
1957-ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പ് സഖാവ് ഇ.എം.എസ് റേഡിയോ പ്രക്ഷേപണത്തിലൂടെ പറഞ്ഞത് ‘സോഷ്യലിസം നടപ്പാക്കുകയല്ല ഞങ്ങളുടെ അടിയന്തിര കടമ മറിച്ച് കോണ്‍ഗ്രസ്സ് മന്ത്രിസഭകള്‍ നടപ്പിലാക്കാന്‍ കൂട്ടാക്കാത്ത കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നയമായിരിക്കും തങ്ങള്‍ നടപ്പിലാക്കാന്‍ പോവുന്നത്’ എന്നായിരുന്നു. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ യഥാതഥാ ബോധ്യപ്പെട്ട ഒരു കമ്യൂണിസ്റ്റുകാരന്റെ ഏറ്റവും പ്രായോഗികമായ പ്രഖ്യാപനമായിരുന്നു അത്. ഒരു വിപ്ലവാനന്തര സോഷ്യലിസ്റ്റ് സമൂഹമല്ല കേരളം എന്ന യാഥാര്ത്ഥ്യബോധമായിരുന്നു അത്.
1931ല്‍ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കറാച്ചി കോണ്‍ഗ്രസ്സില്‍ അവതരിപ്പിക്കപ്പെട്ട പ്രമേയമാണ് ‘കൃഷിഭൂമി കര്ഷകന്’ എന്ന മുദ്രാവാക്യം. സ്വാതന്ത്ര്യ സമരക്കാലത്തുടനീളം ഈ മുദ്രാവാക്യം വിളിച്ച് കോണ്‍ഗ്രസ്സ് കര്‍ഷക ജനകോടികളെ വ്യാമോഹിപ്പിച്ചു. പ്രവ്യശ്യകളില് അധികാരം കിട്ടിയപ്പോഴും മന്ത്രിസഭകള്‍ രൂപീകരിച്ച സംസ്ഥാനങ്ങളിലുമെല്ലാം ഭൂപ്രഭുക്കന്മാരുടെ താല്പര്യം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഈ മുദ്രാവാക്യം തൊണ്ടതൊടാതെ വിഴുങ്ങി. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ഭൂമിക്കു വേണ്ടി സമരം ചെയ്ത തെലുങ്കാനയിലെ 4000ത്തോളം കര്‍ഷകരെയാണ് ഇന്‍ഡ്യന്‍ സേനയുടെ മൂന്നിലൊന്നു വിഭാഗങ്ങളെയിറക്കി കേന്ദ്രം വാണ കോണ്‍ഗ്രസ്സ് വെടിവെച്ചു കൊന്നത്. പതിനായിരങ്ങളെ ജയിലിലടച്ചു. 50000ത്തോളം ജനങ്ങളെയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ള പോലീസ് ക്യാംപുകളില്‍ കൊണ്ടുപോയി ക്രൂര മര്ദ്ദനത്തിരയാക്കിയത്.
ഇ.എം.എസ് മന്ത്രിസഭ നടപ്പിലാക്കിയ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമവും, കാര്‍ഷികബന്ധ ബില്ലും, വിദ്യാഭ്യാസ പരിഷ്കരണബില്ലും കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങളായിരുന്നില്ല, കോണ്‍ഗ്രസ്സ് വിളിച്ച, കോണ്‍ഗ്രസ്സ് മറന്ന കോണ്‍ഗ്രസ്സിന്റെ തന്നെ മുദ്രാവാക്യങ്ങള്‍ തന്നെയായിരുന്നു. ഈ മുദ്രാവാക്യങ്ങള്‍ നടപ്പാക്കിയതിനെതിരെയാണ് കോണ്‍ഗ്രസ്സ് ഒത്താശയോടെ കൃസ്ത്യന്‍ പള്ളി പ്രമാണിമാര്‍, മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ സവര്‍ണജന്മിമാര്‍, ആര്.ശങ്കറിന്റെ നേതൃത്വത്തില്‍ ഈഴവപ്രമാണിമാര്‍, മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ മുസ്ലീം പ്രമാണിമാര്‍ എന്നിവര്‍ തെരുവിലിറങ്ങി ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ജനാധിപത്യ സര്‍ക്കാരിനെ വലിച്ചു താഴെയിട്ടത്.
പാട്ടക്കുടിയാന്മാരായ ബഹുഭൂരിപക്ഷം നായന്മാരും, ഈഴവരും, മുസ്ലീം കര്ഷരുമായിരുന്നു ഭൂപരിഷ്കരണ നിയമത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍. പക്ഷേ മതപ്രമാണിമാര്‍ കുത്തിവച്ച കമ്യൂണിസ്റ്റു വിരോധത്തിന്റെ ഉന്മാദത്തില് അര സെന്റ് ഭൂമി സ്വന്തമായില്ലാത്ത ദരിദ്രനായന്മാരും ജന്മം കൊണ്ടേ പാട്ടക്കുടിയാന്മാരായ ഈഴവരും, ജന്മിത്വത്തിനും ബ്രിട്ടീഷ് വാഴ്ചക്കുമെതിരെ പോരാടി 1921ല്‍ ധീര രക്തസാക്ഷിത്വം വഹിച്ച മലബാറിലെ മാപ്പിളമാരുടെ ചരിത്രം പേറുന്ന മുസ്ലീങ്ങളുമെല്ലാം ഒരു ജനാധിപത്യ ഗവര്‍മെന്റിനെ കടിച്ചു കീറാന്‍ ചെന്നായ്ക്കളെപ്പോലെ തെരുവിലിറങ്ങി. അമേരിക്കന്‍ സാമ്രാജ്യത്വം നിര്‍ലോഭം ഒഴുക്കിയ പണം കൊണ്ട് പള്ളീലച്ചന്മാര് ‘ക്രിസ്റ്റഫര്‍ സേന’ പോലുള്ള അതിതീവ്ര ക്രിസ്ത്യന്‍ സംഘടനകള്‍ പാവപ്പെട്ട മുക്കുവര്‍ക്കിടയില്‍ രഹസ്യമായി സംഘടിപ്പിച്ചു. മനോരമയും, മാതൃഭൂമിയും, ദീപികയും സാമ്രാജ്വത പണം കൊണ്ട് തടിച്ചു കൊഴുത്തു. സംഘപരിവാറുകാരനായ ഒ. രാജഗാപാലിന്റെ നേതൃത്വത്തില്‍ പാലക്കാട് ഹിന്ദു ജന്മിമാര് സംഘടിപ്പിക്കപ്പെട്ടു.
വിമോചന സമരം അഴിച്ചുവിട്ട കമ്യൂണിസ്റ്റ് വിരുദ്ധ ഉന്മാദത്തിന്റെ ആശയതലം തന്നെ ഈ 2019ലും കേരളത്തിലെ വലതുപക്ഷത്തിന്റെ രാഷ്ട്രീയാടിത്തറ. മതവും ജാതിയും മേധാവിത്വം പുലര്‍ത്തിയ ജാതി-ജന്മി-നാടുവാഴി കേരളത്തില്‍ നിന്ന് ജനാധിപത്യത്തിലേക്ക് വികസിച്ചപ്പോള്‍ സാമൂഹ്യാധികാരം നഷ്ടപ്പെട്ട സമുദായ ജാതി മത പ്രമാണിമാരുടെ ദഹനക്കേട് തന്നെയാണ് വലതുപക്ഷം. ഇന്നതില്‍ ഒരു ഭാഗത്ത് അതി തീവ്രഹിന്ദുത്വത്തിന്റെ ചാമ്പ്യന്മാരായ സംഘപരിവാരവും മറുഭാഗത്ത് കോണ്‍ഗ്രസ്സും ലീഗും എസ്.ഡി.പി.ഐയു ും ജമായത്തെ ഇസ്ലാമിയുമുണ്ട്. ഇടതുപക്ഷ വിപ്ലവ വായാടിത്തം പറയുകയും നിര്‍ണ്ണായക ചരിത്രസന്ദര്‍ഭങ്ങളില്‍ വലതുപക്ഷത്തിന്റെ ചോറ്റുപട്ടികളാകുന്ന
ആര്.എം.പി യുണ്ട്. കമ്യൂണിസ്റ്റുകാരാണ് മുഖ്യശത്രു എന്ന കാര്യത്തില്‍ ഇവര്‍ക്കാര്‍ക്കും സംശയമേയില്ല..
ജനാധിപത്യവിരുദ്ധതയുടെ ദുര്ഭൂതങ്ങള് ഒറ്റക്കെട്ടായി ഒരു ഭാഗത്തും, തൊഴിലാളി വര്‍ഗ്ഗ ബഹുജന കൂട്ടായ്മകളിലൂടെ കെട്ടിപ്പടുത്ത ഇടതുപക്ഷം മറുഭാഗത്തും നില്ക്കുമ്പോള് 2019ല്‍ എത്തി നില്ക്കുന്ന കേരളീയ സമൂഹമനസ്സാക്ഷി എങ്ങനെയാണ് ചിന്തിക്കുന്നത് എന്നതിന്റെ ഉരകല്ലാണ് ഈ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനം..