CINEMA KERALA

ഷാജി എൻ കരുണിന്റെ പുതിയ സിനിമ ‘ഓള‌്’ തിയറ്ററുകളിലെത്തി.

img

കാഞ്ഞങ്ങാട‌്
ജില്ലയിലെ കായലും കരയും ദൃശ്യവൽക്കരിക്കുന്ന ഷാജി എൻ കരുണിന്റെ പുതിയ സിനിമ ‘ഓള‌്’ തിയറ്ററുകളിലെത്തി. പേരുകൊണ്ടുതന്നെ ജില്ലയുടെ ഗ്രാമ്യഭാഷ തിരിച്ചറിയുന്ന സിനിമ നിരവധി അമച്വർ കലാകാരന്മാർക്ക‌് അവസരം നൽകിയിട്ടുണ്ട‌്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ടി ഡി രാമകൃഷ്ണന്റെ തിരക്കഥയിലാണ‌് സംഘം പ്രസിഡന്റ് കൂടിയായ ഷാജി എൻ കരുൺ സിനിമ സംവിധാനം ചെയ‌്ത‌ത‌്.

ഇതിന്റെ ക്യാമറക്ക് എം ജി രാധാകൃഷ്ണന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. കേരളത്തിലെ എല്ലാ കേന്ദ്രങ്ങളിലും പ്രദർശനത്തിനെത്തിയ ഓള‌് നീലേശ്വരം കോട്ടപ്പുറം മുതൽ പയ്യന്നൂർ കൊറ്റി വരെയുള്ള കവ്വായി കായലിന്റെ ദൃശ്യവിസ്മയം മികവോടെ ആവിഷ്കരിച്ചിരിക്കുന്നു.

വിശ്വാസങ്ങൾ കുടിയിരിക്കുന്ന തുരുത്തിൽനിന്ന‌് ജീവിതത്തിനു നിറം പകരാൻ മോഹിക്കുന്ന ചിത്രകാരനാണ്‌ വാസു. ഒരിക്കൽ, ഓളാണ് ഓന്റെ ജീവിതചിത്രങ്ങൾക്കു നിറം പകരുന്നത്. പിന്നെയങ്ങോട്ട് ഓന്റെ ചിത്രങ്ങളുടെ ജീവൻതന്നെ മായ എന്ന ഓളായി മാറുന്നു.

വിഭ്രമാത്മകതയുടെ തുരുത്തുകളിൽനിന്ന‌് വിജയമെന്നു തോന്നിപ്പിക്കുന്ന, മോഹിപ്പിക്കുന്ന ജീവിതാവസ്ഥകളിലേക്ക് അവൻ ഓളിലൂടെ വളരുന്നു. ഓളിലൂടെ അവൻ അവനിലെ കലാകാരനു പൂർണത തേടുന്നു. അവൾ പകരം പ്രതീക്ഷിക്കുന്ന പരിശുദ്ധ പ്രണയം, മഹാനഗരത്തിന്റെ ഉന്മാദമുനമ്പുകളിൽ അവൻ കൈമോശം വരുത്തുകയാണ്.

ഒടുവിൽ ഓളും, ഓള് സമ്മാനിച്ച ജീവസുറ്റ ചിത്രങ്ങളും അന്യംനിന്നു പോകുന്നു. അവന്റെ സൃഷ്ടികൾ ജീവനറ്റു പോകുന്നു. ജീവിതവും ഫാന്റസിയും നാടും നഗരവുമൊക്കെ ഒത്തുചേരുന്ന ഓള് എന്ന സിനിമ വ്യത്യസ്തമാകുന്നതിവിടെയാണ്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ നായർ, തുരുത്തി രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി രവീന്ദ്രൻ കൊടക്കാട‌് എന്നിവർക്ക് പുറമെ അമച്വർ രംഗത്തെ ഒട്ടേറെ കലാകാരന്മാർ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഒട്ടേറെ വിദേശ മേളകളിൽ പ്രദർശിപ്പിച്ച ശേഷമാണ് സിനിമ കേരളത്തിൽ പ്രദർശനത്തിനെത്തിയത്.