CRICKET

ഷാഹിദ് അഫ്രീദി ഇന്ത്യയിൽ വന്ന് മനോരോഗ പരിശോധനക്ക് വിധേയനാകണം ’ ; ഗൗതം ഗംഭീർ..

img

ന്യൂഡൽഹി :

ഷഹീദ് അഫ്രീദി ഒരു വികാര ജീവിയാണെന്നും അയാൾ ഇന്ത്യയിൽ വന്ന് മനോരോഗ പരിശോധനക്ക് വിധേയനാകണമെന്നും മുൻ ഇന്ത്യൻ താരവും ബി.ജെ.പി നേതാവുമായ ഗൗതം ഗംഭീർ .

‘ ഗെയിം ചെയിഞ്ചർ ’ എന്ന തന്റെ ആത്മകഥയിൽ ഗംഭീർ അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ അഫ്രീദി കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു . ഇതിന് മറുപടിയായാണ് ഗൗതം ഗംഭീർ ഇത്തരത്തിൽ പ്രതികരിച്ചത് . ഗൗതം ഗംഭീർ പ്രതിഭയും വ്യക്തിത്വവും മാന്യതയുമില്ലാത്ത വ്യക്തിയാണെന്നായിരുന്നു അഫ്രീദിയുടെ വിമർശനം .

‘ഷാഹിദ് അഫ്രീദി അതിവൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയാണ് . മെഡിക്കൽ ടൂറിസത്തിന്റെ ഭാഗമായി ഞങ്ങൾ ഇപ്പോഴും പാകിസ്ഥാനികൾക്ക് വിസ അനുവദിക്കാറുണ്ട് . ആ സൗകര്യം പ്രയോജനപ്പെടുത്താൻ സമ്മതമാണെങ്കിൽ ഞാൻ തന്നെ അഫ്രീദിയെ മനോരോഗ വിദഗ്ദ്ധന്റെ അടുത്ത് കൊണ്ട് പോകാം . ’ അഫ്രീദിയുടെ അധിക്ഷേപത്തോട് ഗംഭീർ ഇപ്രകാരം പ്രതികരിച്ചു .

ഫീൽഡിനകത്തും പുറത്തും ഗംഭീറും അഫ്രീദിയും അത്ര ഊഷ്മളമായ ബന്ധത്തിലായിരുന്നില്ല . 2007ൽ കാൺപുരിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ഏകദിന മത്സരത്തിനിടെ ഇരുവരും തമ്മിൽ ഗ്രൗണ്ടിൽ പരസ്യമായ വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു . അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അന്ന് ഇരുവർക്കുമെതിരെ ഐ.സി.സി നടപടി സ്വീകരിച്ചിരുന്നു .

കശ്മീരിന് മേൽ ഇന്ത്യക്കും പാകിസ്ഥാനും അവകാശമില്ലെന്നും സ്വയംഭരണമാണ് കശ്മീരികൾക്ക് വേണ്ടതെന്നുമുള്ള അഫ്രീദിയുടെ പരാമർശം വൻ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു .

കഴിഞ്ഞ മാർച്ച് മാസം 22ന് കേന്ദ്ര മന്ത്രിമാരായ അരുൺ ജെയ്റ്റ്ലിയുടെയും രവിശങ്കർ പ്രസാദിന്റെയും സാന്നിദ്ധ്യത്തിൽ ഗൗതം ഗംഭീർ ബി.ജെ.പിയിൽ ചേർന്നിരുന്നു . ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ ഭാരതീയ ജനതാ പാർട്ടി സ്ഥാനാർത്ഥിയാണ് നിലവിൽ ഗംഭീർ .

%d bloggers like this: