ബിജെപിക്ക് ലഭിച്ച സംഭാവന 351.50 കോടി ; ടിആർഎസിനും എസ്പിക്കും താഴെ കോൺഗ്രസ്..കണക്ക് പുറത്ത്

2021- 22 സാമ്പത്തികവര്‍ഷം ഇലക്ടറല്‍ ട്രസ്റ്റ് വഴി ഏറ്റവും കൂടുതല്‍ തുക സംഭാവന ലഭിച്ചത് ബി ജെ പിക്ക്. 351.50 കോടി രൂപയാണ് ബി ജെ പിക്ക് ലഭിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ച സംഭാവന തുകയുടെ 72.17 ശതമാനമാണിത്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. തെലങ്കാന രാഷ്ട്ര സമിതി, സമാജ്വാദ് പാര്ട്ടി , ആം ആദ്മി എന്നീ പാർട്ടികളെക്കാളും ഏറെ പിന്നിലാണ് കോൺഗ്രസിന് ലഭിച്ച തുക.

കെ ചന്ദ്രശേഖര റാവുവിന്റെ ഭാരതീയ രാഷ്ട്ര സമിതി (തെലങ്കാന രാഷ്ട്ര സമിതി)ക്കാണ് രണ്ടാമതായി ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത്. 40 കോടി രൂപാണ് പാർട്ടിക്ക് ലഭിച്ചത്. അതായത്. ആകെ സംഭാവന തുകയുടെ 8.21 ശതമാനം. അഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, വൈ എസ് ആർ കോൺഗ്രസ്, ശിരോമണി അകാലിദൾ (എസ് എ ഡി ), അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, ഗോവഫോർവേഡ് പാർട്ടി, ദ്രാവിഡ മുന്നേറ്റ കഴകം ( ഡി എം കെ ) എന്നീ എട്ട് പാർട്ടികൾക്കും കൂടി ആകെ ലഭിച്ച സംഭവാന 95.56 കോടിയാണ്.

ബി ജെ പിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രൂഡന്റ് ഇലക്ടറൽ ട്രെസ്റ്റ് ആണ്. 336.50 കോടി രൂപയാണ് ട്രസ്റ്റ് തനിച്ച് ബി ജെ പിക്ക് നൽകിയത്. ബി ജെ പിക്ക് സംഭാവന നൽകിയ മറ്റ് ട്രസ്റ്റുകൾ എ ബി ജനറൽ ഇലക്ടറലും സമാജ് ഇലക്ടറൽ ട്രെസ്റ്റുമാണ്. എബി ജനറൽ 10 കോടിയും സമാജ് ട്രെസ്റ്റ് 5 കോടിയുമാണ് നൽകിയത്.കോൺഗ്രസിന് ലഭിച്ച സംഭാവന 18.44 കോടി രൂപയാണ്. അതേസമയം സമാജ്വാദി പാർട്ടിക്ക് 27 കോടി രൂപ ലഭിച്ചു. എ ഡി ആർ റിപ്പോർട്ട് പ്രകാരം എ എ പിയ്ക്കും വൈ എസ് ആർ-കോൺഗ്രസിനും യഥാക്രമം 21.12 കോടി രൂപയും 20 കോടി രൂപയും സംഭാവനയായി ലഭിച്ചിട്ടുണ്ട്. പഞ്ചാബിലെ മുൻ ബി ജെ പി സഖ്യകക്ഷിയായ ശിരോമണി അകാലിദളിന് ലഭിച്ചത് 7 കോടി രൂപയാണ്. അമരീന്ദർ സിംഗിന്റെ പാർട്ടിക്ക് 1 കോടിയും ഗോവ ഫോർവേഡ് പാർട്ടിക്കും ഡി എം കെയ്ക്കും 50 ലക്ഷവും വീതം സംഭാവനയായി ലഭിച്ചു.

475.80 കോടി രൂപയാണ് ആകെ ഇലക്ടറല്‍ ട്രസ്റ്റുകളിലേക്ക് സംഭാവനയായി ലഭിച്ചത്. 89 കോർപറേറ്റ് , ബിസിനസ് സംരഭങ്ങളാണ് സംഭാവന നൽകിയത്.62 കോർപ്പറേറ്റുകൾ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റുകൾക്ക് 456.30 കോടി സംഭാവന നൽകി.ആര്‍സെലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യയാണ് ഇലക്ടറല്‍ ട്രസ്റ്റിലേക്ക് ഏറ്റവും കൂടുതല്‍ തുക സംഭാവനയായി നല്‍കിയത് .70 കോടിയാണ് ഇവർ നൽകിയത്. രണ്ടാമതായി ഭാരതി എയർടെലും. 51 കോടിയാണ് ഇവർ നൽകിയ സംഭാവന. കഴിഞ്ഞ വർഷം ബി ജെ പിക്ക് ലഭിച്ചത് 212.05 കോടി രൂപയായിരുന്നു. അതായത് ആകെ സംഭാവനയുടെ 82.05 ശതമാനം.കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ശതമാന കണക്കിൽ 10 ശതമാനത്തിന്റെ കുറവുണ്ടെങ്കിലും തുക 130 കോടിയാണ് വർധിച്ചത്.