
മുംബൈ :സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ കാര്‍ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയില്‍ 75 കിലോഗ്രാം സ്വര്‍ണം ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡി.ആര്.ഐ) പിടികൂടി . കോടിക്കണക്കിന് രൂപയുടെ സ്വര്‍ണവുമായി കഴിഞ്ഞ മാസം അറസ്റ്റിലായ ആലുവ സ്വദേശി നിസാര്‍ അലിയാരുടേയും സംഘത്തിന്റെയും കാര്‍ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണം കണ്ടെടുത്തത് . 110 കിലോ സ്വര്‍ണവുമായാണ് നിസാറിനെയും സംഘത്തിനെയും മാര്‍ച്ച് 28ന് മുംബൈയിലെ ഡോംഗ്രിയില്‍ നിന്ന് പൊലീസ് പിടികൂടിയത് .കാറിലും സ്കൂട്ടറിലുമായാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് . കഴിഞ്ഞ ദിവസം കാര്‍ വെട്ടിപ്പൊളിച്ച് നടത്തിയ പരിശോധയിലാണ് 75 കിലോ സ്വര്‍ണം കൂടി കണ്ടെടുത്തത് . ഡിക്കിക്കുള്ളിലെ രഹസ്യ അറയിലാണ് ഇത് സൂക്ഷിച്ചിരുന്നത് . ഡിസ്ക് രൂപത്തിലായിരുന്നു ഇതിലേറെയും . കണ്ടെടുത്ത സ്വര്‍ണത്തിന് 24.65 കോടി രൂപ വിലവരുമെന്നാണ് കണക്കു കൂട്ടല്‍ . ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തിയതാണ് ഈ സ്വര്‍ണം. 200 കിലോഗ്രാമിലേറെ സ്വര്‍ണം സ്വര്‍ണക്കടത്ത് സംഘത്തിന്റെ കൈവശമുണ്ടായിരുന്നതായാണ് വിവരം . ഇതില്‍ 185 കിലോഗ്രാം സ്വര്‍ണമാണ് ഇതുവരെ കണ്ടെടുത്തത് . ഇതിന് 60 കോടി രൂപയിലേറെ മൂല്യം വരും .ബാക്കി സ്വര്‍ണവുമായി കേരളത്തിലേക്ക് കടന്ന മുഹമ്മദ് ആസിഫ് , മുഹമ്മദ് ഫാസില്‍ എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട് . മുംബൈ പൊലീസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം . പെരുമ്പാവൂരിലും ഇവര്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ട് . വര്‍ഷങ്ങളായി സ്വര്‍ണ്ണക്കടത്ത് നടത്തുന്നവരാണ് നിസാറും സംഘവും .കേസില്‍ ഇതുവരെ 12 പേരാണ് അറസ്റ്റിലായിരിക്കുന്നത് . ഇവര്‍ മുംബൈയിലെ വിവിധ ജയിലുകളിലായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് .