GENERAL Janapaksham POLITICS

സംസ്ഥാനത്ത് പോളിംഗ് റെക്കോഡിലേക്ക്; കണക്കുകൂട്ടലുകളുമായി മുന്നണികൾ..

img

തിരുവനന്തപുരം: ഒന്നര മാസം നീണ്ട നാടിളക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവിൽ കേരളം വിധിയെഴുതി. വാശിയേറിയ പ്രചാരണത്തിന്‍റെ ആവേശം വോട്ടിംഗിൽ പ്രതിഫലിച്ചു. മഴയും വോട്ടിംഗ് മെഷീനെക്കുറിച്ച് ഉയർന്ന പരാതികളും വോട്ടിംഗ് മെഷീൻ തകരാറുമൊന്നും പോളിംഗിനെ ബാധിച്ചില്ല. മണിക്കൂറുകൾ കാത്തുനിന്ന് വോട്ടർമാർ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായി. വോട്ടിംഗിന്‍റെ അവസാന മണിക്കൂറുകളിലും മിക്ക ജില്ലകളിലും നൂറുകണക്കിന് ബൂത്തുകളിൽ വോട്ടർമാർ കൂട്ടം കൂട്ടമായി വോട്ട് ചെയ്യാനെത്തി. പൊതുവേ സമാധാനപരമായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്.

നിശ്ചിത വോട്ടിംഗ് സമയം കഴിഞ്ഞതിന് ശേഷവും സംസ്ഥാനമെങ്ങും ബൂത്തുകൾക്ക് മുമ്പിൽ വോട്ട് ചെയ്യാനെത്തിയവരുടെ നീണ്ട നിര കാണാമായിരുന്നു. പലയിടത്തും നൂറിലേറെപ്പേർ ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വോട്ടിംഗ് ശതമാനം 74.02 ആയിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 77 ശതമാനം ആയി. ഔദ്യോഗിക കണക്കുകൾ പുറത്തുവരുമ്പോൾ ഇതിന് മുകളിലേക്കും പോളിംഗ് ശതമാനം ഉയരുമെന്ന് കണക്കുകൂട്ടാം. ഒരുപക്ഷേ എൺപത് ശതമാനത്തിന് അടുത്തേക്ക് പോളിംഗ് എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല.

പൊന്നാനിയും മലപ്പുറവും ഒഴികെയുള്ള ജില്ലകളിൽ ആദ്യ ഏഴ് മണിക്കൂറിൽ തന്നെ 47 ശതമാനത്തിലേറെപ്പേർ വോട്ട് രേഖപ്പെടുത്തി. എട്ട് മണിക്കൂർ പിന്നിട്ടപ്പോൾ വോട്ടിംഗ് ശതമാനം 50 പിന്നിട്ടു. എന്നാൽ ആദ്യ മണിക്കൂറുകളിൽ സംസ്ഥാനവ്യാപകമായി വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കിയത് കല്ലു കടിയായി. ഇതോടെ പല പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ വോട്ട് ചെയ്യാനെത്തിയവരുടെ നിരയ്ക്ക് നീളം കൂടി.

ഉയർന്ന പോളിംഗ് ശതമാനം ഫലത്തെ കാര്യമായി സ്വാധീനിക്കുമെന്ന് ഉറപ്പാണ്. ഉയർന്ന പോളിംഗ് ശതമാനം ഗുണമാകുമെന്ന് മൂന്ന് മുന്നണികളും കണക്കുകൂട്ടുന്നു. ബിജെപി കേരളത്തിൽ ഒരിടത്തും രണ്ടാമത് പോലും എത്തില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. കേരളത്തിൽ താമര വിരിയുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ള പറയുന്നു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ജനങ്ങൾ വോട്ട് ചെയ്തുവെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം കനത്ത പോളിംഗ് നടന്നത് പ്രവചനങ്ങളെ അപ്രസക്തമാക്കുന്നുണ്ട്.

പോരാട്ടം തീപാറിയ മണ്ഡലങ്ങളിൽ ശക്തമായ പോളിംഗ്

അതിശക്തമായ മത്സരം കണ്ട മൂന്ന് മണ്ഡലങ്ങളിലും ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയത്.

വയനാട്

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ദേശീയ ശ്രദ്ധയിലേക്ക് ഉയർന്ന വയനാട്ടിൽ ഇത്തവണ കണ്ടത് റെക്കോ‍ഡ് പോളിംഗാണ്. വൈകിട്ട് മൂന്നരയോടെ കൽപ്പറ്റയിലും ബത്തേരിയിലും ശക്തമായ മഴ പെയ്തെങ്കിലും പോളിംഗ് ബൂത്തുകളിലേക്കുള്ള വോട്ടർമാരുടെ ഒഴുക്ക് നിലച്ചില്ല. മൂന്ന് ജില്ലകളിലായി പരന്നുകിടക്കുന്ന മണ്ഡലത്തിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങളിലാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയത്. എന്നാൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച മലബാറിലെ മണ്ഡലങ്ങളിൽ പോളിംഗ് കുറഞ്ഞത് യുഡിഎഫ് ക്യാമ്പിനെ അങ്കലാപ്പിൽ ആക്കിയിട്ടുണ്ട്.

ഇതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി രംഗത്തെത്തി. വയനാട്ടില്‍ വോട്ടെടുപ്പ് നടക്കുന്നതിനിടെ രാഹുല്‍ ട്വീറ്റ് ചെയ്തെന്നായിരുന്നു തുഷാറിന്‍റെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സമയം നേരത്തെ അവസാനിച്ചതാണെന്നും തുഷാര്‍.

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വിജയിക്കുമെന്ന് എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുഷാറിനെ സാക്ഷിയാക്കി പ്രതികരിച്ചത് കൗതുകമായി. മകനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ തുഷാറിനൊപ്പം വോട്ട് ചെയ്ത് ഇറങ്ങിയ ശേഷം തുഷാറിനെ ഒപ്പം നിർത്തിയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

പത്തനംതിട്ട

കഴിഞ്ഞ തവണ സംസ്ഥാനത്ത് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയ പത്തനംതിട്ടയിൽ ത്രികോണ പോരാട്ടത്തിന്‍റെ ആവേശം വോട്ടെടുപ്പിലും പ്രതിഫലിച്ചു. കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനമായ 65.67 നാല് മണിയോടെ തന്നെ പത്തനംതിട്ട മറികടന്നു. വോട്ടിംഗ് ശതമാനത്തിലെ ഉയർച്ച എല്ലാവരും സ്വന്തം പക്ഷത്തെ തുണയ്ക്കും എന്ന് കണക്കുകൂട്ടുന്നു. ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമായ പത്തനംതിട്ടയിൽ നടന്ന അടിയൊഴുക്കുകൾ കാത്തിരുന്നുതന്നെ കാണണം.
പുരം

തരൂരും ദിവാകരനും കുമ്മനവും കൊമ്പുകോർക്കുന്ന തിരുവനന്തപുരത്ത് നാടിളക്കിയുള്ള പ്രചാരണം റെക്കോഡ് പോളിംഗായി പ്രതിഫലിച്ചു. വോട്ടിംഗ് യന്ത്രത്തെക്കുറിച്ചുള്ള പരാതികൾ ആദ്യ മണിക്കൂറുകളിൽ ഉദ്വേഗവും വിവാദവും ഉയർത്തിയ തിരുവനന്തപുരത്ത് നാല് മണിയോടെ കഴിഞ്ഞ തവണത്തെ കണക്കായ 68 ശതമാനം അപ്രസക്തമായി. തീരദേശ മേഖലയിലും കനത്ത പോളിംഗാണ് കണ്ടത്. തീരദേശ മേഖല ഇത്തവണ ആരെ തുണച്ചുവെന്നത് വിധിയെഴുത്തിൽ നിർണ്ണായകമാകും.

തീ പാറിയ മറ്റ് മണ്ഡലങ്ങൾ

മൂന്ന് മുന്നണികളുടേയും പ്രചാരണം തീ പാറിയ പാലക്കാട്ടും തൃശ്ശൂരും വോട്ടിംഗ് ശതമാനം ഉയർന്നുതന്നെ നിന്നു. കഴിഞ്ഞ തവണ എൺപത് ശതമാനം പിന്നിട്ട കണ്ണൂർ വടകര മണ്ഡലങ്ങളിൽ ഇത്തവണയും പോളിംഗ് സമയം മുഴുവൻ വോട്ടർമാർ കൂട്ടമായി വോട്ട് ചെയ്യാനെത്തി. മധ്യകേരളത്തിൽ ചാലക്കുടിയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്. പതിവിന് വിപരീതമായി നഗര മേഖലകളിലും വലിയ ആവേശം പ്രകടമായപ്പോൾ എറണാകുളത്തും പോളിംഗ് ശതമാനം എഴുപത് കടന്നു. പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്‍റെ പേരും ചിഹ്നവും കറുത്ത സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചെന്ന് ബിജെപി ആക്ഷേപം ഉന്നയിച്ചു.

വിവാദമായി വോട്ടിംഗ് യന്ത്രങ്ങളും ക്രമക്കേടും

ആലപ്പുഴ ചേ‍ർത്തലയിൽ കിഴക്കേനാൽപതിലുള്ള ബുത്തിലാണ് ആദ്യം പരാതി ഉയർന്നത്. പോളിംഗ് തുടങ്ങുന്നതിന് മുൻപ് മോക്ക് പോൾ നടത്തിയപ്പോഴാണ് എല്ലാ വോട്ടും താമരയ്ക്ക് വീഴുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതോടെ വോട്ടിംഗ് യന്ത്രം മാറ്റി പോളിംഗ് തുടങ്ങി.

തിരുവനന്തപുരത്ത് ചൊവ്വരയിലുള്ള 151-ാം നമ്പർ ബൂത്തിൽ എട്ടരയോടെയാണ് സമാനമാമായ പരാതി ഉയർന്നത്. തന്‍റെ ഭാര്യ കൈപ്പത്തിക്ക് വോട്ടുചെയ്തിട്ടും അത് താമരചിഹ്നത്തിൽ വീണെന്നാണ് ഹരിദാസ് എന്നയാൾ ആരോപിച്ചത്. 76-ാം വോട്ടറായിരുന്നു ഇവർ. വോട്ടിംഗ് സംബന്ധിച്ച പരാതി ഉയർന്നാൽ ടെസ്റ്റ് വോട്ട് ചെയ്ത് പരാതി പരിശോധിക്കാൻ സംവിധാനമുണ്ട്. എന്നാൽ തെറ്റെന്ന് തെളിഞ്ഞാൽ പൊലീസ് കേസാവുമെന്നതിനാൽ ഹരിദാസ് പരാതിയിൽ ഉറച്ചുനിന്നില്ല.

എന്നാൽ പ്രശ്നം യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ ഏറ്റെടുത്തു. ശശി തരൂരും സി ദിവാകരനും സ്ഥലത്ത് എത്തി. മെഷീനിന്‍റെ സ്വിച്ച് പ്രവർത്തിപ്പിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നത് മാത്രമാണ് പ്രശ്നമെന്ന് ഇലക്ഷൻ ഓഫീസർ വിശദീകരിച്ചു.

വോട്ടിംഗ് യന്ത്രത്തിന് തകരാറില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകിയും പറയുന്നത്. ബട്ടൺ അമരാത്തതായിരുന്നു പ്രശ്നമെന്ന് കളക്ടർ പറയുന്നു.

കാലാവസ്ഥയാകാം വില്ലനെന്നും സംഭവം അന്വേഷിക്കുമെന്നും, ഇത് നേരത്തേ വ്യക്തമാക്കിയതാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും വ്യക്തമാക്കി.

സംഭവം അന്വേഷിക്കണമെന്ന് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടാകാമെന്നും എന്നാൽ എല്ലാ വോട്ടും താമരയ്ക്ക് വീഴുന്ന തരത്തിൽ മാത്രം യന്ത്രം കേടാവുന്നതെങ്ങനെയാണെന്നുമായിരുന്നു ശശി തരൂരിന്‍റെ ചോദ്യം.

മോക് പോളിംഗ് മുതൽ പാകപ്പിഴകൾ

കോഴിക്കോട്ടാണ് മോക് പോളിംഗിൽ ആദ്യം പാകപ്പിഴ കണ്ടെത്തിയത്. കൊല്ലത്തും വിവി പാറ്റ് യന്ത്രത്തിന് തകരാർ കണ്ടെത്തി. മലപ്പുറത്ത് പലയിടത്തും വൈദ്യുതിയില്ലാത്തതിനാൽ മെഴുകുതിരി വെട്ടത്തിലാണ് മോക് പോളിംഗ് നടന്നത്. മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട മണ്ഡലത്തിൽപ്പോലും മോക് പോളിംഗ് തടസ്സപ്പെട്ടു. എറണാകുളത്ത് സെന്‍റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്യേണ്ടിയിരുന്ന സിറോ മലബാർ സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി പോളിംഗ് തടസ്സപ്പെട്ടതിനാൽ വോട്ട് ചെയ്യാതെ തിരികെപ്പോയി.

വോട്ടെടുപ്പിനിടെ ഒൻപത് പേർ കുഴഞ്ഞുവീണ് മരിച്ചു

വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി ഒമ്പത് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട പേഴുംപാറ സ്വദേശി ചാക്കോ മത്തായി, മാവേലിക്കര മറ്റം വടക്ക് പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ (74), തലശേരി നഗരസഭ മുൻ കൗൺസിലർ എ കെ മുസ്തഫ, ശ്രീകണ്ഠപുരം ചുഴലി സ്വദേശി പി വി വേണുഗോപാല മാരാർ, കൊല്ലം കിളികൊല്ലൂർ സ്വദേശി മണി എന്നിവരാണ് മരിച്ചത്.

പ്രധാനമണ്ഡലങ്ങളിൽ നിന്നുള്ള വിവരങ്ങൾ

തിരുവനന്തപുരം

തീരമേഖലകളിലും ഗ്രാമനഗരപ്രദേശങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തുന്നത്. വാശിയേറിയ ത്രികോണപ്പോര് നടക്കുന്ന തിരുവനന്തപുരത്ത് രാവിലെ മുതൽ തന്നെ നീണ്ട നിരയാണ് കണ്ടത്. തിരുവനന്തപുരത്ത് നടൻ മോഹൻലാലും ഗവർണർ പി സദാശിവവും വോട്ട് ചെയ്തു. സ്ത്രീകളടക്കം വലിയ നിരയാണ് ഉച്ച വെയിലിലും വോട്ട് ചെയ്യാനെത്തിയിരിക്കുന്നത്.

മലപ്പുറം

മലപ്പുറം ജില്ലയിലാണ് മോക് പോളിംഗിൽ വലിയ പ്രതിസന്ധിയുണ്ടായത്. ജില്ലയുടെ പല ഭാഗങ്ങളിലും വൈദ്യുതി ഇല്ലായിരുന്നു. മോക് പോളിംഗ് നടന്നത് മൊബൈലിന്‍റെയും മെഴുകുതിരിയുടേയും വെളിച്ചത്തിലാണ്. എന്നാൽ ഇത് പ്രതിസന്ധിയല്ലെന്നും പോളിംഗിൽ തടസ്സമുണ്ടാകില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. രാവിലെ മലപ്പുറത്ത് പലയിടത്തും മഴ പെയ്തതിനാൽ ആളുകളുടെ തിരക്ക് കുറവായിരുന്നു. മഴ പെയ്ത് പോളിംഗ് സാമഗ്രികൾ നനഞ്ഞതിനാൽ മലപ്പുറം മുണ്ടൂപറമ്പിൽ ബൂത്തുകൾ തന്നെ മാറ്റി സ്ഥാപിക്കേണ്ടി വന്നു.

കണ്ണൂർ

കണ്ണൂരിലും പലയിടത്തും രാവിലെ മോക് പോളിംഗ് യന്ത്രങ്ങളിലെ തകരാറ് മൂലം തടസ്സപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്യേണ്ടിയിരുന്ന പിണറായിയിലെ 161-ാം ബൂത്തിൽ യന്ത്രത്തകരാർ കണ്ടെത്തി. ഇതേത്തുടർന്ന് ബൂത്തിൽ വോട്ടിംഗ് തുടങ്ങിയത് വൈകിയാണ്. ഇതിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ യന്ത്രങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് പരിശോധിക്കാൻ കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നുവെന്നാണ് വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പ്രതികരിച്ചത്. മയ്യില്‍ പഞ്ചായത്തിലെ കണ്ടങ്കൈ എല്‍പി സകൂളിലെ 165ആം നമ്പർ ബൂത്തിൽ വിവിപാറ്റ് മെഷീനുള്ളിൽ പാമ്പിനെ കണ്ടെത്തിയത് ഭീതി പരത്തി. പാമ്പിനെ കൊന്നതിനു ശേഷമാണ് ഇവിടെ വോട്ടിംഗ് പുനരാരംഭിക്കാനായത്.

എറണാകുളം

എറണാകുളത്തും, കോതമംഗലത്തും എളമക്കരയിലുമടക്കം നിരവധി സ്ഥലങ്ങളിൽ മോക് പോളിംഗിൽ തടസ്സം നേരിട്ടതിനാൽ വ്യാപകമായി യന്ത്രങ്ങൾ മാറ്റി സ്ഥാപിക്കേണ്ടി വന്നു. എറണാകുളം സെന്‍റ് മേരീസ് സ്കൂളിൽ വോട്ട് ചെയ്യേണ്ടിയിരുന്ന സിറോ മലബാർ സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരി ഏറെ നേരം കാത്ത് നിന്ന് വോട്ട് ചെയ്യാതെ മടങ്ങി. അതേ വരിയിൽ സത്യദീപം എഡിറ്ററും എഴുത്തുകാരനുമായ ഫാദർ പോൾ തേലക്കാട്ടുമുണ്ടായിരുന്നു. സത്നാ രൂപതാ ബിഷപ്പിന്‍റെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ ഒഡീഷയിലേക്ക് പോകേണ്ടതിനാൽ കർദ്ദിനാൾ പിന്നീട് ചെയ്യാനായി എത്തിയില്ല.താരങ്ങളായ ഫഹദ് ഫാസിലും ആഷിഖ് അബുവും റിമ കല്ലിങ്കലും അടക്കമുള്ളവർ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി.

ഇടുക്കി

ഇടുക്കി ജില്ലയിലെ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ള പോളിംഗ് സ്റ്റേഷനുകളിലൊന്നായ ഇടമലക്കുടിയിലെ ബിഎസ്എൻഎൽ – ഇന്‍റർനെറ്റ് സൗകര്യം കാട്ടാന ആക്രമണത്തിൽ തകർന്നു. വയർലെസ് മാത്രമായിരുന്നു ഇവിടേക്കുള്ള ആശയ വിനിമയ ഉപാധി. അവിടെ നിന്നുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. പോളിംഗിന് പോയവർ തിരിച്ച് വന്നാലേ അവിടത്തെ ചിത്രങ്ങളും വീഡിയോയും ലഭിക്കൂ.

തൃശ്ശൂർ

തൃശ്ശൂരിലും രാവിലെ പലയിടങ്ങളിലും മോക്ക് പോളിംഗ് സംവിധാനം തടസ്സപ്പെട്ടിരുന്നു. നടനും ചാലക്കുടിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ ഇന്നസെന്‍റ് അടക്കം മിക്ക പ്രമുഖരും രാവിലെത്തന്നെ വോട്ട് ചെയ്തു. അങ്കമാലിയില്‍ 89-ാം നമ്പർ ബൂത്തില്‍ കള്ള വോട്ട് ചെയ്തെന്ന് പരാതി ഉയ‍ർന്നു. പരാതിപ്പെട്ടയാള്‍ക്ക് പിന്നീട് ബാലറ്റിൽ വോട്ട് ചെയ്യാൻ അവസരം കിട്ടി.

ആലപ്പുഴ

സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്‍ വോട്ട് രേഖപ്പെടുത്തി. ആലപ്പുഴ തറവൂരിലെ 86-ാം ബൂത്തിലാണ് വി എസ് വോട്ട് രേഖപ്പെടുത്തിയത്. മകന്‍ അരുണ്‍കുമാറിന് ഒപ്പമാണ് അദ്ദേഹം എത്തിയത്. ആലപ്പുഴ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ എം ആരിഫ് ജയിക്കുമെന്ന് വെള്ളപ്പള്ളി നടേശന്‍. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകും. കേരളത്തില്‍ ചിലയിടങ്ങളില്‍ ശബരിമല വിഷയം സര്‍ക്കാരിന് എതിരാകുമെന്നും എന്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.

കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ കള്ളവോട്ട് ചെയ്തെന്ന് പരാതി. സിപിഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തെന്നാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്.

കാസർകോട്

കാസർകോട് കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രം പണിമുടക്കി. കാസർകോട് കോളിയടുക്കം ജി.യു.പി സ്കൂളിലെ 34-ാം നമ്പർ ബൂത്തിലെത്തിയ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ഒരു മണിക്കൂർ‍ സമയം കാത്ത് നിന്ന് വോട്ട് ചെയ്തു.യന്ത്രത്തകരാർ പരിഹരിച്ചെങ്കിലും, മാറ്റി സ്ഥാപിച്ചപ്പോഴേക്കും മണിക്കൂറുകൾ കാത്തുനിന്ന് ജനം വലഞ്ഞു. ഈ രീതിയിൽ മുന്നോട്ട് പോയാൽ രാത്രി ആയാലും പോളിംഗ് തീരില്ലെന്നായിരുന്നു റവന്യൂ മന്ത്രിയുടെ പ്രതികരണം. കാസര്‍കോട് തെക്കില്‍ യുഡിഎഫ് ബൂത്ത് ഏജന്‍റിന് കുത്തേറ്റു. യുഡിഎഫ് പ്രവര്‍ത്തകന്‍ ജലീലിനാണ് കുത്തേറ്റത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ടിബി കബീർ, അബ്ദുൾ ഖാദർ, എന്നിവർക്കാണ് പരിക്കേറ്റത്…

%d bloggers like this: