വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചു: അപർണ ബാലമുരളി

കൊച്ചി : എറണാകുളം ലോ കോളജിൽ‌ വിദ്യാർഥിയിൽ നിന്നുണ്ടായ മോശം പെരുമാറ്റം വേദനിപ്പിച്ചെന്ന് നടി അപർണ ബാലമുരളി. ഒരു സ്‌ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്തു കൈവയ്‌ക്കുന്നതു ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാർഥി മനസ്സിലാക്കിയില്ലെന്നതു ഗുരുതരമാണെന്നും അവർ പറഞ്ഞു.

പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കെത്തിയപ്പോൾ വേദിയിൽ കയറിയ വിദ്യാർഥി കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ട് സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്‌ത സംഭവത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അപർണ. സംഘാടകരോട് പരിഭവമില്ലെന്നും സംഭവത്തിൽ ലോ കോളജ് യൂണിയൻ ഖേദം അറിയിച്ചതായും അപർണ പറഞ്ഞു. ലോ കോളജ് യൂണിയൻ ഉദ്ഘാടനത്തോടൊപ്പം തങ്കം സിനിമയുടെ പ്രമോഷന് കൂടി ആയിരുന്നു അപർണ കോളേജിൽ എത്തിയപ്പോഴായിരുന്നു സംഭവം നടന്നത്.