
മലപ്പുറം :
പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വറിനെതിരെ സി.പി.എമ്മും രംഗത്ത് . മുന്നണിക്കുള്ളില്‍ ഭിന്നതയുണ്ടാക്കാനാണ് അന്‍വറിന്റെ ശ്രമമെന്നാണ് സി.പി.എം ജില്ലാകമ്മിറ്റിയുടെ കണ്ടെത്തല്‍. സി.പി.എം ജില്ലാ നേതൃത്വം പി.വി. അന്‍വര്‍ എംഎല്‍എക്ക് താക്കീതും നല്കി .
മലപ്പുറം ജില്ലയില്‍ സി.പി.എമ്മും സി.പി.ഐയും രഹസ്യമായി ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊന്നാനിയിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ എം.എല്‍.എയുടെ പരസ്യ വിവാദ പ്രസ്താവനകള്‍ .
പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍ സി.പി.ഐ സഹായിച്ചില്ലെന്നും ഉപദ്രവിച്ചെന്നും അന്‍വര്‍ പറഞ്ഞിരുന്നു . വയനാട് ലോക്സഭാ മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി പി.പി. സുനീറിന്റെ പേരെടുത്തും പരാമര്‍ശമുണ്ടായി .
എന്നാല്‍ നിലമ്പൂരിലെ എം.എല്‍.എ കൂടിയായ അന്‍വര്‍ പരസ്യ പ്രതികരണം നടത്തുന്നതില്‍ സി.പി.എമ്മിന് കടുത്ത അതൃപ്തിയുണ്ട് . സി.പി.എം ജില്ലാ നേതൃത്വം എം.എല്‍.എയെ ശാസികുകയും ചെയ്തു .
തെരഞ്ഞെടുപ്പ് പോളിംഗ് ദിനം അവസാനിച്ച ഉടന്‍ തന്നെ പി.വി. അന്‍വര്‍ സി.പി.ഐക്കെതിരെ രംഗത്തു വന്നിരുന്നു . സി.പി.ഐക്കുള്ളിലും ഇത് വ്യാപക പ്രതിഷേധമുയര്‍ത്തി . സി.പി.ഐ പോഷക സംഘടനയായ എ.ഐ.വൈ.എഫ് ഉള്‍പ്പെടെ അന്‍വറിന്റെ കോലം കത്തിച്ചു .
എന്നാല്‍ അന്‍വര്‍ പരസ്യ പ്രസ്താവനകള്‍ തുടര്‍ന്നതോടെയാണ് സി.പി.എമ്മും രംഗത്തെത്തിയത് . സി.പി.എമ്മും അന്‍വറിനെതിരെ രംഗത്തു വന്നതോടെ എം.എല്‍.എ വെട്ടിലുമായി .