ആരോഗ്യം.

ശൈലജ ടീച്ചറോട് തീർത്താൽ തീരാത്ത കടപ്പാടോടെ ഒരമ്മ…

img

കൊച്ചി:

‘എന്ത‌് പറയണമെന്ന‌് എനിക്കറിയില്ല… ആരോഗ്യമന്ത്രി ശൈലജ ടീച്ചറോട് തീർത്താൽ തീരാത്ത നന്ദിയുണ്ട്. എന്റെ കുഞ്ഞിനെ രക്ഷിച്ചത് ടീച്ചറാണ്… ടീച്ചറാണ്… എനിക്ക‌്…’ മന്ത്രി കെ കെ ശൈലജയുടെ ഇടപെടലിനെത്തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ വിദഗ്ധചികിത്സ ലഭിച്ച കുഞ്ഞിന്റെ അമ്മ ജംഷീലയുടെ വാക്കുകൾ മുറിഞ്ഞു. കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജംഷീല.

മലപ്പുറം എടക്കര സ്വദേശികളായ ജംഷീല-–-ഷാജഹാൻ ദമ്പതികളുടെ കുഞ്ഞ‌് എട്ടിന് രാവിലെ 9.23നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിയലാണ‌് ജനിച്ചത്. അരമണിക്കൂറായപ്പോൾ കാലിന്റെ നിറംമാറി. പരിശോധനയിൽ ഹൃദയത്തിൽ ദ്വാരമുണ്ടെന്നും ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന വാൽവും രക്തക്കുഴലും ഇല്ലെന്നും കണ്ടെത്തി. തുടർന്നാണ് ജംഷീലയുടെ സഹോദരന്മാരായ ജംഷീദും ജിയാസും ചേർന്ന് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ സഹായം അഭ്യർഥിച്ചത‌്.

മന്ത്രി ഉടൻ തന്നെ ഉന്നതോദ്യോഗസ്ഥരോട് വിവരം അന്വേഷിക്കാൻ നിർദേശിച്ചു. തുടർന്ന് മന്ത്രി ജംഷീദിനെ ഫോണിൽ വിളിച്ച് ലിസി ആശുപത്രിയിൽ ചികിത്സാസൗകര്യമുണ്ടെന്നും കുട്ടിയുടെ ചികിത്സ ‘ഹൃദ്യം’ പദ്ധതിയിൽ സൗജന്യമായി നടത്താമെന്നും അറിയിച്ചു. ഒമ്പതിന് പുലർച്ചെ ‘ഹൃദ്യം’ പദ്ധതിയുടെ ആംബുലൻസിൽ രണ്ടുമണിക്കൂറിനുള്ളിൽ പെരിന്തൽമണ്ണയിൽനിന്ന് കുഞ്ഞിനെ ലിസി ആശുപത്രിയിൽ എത്തിച്ചു. വൈകിട്ടോടെ അടിയന്തരചികിത്സയ്ക്ക് വിധേയമാക്കി. ഹൃദയത്തിൽനിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴൽ സ്റ്റെന്റ് മുഖേന വികസിപ്പിച്ചു. ഇതോടെ ആദ്യഘട്ടത്തിലെ ശസ്ത്രക്രിയ ഒഴിവായി.

രക്തത്തിലെ ഓക്‌സിജന്റെ അളവും കുട്ടിയുടെ വളർച്ചയും പരിഗണിച്ചായിരിക്കും ഇനിയുള്ള ശസ്ത്രക്രിയ നടത്തുകയെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ പറഞ്ഞു. ഹൃദയത്തിലെ ദ്വാരമടക്കാനുള്ള ശസ്ത്രക്രിയയും കൃത്രിമ ഹൃദയവാൽവ് ഘടിപ്പിക്കാനുള്ള ശസ്ത്രക്രിയയുമാണ് നടത്താനുള്ളത്.

ആറുമാസത്തിനുശേഷം രണ്ടാംഘട്ട ശസ്ത്രക്രിയ നടത്തും. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടാണ് കുഞ്ഞിനെ ആശുപത്രിയിൽനിന്ന് യാത്രയാക്കിയത്. ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തുപറമ്പിൽ, അസി. ഡയറക്ടർ ഫാ. ജെറി ഞാളിയത്ത്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. എഡ്വിൻ ഫ്രാൻസിസ്, ഡോ. തോമസ് മാത്യു, ഡോ. വി ബിജേഷ്, ഡോ. ജെസൻ ഹെൻറി, ഡോ. റോണി മാത്യു കടവിൽ, ഡോ. ജേക്കബ് എബ്രഹാം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Read more: https://www.deshabhimani.com/news/kerala/news-kerala-17-05-2019/799828

%d bloggers like this: