15 കിലോ കഞ്ചാവ് പിടികൂടി. തൃശൂരിൽ രണ്ടുപേർ അറസ്റ്റിൽ, വില്പന ലക്ഷ്യമാക്കിയത് വിദ്യാർത്ഥികളെ

തൃശൂർ: ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസ്സിലെ യാത്രക്കാരെന്ന വ്യാജേനെ കഞ്ചാവ് കടത്തിയിരുന്ന ആലുവ ചൊവ്വര മുല്ലപ്പിള്ളി വീട്ടിൽ ബാദുഷ (23), ആലുവ പന്തേക്കൽ വീട്ടിൽ സിയാദ് (35) എന്നിവരെ 15 കിലോ കഞ്ചാവ് സഹിതം തൃശൂർ സിറ്റി ലഹരിവിരുദ്ധ പോലീസും, ഈസ്റ്റ് പോലീസും ചേർന്നാണ് പിടികൂടിയത്.

തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ശക്തൻ സ്റ്റാൻഡ് പരിസരത്തുവെച്ച് ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി പരിശോധിച്ചതിൽ നിന്നാണ് പ്രതികളുടെ ബാഗുകളിൽ നിന്നും കഞ്ചാവ് കണ്ടെടുത്തത്. ഇവർ സ്ഥിരമായി ആന്ധ്രയിൽ നിന്നും വിവിധ മാർഗങ്ങൾ മുഖേന കഞ്ചാവ് കടത്തിവന്നിരുന്നതായി അറിവായിട്ടുണ്ട്. ഇപ്പോൾ പിടികൂടിയ കഞ്ചാവ് വിവിധ സ്ഥലങ്ങളിലെ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്താനുള്ളതായിരുന്നു എന്നാണ് പ്രതികൾ പോലീസിനോട് വെളിപ്പെടുത്തിയത്.

രണ്ടു മാസത്തിനിടയ്ക്ക് ജില്ലാ ലഹരി വിരുദ്ധ സ്കോഡ് 24 പ്രതികളിൽ നിന്നുമായി 22 കിലോ കഞ്ചാവ്,2 കിലോ ഹാഷിഷ് ഓയിൽ,200 നൈട്രോസിപ്പം ഗുളികകൾ,163 ഗ്രാം MDMA, എന്നിവയും കണ്ടെടുത്തിയിരുന്നു.
ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലാൽകുമർ പി, സബ് ഇൻസ്പെക്ടർ ഉമേഷ് കെ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ ഗോപിനാഥൻ സി.എൻ, ഉണ്ണികൃഷ്ണൻ എം, സിവിൽപോലീസ് ഓഫീസർമാരായ ലിജിമോൻ, പ്രതീഷ് എന്നിവരും, ലഹരിവിരുദ്ധ സ്ക്വാഡ് സബ് ഇൻസ്പെക്ടർ എൻ.ജി. സുവ്രത കുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാകേഷ്, സീനിയർ സിപിഒ മാരായ ജീവൻ, പളനിസ്വാമി, എം.എസ്. ലികേഷ്, വിപിൻദാസ്, സുജിത്, ആഷിഷ്, ശരത്, എന്നിവരും അന്വേഷണ സംഘാംഗങ്ങളിൽ ഉണ്ടായിരുന്നു.