CRIME

കേരളത്തിലെ ട്രെയിന്‍ കൊള്ളക്കാരന്‍ മലേഷ്യയിലെ ഹോട്ടല്‍ മുതലാളി ; 4 വര്‍ഷമായി റെയില്‍വേ പോലീസിന്റെ ഉറക്കം കെടുത്തിയ പ്രതി പിടിയില്‍..

img

ചെന്നൈ :

കേരളത്തിലെത്തി ട്രെയിനുകളുടെ എ/സി കോച്ചുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി മലേഷ്യയിലേക്ക് കടക്കുന്നയാളെ റെയില്‍വേ പോലീസ് അതിവിദഗ്ധമായി പിടികൂടി . 4 വര്‍ഷമായി റെയില്‍വേ പോലീസിന്റെ ഉറക്കം കെടുത്തിയ തൃശ്ശൂര്‍ സ്വദേശിയായ ഷാഹുല്‍ ഹമീദ് എന്നയാളാണ് മേട്ടുപ്പാളയത്തു വെച്ച് പിടിയിലായത് .

മലേഷ്യയില്‍ ഭാര്യയോടൊപ്പം ഇയാള്‍ സ്വന്തമായി ഹോട്ടല്‍ ബിസിനസ് നടത്തിവരികയായിരുന്നു .

കേരള-തമിഴിനാട് ട്രെയിനുകള്‍ കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തിയിരുന്നത് .രാത്രി 2 മണിക്കും 4 മണിക്കും ഇടയിലാണ് ഹമീദ് മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ച വസ്തുക്കള്‍ തൃശ്ശൂരിലും മുംബൈയിലുമായാണ് വിറ്റിരുന്നത് . ഇങ്ങനെ ലഭിക്കുന്ന പണവുമായി മലേഷ്യയിലേക്ക് കടക്കുന്ന ഇയാള്‍ക്ക് അവിടെ സ്വന്തമായി ഹോട്ടലുണ്ട് . ഈ ഹോട്ടലിന്റെ നടത്തിപ്പിന് ആവശ്യമുളള പണം മോഷണത്തിലൂടെയാണ് ഹമീദ് കണ്ടെത്തിയിരുന്നത് .

യാത്രക്കാരില്‍ നിന്ന് സ്ഥിരമായി പരാതി ലഭിച്ചു തുടങ്ങിയപ്പോഴാണ് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചത് . ഇതിനായി പ്രത്യേക സംഘവും രൂപീകരിച്ചിരുന്നു . തുടര്‍ന്ന് മേട്ടുപ്പാളയത്തു നിന്നുള്ള ബ്ലൂ മൗണ്ടെയ്ന്‍ എക്‌സ്പ്രസില്‍ മഫ്തിയില്‍ യാത്ര ചെയ്ത അന്വേഷണ സംഘം മോഷണ ശ്രമത്തിനിടെ പ്രതിയെ പിടികൂടുകയായിരുന്നു .

നെതര്‍ലന്‍ഡില്‍ നിന്ന് മാസ്റ്റര്‍ ഡിഗ്രി നേടിയ ഇയാള്‍ക്ക് സ്പാനിഷും ഫ്രഞ്ചുമുള്‍പ്പടെ 6 ഭാഷകള്‍ അറിയാമെന്നും അന്വേഷണ സംഘം അറിയിച്ചു.

%d bloggers like this: