പുകയില ഉപേക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരാണ്

Announcements FEATURE HEALTH

കണ്ണൂർ : ഇന്ന് (മെയ് 31) ലോക പുകയില വിരുദ്ധദിനമായി ആചരിക്കുന്നു.
പുകയില ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനാണ്‌ എല്ലാ വര്‍ഷവും മെയ്‌ 31 ലോകമാകെ പുകയിലവിരുദ്ധ ദിനമായി ആചരിച്ചുവരുന്നത്‌. “പുകയില ഉപേക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധരാണ്” എന്നതാണ്‌ ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

പുകവലി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌ ശ്വാസകോശത്തെയാണ്‌. പുകയിലയുടെ ഉപയോഗം മൂലമുള്ള മരണങ്ങളില്‍ 40 ശതമാനവും സംഭവിക്കുന്നത് ശ്വാസകോശ രോഗങ്ങളെ തുടർന്നാണ്.
നമ്മുടെ ആരോഗ്യത്തിനും സൗഖ്യത്തിനും ശ്വാസകോശങ്ങള്‍ക്കുള്ള പങ്ക് തിരിച്ചറിയുന്നതിനും കാന്‍സര്‍, സി ഒ പി ഡി തുടങ്ങി പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച്‌ ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും പുകയിലയുടെ ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ പുകയില വിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ നാരായണ നായ്ക് അറിയിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷത്തെ പുകയിലവിരുദ്ധ ദിന സന്ദേശം നൽകിയിരിക്കുന്നത്.
പുകവലി ശ്വാസകോശത്തിന്റെയും ശ്വസന വ്യവസ്ഥയുടെയും പ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ പുകവലിക്കുന്നവരില്‍ കൊറോണ വൈറസ് വളരെ പെട്ടെന്ന് പിടിപെടാന്‍ സാധ്യതയുണ്ട്. കൊവിഡ് ബാധിച്ച പുകവലിക്കാരായ രോഗികളില്‍ തീവ്രമായ അവസ്ഥയില്‍ എത്തുന്നുണ്ടെന്നാണ് ഇതുവരെയുള്ള പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നത്.
ലോകമെമ്പാടും എട്ട് ദശലക്ഷം ആള്‍ക്കാര്‍ പുകയില ഉപയോഗത്താല്‍ മരണപ്പെടുന്നുണ്ട്. ഇതില്‍ 12 ലക്ഷത്തോളം പേര്‍ നിഷ്‌ക്രിയ പുകവലി ( Passive smoking) മൂലമാണ് മരണപ്പെടുന്നത്. പുകയില ഉപയോഗിക്കുന്നവരെ മാത്രമല്ല ഉപയോഗിക്കുന്നവരുടെ
കുടുംബാംഗങ്ങളെയും സമൂഹത്തെയും ബാധിക്കുകയും മാരകരോഗങ്ങളിലേക്കും മരണത്തിലേക്കും തളളിവിടുകയും ചെയ്യുന്നു.

ഇതോടൊപ്പം ഹൃദ്രോഗങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയവയ്ക്കും കാരണമാകുന്നു. ഇത്തരം ജീവിതശൈലീ രോഗങ്ങളുള്ള കൊവിഡ് ബാധിതരില്‍ മരണനിരക്ക് കൂടുന്നതിനും കാരണമാകുന്നുണ്ട്. കൊവിഡിൻ്റെ പശ്ചാത്തലത്തില്‍ പുകയില ഉപയോഗം ഉപേക്ഷിക്കേണ്ടതിന് നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്നും കൊവിഡ്ബാധ മൂലം വീടുകളില്‍ ക്വാറന്റൈനിലും ഐസോലേഷനിലും കഴിയുന്നവര്‍ രോഗം മൂര്‍ച്ഛിക്കാതിരിക്കാനായി പുകവലി നിര്‍ത്തേണ്ടത് ആവശ്യമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പുകയില ഉപയോഗം നിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നവർക്ക് സഹായത്തിനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് ക്വിറ്റ് ലൈന്‍ (QUIT LINE) സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 വഴിയാണ് ക്വിറ്റ് ലൈന്‍ സജ്ജീകരിച്ചിരിക്കുന്നത്. പുകയില ഉപയോഗം നിര്‍ത്താന്‍ ആഗ്രഹിക്കുന്ന എല്ലാവർക്കും ഈ ക്വിറ്റ് ലൈനിലൂടെ ഡോക്ടര്‍മാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ലഭ്യമാകും. ആവശ്യമായ രോഗികള്‍ക്ക് ഫാര്‍മക്കോതെറാപ്പി ഉറപ്പുവരുത്താനും ഇതു സഹായകമാവും.

img