2-0, പിന്നെ 2-2, ഷൂട്ടൗട്ടില്‍ 4-3! അര്‍ജന്റീന രക്ഷപ്പെട്ടു

ഫിഫ ലോകകപ്പില്‍ തുടരെ രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലും പെനല്‍റ്റി ഷൂട്ടൗട്ടിലെത്തിയപ്പോള്‍ ഭാഗ്യം ഒപ്പം നിന്നത് അര്‍ജന്റീനയ്‌ക്കൊപ്പം. നെതര്‍ലാന്‍ഡ്‌സിനെ ഷൂട്ടൗട്ടില്‍ 4-3നു കീഴടക്കി അര്‍ജന്റീന സെമി ഫൈനലിലേക്കു മുന്നേറി. ഷൂട്ടൗട്ടില്‍ ഡച്ച് ടീമിന്റെ ആദ്യത്തെ രണ്ടു കിക്കുകളും തടുത്തിട്ട് ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് അര്‍ജന്റീനയുടെ ഹീറോയായി മാറി. ബ്രസീലിന്റെ കഥ കഴിച്ചെത്തിയ ക്രൊയേഷ്യയാണ് സെമി ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.

നേരത്തേ 2-0ന്റെ അനായാസ വിജയത്തോടെ സെമി ഫൈനലിനു കൈയെത്തുംദൂരത്തായിരുന്നു അര്‍ജന്റീന. പക്ഷെ അവസാനത്തെ ഏഴു മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ഡച്ച് ടീം അവരെ സ്തബ്ധരാക്കി. ഇതോടെ കളി അധികസമയത്തിലേക്കു നീളുകയും ചെയ്തു. 35ാംം മിനിറ്റില്‍ നഹ്വല്‍ മൊളിനയാണ് അര്‍ജന്റനീയുടെ അക്കൗണ്ട് തുറന്നത്. 73ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മെസ്സി അര്‍ജന്റീനയുടെ വിജയവും സെമി ഫൈനല്‍ ബെര്‍ത്തും ഉറപ്പിക്കുകയായിരുന്നു. 83ാം മിനിറ്റില്‍ വൗട്ട് വെര്‍ഗോസ്റ്റാണ് ഡച്ച് ടീമിന്റെ ആദ്യ ഗോള്‍ മടക്കിയത്. ഇഞ്ചുറിടൈില്‍ വെര്‍ഗോസ്റ്റിന്റെ വക തന്നെയായിരുന്നു രണ്ടാം ഗോളും. ഇതോടെയാണ് കളി അധികസമത്തേക്കു നീണ്ടത്.

അര്‍ജന്റീന ടീമില്‍ മാറ്റം

പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ ജയിച്ച ടീമില്‍ ഒരു മാറ്റം വരുത്തിയാണ് അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോനി ഈ മല്‍സരത്തില്‍ ടീമിനെ ഇറക്കിയത്. പ്രതിരോധത്തിലായിരുന്നു ഏക മാറ്റം. ഗോമസിനു പകരം ലിസാന്‍ഡ്രോ ലോപ്പസ് കളിക്കുകയായിരുന്നു. 5-3-2 എന്ന ഫോര്‍മേഷനിലായിരുന്നു അര്‍ജന്റീന പോരിന് ഇറങ്ങിയത്. മറുഭാഗത്ത് നെതര്‍ലാന്‍ഡ്‌സ് ടീമിലും ഒരു മാറ്റം വരുത്തി. മുന്നേറ്റത്തില്‍ ക്ലാസെനു പകരം ബെര്‍ഗ്വിന്‍ ടീമിലെത്തുകയായിരുന്നു.

പരീക്ഷിക്കപ്പെട്ടാതെ ഗോള്‍കീപ്പര്‍മാര്‍

ആദ്യത്തെ 20 മിനിറ്റില്‍ ഒരു ഗോള്‍ ശ്രമം പോലും അര്‍ജന്റീന, നെതര്‍ലാന്‍ഡ്‌സ് ടീമുകളുടെ ഭാഗത്തു നിന്നും കണ്ടില്ല. എങ്കിലും അര്‍ജന്റീനയായിരുന്നു ചില ചടലുമായ നീക്കങ്ങള്‍ നടത്തിയത്. പക്ഷെ അവയൊന്നും ഡച്ച് ബോക്‌സിനുള്ളിലേക്കു കയറിയില്ല. 22ാം മിനിറ്റില്‍ മെസ്സിയാണ് ഗോളിലേക്കു ആദ്യത്തെ ഷോട്ട് തൊടുത്തത്തത്. ബോക്‌സിനു പുറത്തു വച്ച് ഒരു കാല്‍ ലോങ്‌റേഞ്ചറാണ് അദ്ദേഹം പരീക്ഷിച്ചത്. പക്ഷെ അതു ഡച്ച് ഗോളിക്കു ഭീഷണിയുയര്‍ത്താതെ പുറത്തേക്കു പറന്നു.

ആദ്യത്തെ സേവ്

കളിയിലെ ആദ്യത്തെ സേവ് നടത്തിയത് ഡച്ച് ഗോള്‍കീപ്പര്‍ നൊപ്പേര്‍ട്ടായിരുന്നു. 33ാം മിനിറ്റിലായിരുന്നു ഇത്. മക്ക് അലിസ്റ്ററിന്റെ പാസ് പിടിച്ചെടുത്ത് മെസ്സി മറിച്ചു നല്‍കിയ പാസ് ഡിപോളിന്. വേഗം കുറഞ്ഞ, താഴ്ന്ന ഷോട്ടായിരുന്നു താരം പരീക്ഷിച്ചത്. പക്ഷെ ഇതു നേരെ ഗോള്‍കീപ്പറുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു.

മെസ്സിയുടെ ഗോള്‍ ശ്രമം

40ാം മിനിറ്റില്‍ മെസ്സിക്കു ലീഡുയര്‍ത്താന്‍ അവസരം. ലൂസ് ബോള്‍ പിടിച്ചെടുത്ത് ഇടതു വിങിലൂടെ കുതിച്ചെതിയ അല്‍വാറസ് അതു ബോക്‌സിനുള്ളിലുള്ള മെസ്സിക്കു കൈമാറി. പിന്തിരിഞ്ഞ് നിന്ന് ബോള്‍ സ്വീകരിച്ച മെസ്സി വളരെ പെട്ടെന്നാണ് തന്റെ മാര്‍ക്കറെ വെട്ടിയൊഴിഞ്ഞ് വലയിലേക്കു ഷോട്ടുതിര്‍ത്തത്. പക്ഷെ പവര്‍ കുറഞ്ഞ ഈ ഷോട്ട് നേരെ ഗോളിയുടെ കൈകളിലൊതുങ്ങി. 1-0ന്റെ ലീഡുമായി ആദ്യ പകുതി അവസാനിക്കാന്‍ അര്‍ജന്റീനയ്ക്കു കഴിഞ്ഞു.

രണ്ടാംപകുതിയില്‍ കൂടുതല്‍ അഗ്രസീവായി ഗോള്‍ മടക്കി കളിയിലേക്കു തിരിച്ചുവാരാന്‍ നെതര്‍ലാന്‍ഡ്‌സ് ശ്രമിക്കുന്നതാണ് കണ്ടത്. പക്ഷെ അവരുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ച് 73ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മെസ്സി ലീഡുയര്‍ത്തി. അര്‍ജന്റൈന്‍ ഡിഫന്‍ഡര്‍ അക്ക്യൂനയെ ഡച്ച് താരം ഡംഫ്രൈസ് ബോക്‌സിനുള്ളില്‍ വീഴ്്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനല്‍റ്റി. മനോഹരമായ പെനല്‍റ്റിയിലൂടെ മെസ്സി അതു ഗോളാക്കി മാറ്റുകയും ചെയ്തു.