500 ലിറ്റർ വ്യാജ ഡീസൽ പിടികൂടി

തൃശൂർ : നഗരത്തിലെ റോഡരികിൽ പാർക്ക് ചെയ്തിരുന്ന പിക്കപ്പ് വാനിൽ നിന്നും വ്യാജമായി നിർമ്മിച്ച 500 ലിറ്റർ ഡീസൽ ഈസ്റ്റ് പോലീസ് പിടികൂടി. 20 ലിറ്റർ കൊള്ളുന്ന 40 കന്നാസുകളിലായാണ് വ്യാജ ഡീസൽ കൊണ്ടുവന്നിരുന്നത്. ഇതിൽ 20 കന്നാസുകളിൽ ഡീസൽ നിറച്ച നിലയിലും 15 കന്നാസുകൾ ഒഴിഞ്ഞ നിലയിലും കാണപ്പെട്ടു.

തൃശൂർ നഗരത്തിൽ നിന്നും സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകൾക്ക് ഇന്ധനമായി വ്യാജ ഡീസൽ ഉപയോഗിക്കുന്നതായി തൃശൂർ എ.സി.പി.
വി.കെ രാജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നഗരത്തിൽ പട്രോളിങ്ങ് നടത്തിയിരുന്ന കൺട്രോൾ റൂം വാഹനത്തിലെ പോലീസുദ്യോഗസ്ഥരാണ് അനധികൃത ഡീസൽ വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്. പോലീസുദ്യോഗസ്ഥരെ കണ്ടപ്പോഴേക്കും വാഹനത്തിന്റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഡീസൽ വിൽപ്പന നടത്തിയതെന്നു കരുതുന്ന 23,500 രൂപ വാഹനത്തിനകത്തുനിന്നും കണ്ടെടുത്തു. ഇരിങ്ങാലക്കുട സ്വദേശി തൈവളപ്പിൽ സജീവ് എന്നയാളുടെ ഉടമസ്ഥതയിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അനധികൃതമായി നിർമ്മിക്കുന്ന ഡീസൽ ബസ്സുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു. വ്യാജ ഇന്ധനം കൊണ്ടുവന്ന പിക്ക് അപ്പിന് സമീപത്തായി ഇന്ധനം നിറക്കുന്നതിനായി രണ്ട് ബസ്സുകൾ കിടന്നിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്. പെട്രോൾ പമ്പുകളിൽ വിൽപ്പന ചെയ്യുന്ന ഒറിജിനൽ ഡീസലിന് 100 രൂപയോളം വിലയുള്ളപ്പോൾ 75 രൂപ നിരക്കിലാണ് വ്യാജ ഡീസൽ വിൽപ്പന നടത്തിയിരുന്നത്.

വ്യാജമായി ഡീസൽ നിർമ്മിച്ച് വിൽപ്പന നടത്തിയതിന് അവശ്യവസ്തു നിയമപ്രകാരവും, ഡീസൽ ഇന്ധനം അനധികൃതമായി കൈകാര്യം ചെയ്തതിനും കേന്ദ്ര ഗവൺമെന്റിന്റെ 2005 ലെ ഉത്തരവു പ്രകാരവുമാണ് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വ്യാജ ഡീസലിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക് അയക്കും. അതിനുശേഷം മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭിക്കുകയുള്ളു.

എ.സി.പി.വി.കെ. രാജു വിനോപ്പം ഈസ്റ്റ് എസ്.എച്ച്.ഓ പി. ലാൽകുമാർ, ഈസ്റ്റ് സബ് ഇൻസ്പെക്ടർ എസ്. സിനോജ്, ഗോപിനാഥൻ, അസി. സബ് ഇൻസ്പെക്ടർമാരായ വില്ലിമോൻ, സുദീപ്, സന്തോഷ്, ജയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷനോജ്, കൃഷ്ണകുമാർ. എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷസനത്തിൽ പങ്കെടുത്തത്.