
തൃശൂര്‍:
ചാവക്കാട് മണത്തല നേര്‍ച്ച ആഘോഷം കണ്ട് മടങ്ങിയ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി കഞ്ചാവുമായി അറസ്റ്റില്‍. തിരുവത്ര മേത്തി വീട്ടില്‍ വേതാളം ഷാജി എന്ന ഷജീറിനെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ഷജീര്‍ പ്രതിയായ വധശ്രമ കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്. നേരത്തെ അറസ്റ്റിലായ മൂന്നുപേര്‍ ജാമ്യം നേടിയിരുന്നു.
സിപിഎം ചാവക്കാട് ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കല്ലായില്‍ വീട്ടില്‍ സെക്കീര്‍, ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് രായംമരയ്ക്കാര്‍ വീട്ടില്‍ മുസ്തഫ, പാര്‍ട്ടി പ്രവര്‍ത്തകരായ കുറുപ്പംവീട്ടില്‍ ഹുസൈന്, രായംമരയ്ക്കാര്‍ വീട്ടില്‍ നിഷാദ് എന്നിവരെയാണ് ഷജീറുള്പ്പെടെ അഞ്ചംഗസംഘം മണത്തല വഞ്ചിക്കടവില്‍ വച്ച് ആക്രമിച്ചത്.
ഇരുമ്പ് പൈപ്പുകൊണ്ടുള്ള അടിയേറ്റ് മുസ്തഫയ്ക്കും സെക്കീറിനും തലയ്ക്ക് സാരമായ പരിക്കേറ്റിരുന്നു. ചാവക്കാട് സിഐ എം കെ സജീവന്, എസ്ഐ ശശീന്ദ്രന് മേലയില്‍, സിപിഒമാരായ ആഷിഷ്, മിഥുന്, റഷീദ്, നിഷാന്ത്, ജയകൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് ഷജീറിനെ പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിന് എക്സൈസ് വകുപ്പും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.