KERALA STATE GOVERNMENT

6വരിപ്പാത തുടക്കം കാസർകോട്ടുനിന്ന്‌.

img

കാസർകോട്
കന്യാകുമാരിമുതൽ മുംബൈവരെയുള്ള ദേശീയപാത 66 കേരളത്തിൽ ആറുവരിയായി വികസിപ്പിക്കാൻ കേന്ദ്ര, കേരള സർക്കാരുകൾ കരാറായതോടെ പ്രവൃത്തി ആദ്യം ആരംഭിക്കുക കാസർകോട്‌ ജില്ലയിൽ.

ടെൻഡർ വേഗത്തിലായാൽ അടുത്ത വർഷം ജനുവരിയോടെ പ്രവൃത്തി തുടങ്ങും.
ആറു വരിയാകുന്നതോടെ പഴയ രൂപരേഖ പരിഷ്‌കരിക്കും. ജില്ലയിലാണ്‌ പൂർണമായും ഭൂമി ഏറ്റെടുത്തത്‌. ഉടമസ്ഥർക്ക്‌ നഷ്ടപരിഹാരത്തിനുള്ള നടപടിയാണ്‌ ഇപ്പോൾ നടക്കുന്നത്‌. കാസർകോട‌്, കാഞ്ഞങ്ങാട‌് എന്നിവിടങ്ങളിൽ പ്രത്യേക ഡെപ്യൂട്ടി കലക്ടറുടെ ചുമതലയിൽ ഭൂമി ഏറ്റെടുക്കാനും വിലനിർണയിക്കാനും നഷ്ടപരിഹാരം നൽകാനുമായി ഓഫീസുകൾ പ്രവർത്തിക്കുന്നു.

നഷ്ടപരിഹാരത്തിൽ അസംതൃപ്‌തിയുള്ളവർക്ക‌് പരാതി നൽകാൻ കലക്ടർ ആർബിട്രേറ്ററായ സെൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്നു.
തടഞ്ഞ വില്ലേജുകളിലെ നഷ്ടപരിഹാരം നൽകൽ ഉടൻ
കേരളത്തിൽ ദേശീയപാത വികസനത്തിന്‌ ഏറ്റെടുത്ത ഭൂമിയിൽ കൂടുതൽ പേർക്ക്‌ നഷ്ടപരിഹാരം നൽകിയത്‌ കാസർകോട്‌ ജില്ലയിലാണ്‌. ജില്ലയിലെ മുഴുവൻ ഭൂമിയുടെയും മൂല്യനിർണയം ഡിസംബറോടെ പൂർത്തിയാകും.

നഷ്ടപരിഹാരം നൽകൽ അടുത്ത വർഷം മാർച്ചോടെ പൂർത്തിയാക്കും. 60 ശതമാനം ഭൂമി നഷ്ടപരിഹാരം നൽകി ദേശീയപാത അതോറിറ്റിയുടെ ഉടമസ്ഥതയിൽ വരുന്നതോടെ വികസന പ്രവൃത്തി വേഗത്തിൽ തുടങ്ങാനാകും.

ജില്ലയിൽ ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ നഷ്ടപരിഹാരം നൽകാൻ ദേശീയപാത അതോറിറ്റി ഏറ്റവും അവസാനം 238.38 കോടി രൂപയാണ്‌ അനുവദിച്ചത്‌. അടുക്കത്ത്‌ ബയൽ, നീലേശ്വരം, ഉപ്പള, തെക്കിൽ, അജാനൂർ, കാസർകോട്‌, ബങ്കര മഞ്ചേശ്വരം, മുട്ടത്തൊടി, ഹൊസ്‌ദുർഗ്‌, ചെങ്കള, കാഞ്ഞങ്ങാട്‌, ഷിറിയ, മൊഗ്രാൽ, ഉദ്യാവര, കുഞ്ചത്തൂർ വില്ലേജുകളിൽ ഭൂമി ഏറ്റെടുത്തവർക്കാണ്‌ ഈ തുകയിൽ നഷ്ടപരിഹാരം നൽകുക.