന് നോക്കിയേ. ഇന്നുച്ചക്ക് ആ കണ്ണുപൊട്ടനും പെണ്ണുമ്പിള്ളേം കൂടി ഇതുപോലൊന്ന് സുഖവിവരം അന്വേഷിക്കാൻ വന്നതിന് കിട്ടിയതാ”

READ ALSO  രാമകൃഷ്ണൻ എന്ന ഒരു മനുഷ്യൻ

“ആര്, ധൃതരാഷ്ട്ര വല്യച്ഛനോ?”

“ഓ, ആ മൊതല് തന്നെ. ഈ കിടപ്പും കിടന്നോണ്ട് അങ്ങേരുടെ പേര് പറയാൻ ഒക്കാഞ്ഞിട്ടാ. എന്നിട്ടുവേണം ബാക്കിയുള്ള പല്ലും കൂടെ തെറിച്ച്പോയി റിട്ടേൺ വന്ന് തൊണ്ടേല് കേറാൻ”

“എന്നിട്ടിപ്പോ അവര് വന്നിട്ടെന്നാ പറ്റിയെന്നാ?”

“ഇനിയെന്തോ പറ്റാൻ. രണ്ടും കൂടെ തപ്പിത്തടഞ്ഞ് വന്ന് കെട്ടിമറിഞ്ഞ് വീണത് നേരെ കാലിലോട്ടായിരുന്നു. പന്ത്രണ്ട് അമ്പാണ് തൊളഞ്ഞ് കേറി ഇപ്പറത്ത് വന്നത്. ഇനി നീ കൂടെ കേറിപിടിക്കാത്തേന്റെ കുറവേയുള്ളൂ”

അപ്പോ കാലുപിടിത്തം നടക്കില്ലെന്നുറപ്പായി. പിതാമഹന്റെ കാലേപ്പിടിച്ച് മാപ്പ് പറഞ്ഞിട്ട് വന്നാ മതീന്നും പറഞ്ഞ് ധർമ്മേട്ടൻ വീട്ടീന്ന് പുറത്താക്കി വാതിലടച്ചതാണ്.

കള്ളബഡുവ. പിതാമഹനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, ഇത് സൂക്കേട് വേറെയാണ്. എനിക്കൊന്നും മനസ്സിലായിട്ടില്ലെന്നാണ് അങ്ങേരുടെ വിചാരം. ആഹ്, എന്തേലുമാവട്ട്.

പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതോണ്ട് അർജ്ജുനൻ ചുമ്മാ ഒരു ഫോർമാലിറ്റിക്ക് ചോദിച്ചു.

“പിതാമഹന് കുടിക്കാൻ വെള്ളം വല്ലതും…”

എന്റെ പൊന്നോ വേണ്ട. അമ്പെടുത്ത് കീച്ചി പിന്നേം മോന്തയിലോട്ട് വെള്ളം പമ്പ് ചെയ്യാനുള്ള പരിപാടിയുമായിട്ട് വന്നേക്കുവാണ് സാമദ്രോഹി.

ദേഷ്യം കടിച്ചമർത്തിക്കൊണ്ട് ഭീഷ്മർ ഇപ്രകാരം പറഞ്ഞു.

“പുത്രാ,
ആകാശോ ദർശിതേ ഉദ്ധാനം
ജലപാനേ മൂത്രശങ്കേ കവ
തവ പിതാ കരിഷ്യാമി”

READ ALSO  രാമകൃഷ്ണൻ എന്ന ഒരു മനുഷ്യൻ

“എന്ന് വെച്ചാൽ…”

“എടാ മരംകൊത്തിമോറാ, നിനക്കിങ്ങനെ തോന്നുമ്പോ തോന്നുമ്പോ വെള്ളം അടിച്ചുകേറ്റി തന്നിട്ടങ്ങ് പോയാമതി. ഇത് മൊത്തം ഇങ്ങനെ മാനം നോക്കി മലർന്ന് കിടന്നോണ്ട് മൂത്രമൊഴിച്ച് കളയാൻ നിന്റെ അച്ഛൻ വരുവോന്ന്”

“ക്ഷമിക്കണം പിതാമഹൻ. ഞാൻ അത്രക്കങ്ങോട്ട് ചിന്തിച്ചില്ല. എങ്കി ഞാൻ പോയി അങ്ങേക്ക് കഴിക്കാൻ കുറച്ച് അവലോസുണ്ട എടുത്തോണ്ട് വരട്ടെ…”

പറ്റിയ ശ്ലോകമൊന്നും കിട്ടാത്തതുകൊണ്ട് പിതാമഹൻ ദയനീയമായി അർജ്ജുനനെ നോക്കി.

കാര്യം മനസ്സിലായ അർജ്ജുനൻ, ഇനി നിന്നിട്ടും വല്യ കാര്യമില്ലെന്നുറപ്പായപ്പോ പതിയെ സീൻ വിട്ടു.

“ന്നാപ്പിന്നെ ഞാനങ്ങോട്ട്…”

“ഓ, ആയിക്കോട്ട്. ആ പിന്നേയ്, നീയാ ആനകളുടെ ഡ്രൈവർമാരോട് ഒന്ന് പറഞ്ഞേക്കണം, താഴെ ഇങ്ങനൊരു സെറ്റപ്പ് കിടപ്പുണ്ടെന്ന്. അവന്മാര് മോളിലിരുന്ന് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി ഒന്നുരണ്ടെണ്ണം ഇന്ന് നേരെ അണ്ണാക്കിലോട്ടാ കേറിപ്പോയത്”

“ആജ്ഞ പോലെ പിതാമഹൻ”

അർജ്ജുനൻ വിടകൊണ്ടു.

അനന്തരം, ആകാശത്ത് പറക്കുന്ന മൂങ്ങകളെ ആശങ്കയോടെ നോക്കിക്കൊണ്ട് ഭീഷ്മപിതാമഹൻ കിടന്നു..

%d bloggers like this: