
കൊച്ചി :
മലയാള ചലച്ചിത്ര രംഗത്തെ തൊഴിലാളികള്‍ക്ക് ഇരുപത് ശതമാനം ശമ്പള വര്‍ധനവ് . സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും നിര്‍മ്മാതാക്കളുടെ സംഘടനയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് 20% വേതനം വര്‍ധിപ്പിക്കാന്‍ ധാരണയായത് . ലൈറ്റ് ബോയ്സ് അടക്കമുള്ള ദിവസ വേതനക്കാര്‍ക്കും മറ്റ് സാങ്കേതിക ജീവനക്കാര്‍ക്കും ശമ്പള വര്‍ധനവിന്റെ പ്രയോജനം ലഭിക്കും .
മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സാങ്കേതിക പ്രവര്‍ത്തകരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത് . നിലവിലെ കരാറിന്റെ കാലാവധി രണ്ടര വര്‍ഷമാക്കി കുറയ്ക്കാനും ധാരണയായി .
സിനിമ ടിക്കറ്റു ബുക്കിങ് ആപ്പുകളുടെ അശാസ്ത്രീയ റേറ്റിങ് സിനിമയ്ക്ക് ദോഷകരമാണെന്നും ഈ സംവിധാനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍മ്മാതാക്കളും സാങ്കേതിക വിദഗ്ദ്ധരും തീരുമാനിച്ചതായും ഫെഫ്ക ചെയര്മാന് പറഞ്ഞു . ടിക്കറ്റ് ബുക്കിംഗിനായി സ്വന്തമായി ആപ്ലിക്കേഷന്‍ തയ്യാറാക്കാനുള്ള നടപടി ക്രമങ്ങള്‍ നിര്‍മ്മാതാക്കള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി .