തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടത്തിപ്പുചെലവായ 42.90 കോടി രൂപ വിഴിഞ്ഞം തുറമുഖ കമ്പനിക്ക് ഒഴിവാക്കി നൽകി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. എസ്റ്റാബ്ലിഷ്‌മെന്റ് ചെലവായ ഇത്രയും തുക കമ്പനി അടയ്ക്കണമെന്നായിരുന്നു റവന്യൂവകുപ്പിന്റെ ശുപാർശ. ഇതു മറികടന്നാണ് ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. സാങ്കേതികമായി വിഴിഞ്ഞം തുറമുഖ കമ്പനിക്കാണ് ഇളവ് നൽകുന്നതെങ്കിലും ഇതിന്റെ പ്രയോജനം ആത്യന്തികമായി അദാനി ഗ്രൂപ്പിനാണ് ലഭിക്കുക.
ഭൂമി ഏറ്റെടുക്കുന്നതിന് കണക്കാക്കിയിട്ടുള്ള നഷ്ടപരിഹാരത്തുകയുടെ 30 ശതമാനമാണ് ഏറ്റെടുക്കൽ നടപടിക്കായി എസ്റ്റാബ്ലിഷ്‌മെന്റ് ചെലവായി സർക്കാരിൽ അടയ്ക്കേണ്ടത്. 4.4628 ഹെക്ടറാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇവിടത്തെ ഭൂമി ഏറ്റെടുക്കുന്നതിനുമാത്രമായി സ്പെഷ്യൽ തഹസിൽദാറെ നിയമിച്ചിരുന്നു. എന്നാൽ, 2020-ൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസ് നിർത്തലാക്കി. തുടർന്ന് ഭൂമിയേറ്റെടുക്കലിന് പൊതുവായുള്ള സ്പെഷ്യൽ തഹസിൽദാറാണ് സ്ഥലം ഏറ്റെടുക്കൽ നടത്തിയത്. ഇതിനുള്ള ചെലവ് സർക്കാരാണ് വഹിച്ചതും.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വി.ഐ.എസ്.എൽ.) സ്വകാര്യ കമ്പനിയായതിനാൽ എസ്റ്റാബ്ലിഷ്‌മെന്റ് ചെലവായ 30 ശതമാനം തുക അടയ്ക്കണമെന്നായിരുന്നു റവന്യൂവകുപ്പിന്റെ വാദം. ധനകാര്യവകുപ്പിന്റേത് മറിച്ചൊരു നിലപാടായിരുന്നു. ഭൂമിയേറ്റെടുക്കലിനുള്ള എസ്റ്റാബിഷ്‌മെന്റ് ചെലവ് യഥാർഥ ഏറ്റെടുക്കൽ ചെലവിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ തുക പൂർണമായും അടയ്ക്കേണ്ടെന്നായിരുന്നു നിലപാട്. എന്നാൽ, സർക്കാരിനും വിഴിഞ്ഞം കമ്പനിക്കുംവേണ്ടി ഭൂമിയേറ്റെടുത്തത് ഒരേ അധികാരിയായതിനാൽ ഇതിനുള്ള ചെലവ് കമ്പനിയും സർക്കാരും വിഭജിച്ച് വഹിക്കാമെന്ന നിർദേശമാണ് ധനവകുപ്പ് മുന്നോട്ടുെവച്ചത്. രണ്ടുവകുപ്പുകളും വ്യത്യസ്ത നിലപാട് എടുത്തതിനെത്തുടർന്ന് ഫയൽ മന്ത്രിസഭയിൽെവക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. തുടർന്നാണ് ഇളവ് നൽകാനുള്ള തീരുമാനം. ഭൂമിയേറ്റെടുക്കൽ, പുനരധിവാസ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും ചട്ടങ്ങളിൽ പ്രത്യേകകേസായി ഇളവ് നൽകി 42.90 കോടി രൂപ ഇളവുചെയ്യാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം .