മഹാനടൻ്റെ ഓർമ്മയിൽ കണ്ണീർപൂക്കളർപ്പിച്ച് അടൂർ മഹാത്മ ജനസേവന കേന്ദ്രം അഗതി കുടുംബവും

പത്തനംതിട്ട : സിനിമാ ലോകത്തിന് അഭിനയ ചക്രവർത്തിയും , മലയാളികൾക്ക് കലയുടെ കുലപതിയുമെന്ന പോലെ അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിന് കരുണയുടെ ഗുരുശ്രേഷ്ഠനെയുമാണ് നെടുമുടി വേണുവെന്ന മഹാനടൻ്റെ അപ്രതീക്ഷിത വിയോഗത്തിലൂടെ നഷ്ടമായത്. അദ്ദേഹത്തിൻ്റെ അളവില്ലാത്ത സ്നേഹം ഏറ്റുവാങ്ങിയ അഭയകേന്ദ്രമാണ് അടൂരിലെ മഹാത്മാ ജനസേവന കേന്ദ്രം.

മഹാത്മയുടെ തുടക്കം മുതൽ നെടുമുടി വേണുവിൻ്റെ സഹകരണം കേന്ദ്രത്തിന് ലഭ്യമായിരുന്നു. അന്തേവാസികളെ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും , മഹാത്മ ജനസേവന കേന്ദ്രത്തിൻ്റെ ആഘോഷ ചടങ്ങുകളിൽ എത്തി അനുഗ്രഹിക്കുകയും ചെയ്തിരുന്നു.
എല്ലാ കാര്യങ്ങളിലും ഗുരുസ്ഥാനത്ത് നിന്ന് പ്രവർത്തിച്ചു.
ഒരു വർഷമായി മഹാത്മയുടെ രക്ഷാധികാരി സ്ഥാനത്ത് തുടരുകയായാരുന്നു.
മഹാത്മ മാതൃരത്നം അവാർഡ് ദാനം നിർവ്വഹിക്കുന്നതിനും മഹാത്മ ജീവകാരുണ്യ ഗ്രാമം സന്ദർശിക്കുന്നതിനും ഒക്ടോബറിൽ വരാനിരുന്നതായിരുന്നുവെന്നും,
സമയം ലഭിക്കുമ്പോഴൊക്കെ അന്തേവാസികളുടെ ക്ഷേമം അറിയുവാൻ ഫോണിൽ ബന്ധപ്പെടാറുണ്ടായിരുന്നതായും,മഹാത്മജന സേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല പറഞ്ഞു. അദ്ദേഹത്തിൻ്റെ വേർപാട് അന്തേവാസികളെയും പ്രവർത്തകരെയും കണ്ണീരിലാഴ്ത്തി.
മഹാനടനും മഹാത്മയുടെ രക്ഷാധികാരിയുമായിരുന്ന പരേതൻ്റെ വിയോഗത്തിൽ മഹാത്മയുടെ എല്ലാ ഉപശാഖകളിലും ഒരാഴ്ച ദുഖാചരണം ആചരിക്കുമെന്ന് മഹാത്മാ സെക്രട്ടറി പ്രിഷീൽഡ അറിയിച്ചു