അടൂര്‍ കോ ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട : നാടിന്റെ പൊതുവികസനത്തിന് സഹകരണ മേഖലയുടെ പങ്ക് വലുതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍. സഹകരണമേഖലയിലെ ഉത്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ ആദ്യ കോ-ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് അടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക സൗകര്യങ്ങളോടുകൂടിയ അടൂരിലെ കോ-ഓപ് മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും,
ഈ ഹൈപ്പര്‍മാര്‍ക്കറ്റ് കേരളത്തിലെ തന്നെ ഏറ്റവും മികച്ച സംരംഭമാക്കി മാറ്റിയ പറക്കോട് സര്‍വീസ് സഹകരണ ബാങ്കിനെയും സഹകാരികളെയും പൊതുജനങ്ങളെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
സാധാരണക്കാരന്റെ പങ്കാളിത്തമുള്ള ധനകാര്യ സംരംഭമാണ് സഹകരണ മേഖലയിലുള്ളത്. കേരളത്തില്‍ കൃഷി വകുപ്പും,സഹകരണ വകുപ്പും, സംയോജിച്ച് പൊതുജന പങ്കാളിത്തത്തോടെ വിപുലമായ പദ്ധതികളാണ് ആസൂത്രണംചെയ്ത് ഫലവത്തായ രീതിയില്‍ നടപ്പാക്കിവരുന്നത്. മൂല്യവര്‍ധിതവും വൈവിധ്യവും നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ഇടം കൂടിയാണ് കോ ഓപ് ഉള്‍പ്പെടെയുള്ള സഹകരണ സംരംഭങ്ങള്‍.

ജനങ്ങള്‍ പ്രതിസന്ധികളെ നേരിട്ടപ്പോഴൊക്കെ കൂടെനിന്നു കരുത്ത് പകര്‍ന്ന ചരിത്രമാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. കോവിഡ് കാലത്തും മഹാപ്രളയ കാലത്തും സഹകരണ മേഖല മാതൃകാപരമായ സേവനം ഉറപ്പാക്കി. കേരളാ ബാങ്ക് സാധാരണക്കാരെ ശക്തിപ്പെടുത്തുന്ന ന്യൂതനമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. കോവിഡ് കാലത്ത് നാടിന്റെ നന്മയ്ക്കായി കോവിഡ് പ്രതിരോധ സാമഗ്രികള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കി. സഹകരണ വകുപ്പിന്റെ കെയര്‍ ഹോം പദ്ധതിപ്രകാരം 2,600 വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടതില്‍ നിലവില്‍ 2006 വീടുകള്‍ പൂര്‍ത്തീകരിച്ചു. കെയര്‍ ഹോം പദ്ധതി പ്രകാരം 40 ഫ്‌ളാറ്റുകള്‍ ഉടന്‍ സാധാരണക്കാര്‍ക്ക് സൗജന്യമായി തുറന്ന് കൊടുക്കാന്‍ പോകുകയാണ്. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ സഹകരണ ബാങ്കുകള്‍ മറ്റ് സംരംഭങ്ങള്‍ എന്നിവയെ പോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കൃഷി മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ വില്‍പ്പന നടത്തി. വെബ് സൈറ്റിന്റെ ഉദ്ഘാടനം സഹകരണസംഘം രജിസ്ട്രാര്‍ പി.ബി.നൂഹും മത്സ്യഫെഡ് ഫിഷ് സ്റ്റാളിന്റെ ഉദ്ഘാടനം മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരനും നിര്‍വഹിച്ചു. അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി.സജി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വി.എസ് ആശാ, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യാ റെജി മുഹമ്മദ്, വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഷാജഹാന്‍, പത്തനംതിട്ട ജോയിന്റ് ഡയറക്ടര്‍ എം.ജി രാംദാസ്, അടൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ എസ്.നസീര്‍, പറക്കോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ജോസ് കളിയ്ക്കല്‍, ബാങ്ക് സെക്രട്ടറി ജി.എസ് രാജശ്രീ, ബോര്‍ഡ്മെമ്പര്‍ന്മാരായ ഇ.എ റഹിം, വിജു രാധാകൃഷ്ണന്‍, ജി.കമലന്‍, കെ.സന്തോഷ്‌കുമാര്‍, മുളയ്ക്കല്‍ വിശ്വനാഥന്‍ നായര്‍, ബി.ലത, റീനാ ശാമുവേല്‍, പി.കെ സന്തോഷ്, ബാങ്ക് വൈസ് പ്രസിഡന്റ് പി.വി രാജേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി ഉദയഭാനു, എ.പി ജയന്‍ തുടങ്ങിയവരും സംബന്ധിച്ചു.