EDITORIAL Uncategorized

കാർഷികവിപ്ലവത്തിനു നാന്ദിയാകാം

 

കൊറോണക്കാലം ഒരു തരത്തില്‍ പൊതുജനങ്ങൾക്ക് ഒരു ശുദ്ധീകരണത്തിൻ്റെ കാലമായിത്തീർന്നിട്ടുണ്ട്. പല രൂപങ്ങളിലുമുള്ള മലിനീകരണങ്ങൾ ഇല്ലാത്ത കാലം.
അന്തരീക്ഷമലിനീകരണമില്ലാതായതിനാൽ വായുമണ്ഡലം ഒന്നു ശുദ്ധിയായി. മനുഷ്യന് ശുദ്ധവായു ലഭിക്കുന്നു.

രാഷ്ട്രീയമേഖലയും ആരാധനാമേഖലയും നിശ്ശബ്ദമായതിനാൽ ശബ്ദമലിനീകരണം ഇല്ലാതെയായി.

വ്യവസായശാലകൾ അടഞ്ഞതിനാലും മനുഷ്യൻ്റെ അതിക്രമിയ്ക്കലുകൾ ഇല്ലാതായതിനാലും പുഴകളടക്കമുള്ള ജലസ്രോതസ്സുകളിൽ മാലിന്യം കുറഞ്ഞു.

മദ്യശാലകൾ അടഞ്ഞതിനാൽ മദ്യപാനികൾക്ക് സ്വന്തം ആന്തരാവയവങ്ങൾ ശുദ്ധമായി. (കള്ളവാറ്റടക്കമുള്ളവയെ കാണാതിരിയ്ക്കുന്നില്ല!).

അന്യസംസ്ഥാനങ്ങളിൽ നിന്നും വിഷാംശമുള്ള ഭക്ഷ്യോൽപ്പന്നങ്ങളുടെ വരവ് കുറഞ്ഞതിനാൽ ഭക്ഷ്യമലിനീകരണവും ഏറെക്കുറെ ഇല്ലാതെയായി. അവനവൻ്റെ പ്രദേശത്തും സ്വന്തം ഭൂമിയിലും വിളഞ്ഞ ഉൽപ്പന്നങ്ങൾ മാത്രം ഉള്ളിലേക്കെത്തുന്ന കാലമായതിനാൽ ശരീരവും ശുദ്ധമായി.

സർക്കാരുകളുടെയും ചില സന്നദ്ധസംഘടനകളുടെയും ഇടപെടലുകൾ മൂലം പച്ചക്കറിവിത്തുകളും തൈകളും ലഭിച്ചതിനാൽ മിക്ക വീടുകളിലും പച്ചക്കറികൃഷികൾ ചെറിയ തോതിലെങ്കിലും ആരംഭിച്ചു. ഫലത്തിൽ, വരുന്ന കുറച്ചു കാലത്തേക്കെങ്കിലും, ചിലർക്കെങ്കിലും സ്വന്തം വിളകൾ ആഹാരത്തിൽ ഉൾപ്പെടുത്താനാകും.

ചുരുക്കത്തിൽ ഒരു ആത്മശുദ്ധീകരണത്തിൻ്റെ നാളുകളായി ഇക്കാലം മാറുന്നു.

ചില സംഘർഷങ്ങൾ ഒഴിച്ചാൽ കുടുംബബന്ധങ്ങളുടെ ഊഷ്മളത വർദ്ധിച്ചു. കാലങ്ങളോളം സന്താനഭാഗ്യമില്ലാതിരുന്ന ചില ദമ്പതികളെയെങ്കിലും ഭാഗ്യം കടാക്ഷിച്ചതായും ചില റിപ്പോർട്ടുകൾ പറയുന്നു.

ഈയൊരു ശുദ്ധി ഒരു പരിധി വരെയെങ്കിലും തുടർന്നുകൊണ്ടുപോകുവാൻ നമുക്കു കഴിയുന്നതു പോലെ ഇനിയും ശ്രമിച്ചു കൂടേ ?

ചുരുങ്ങിയത്, നമ്മുടെ ഭക്ഷണശീലങ്ങളിലെങ്കിലും? വീട്ടിലും തൊടികളിലും നമുക്കാവശ്യമായ പച്ചക്കറികൾ നട്ടുപിടിപ്പിക്കുന്ന ശീലം തുടർന്നാൽ നമ്മുടെ കുഞ്ഞുങ്ങൾക്കും വൃദ്ധമാതാപിതാക്കൾക്കും വിഷം നൽകാതെയെങ്കിലുമിരിയ്ക്കാം.

കൃഷിഭവനുകൾ വഴിയും പാഠശാലകൾ വഴിയും സംഘടനകൾ വഴിയുമൊക്കെ സൗജന്യമായി വിത്തുകളും തൈകളും വിതരണം ചെയ്യാനുള്ള തീരുമാനം തുടർന്നും സർക്കാർ തലത്തിലുണ്ടാകണം. പുതിയൊരു കാർഷികവിപ്ലവത്തിന് ഇക്കാലം നാന്ദിയാവട്ടെ.

മാനസികവും ശാരീരികവും പാരിസ്ഥിതികവുമായ ശുദ്ധി ഇനിയുള്ള കാലവും നമുക്കു സംജാതമാക്കാം.

കുറത്തിയാടന്‍
ചീഫ് എഡിറ്റര്‍
‘ദി കേരള ഓൺലൈൻ’

Cont: 9496149637, pradeeppramaani@gmail.com

%d bloggers like this: