
കൊച്ചി :അമൃത ഹോസ്പിറ്റൽ..
മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില ഗുരുതരമെന്ന് ഡോക്ടർമാർ . 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷമേ കുട്ടിയുടെ ശസ്ത്രക്രിയ സംബന്ധിച്ച തീരുമാനം എടുക്കാനാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു .
ഒരു നാട് കൈക്കുമ്പിളിൽ എടുത്ത കുഞ്ഞു ഹൃദയത്തെ കാത്തു പരിപാലിക്കുകയാണ് ആശുപത്രി അധികൃതരും . 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഇപ്പോള്‍ എറണാകുളം അമൃത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
സങ്കീർണമായ ഹൃദ്രോഗമാണ് കുട്ടിക്കുള്ളത് . ഹൃദയ വാൽവിന്റെ ഗുരുതര തകരാറാണ് പ്രധാന പ്രശ്നം .
24 മണിക്കൂർ നിരീക്ഷണത്തിലൂടെ കുട്ടിയെ ശസ്ത്രക്രിയക്ക് സജ്ജമാക്കണം .
ശസ്ത്രക്രിയക്ക് മുമ്പ് വൃക്ക , കരള്‍ , തലച്ചോറ് എന്നിവയുടെ പ്രവർത്തനം വിലയിരുത്തണം . അതിനായി മരുന്നുകള്‍ നൽകും . ഒപ്പം അണു ബാധയില്ലെന്ന് ഉറപ്പും വരുത്തണം .ഇവയെല്ലാം കൃത്യമായി പരിശോധിച്ച് കുഞ്ഞ് ശരീരം സാധാരണ നിലയിൽ ആക്കിയതിന് ശേഷം മാത്രം ആകും ശസ്ത്രക്രിയയിൽ തീരുമാനം എടുക്കുക . 24 മണിക്കൂറിന് ശേഷം അനുകൂലമായ തീരുമാനം പങ്ക് വയ്ക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ഡോക്ടർമാർ .
കേരളം കൈകോർത്ത ദൗത്യത്തിന് പൂർണ പിന്തുണയേകി ആരോഗ്യമന്ത്രി തന്നെ പ്രശ്നത്തിൽ ഇടപെട്ടതാണ് കുഞ്ഞിന്റെ ചികിത്സയ്ക്ക് വഴിത്തിരിവായത് . സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൻ കീഴിലാണ് കുട്ടിയുടെ ചികിത്സ നടക്കുക.