കൊച്ചി : കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് 1990ൽ രൂപീകരിച്ചപ്പോൾ വളരെ പ്രതീക്ഷയോടെ അതിൽ അംഗങ്ങളായി അംശാദായം അടച്ച് പെൻഷൻ പറ്റി രോഗാവസ്ഥയിൽ കഴിയുന്ന തൊഴിലാളികൾക്ക് പെൻഷൻ കഴിഞ്ഞ അഞ്ചുമാസമായി ലഭിക്കുന്നില്ല. അത് അടിയന്തരമായി വിതരണം ചെയ്യുവാനുള്ള നടപടി സ്വീകരിക്കണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് ( കെ കെ എൻ ടി സി ) സംസ്ഥാന പ്രസിഡന്റ് കെ പി തമ്പി കണ്ണാടൻ ആവശ്യപ്പെട്ടു.
കെ കെ എൻ ടി സി പിഴല യൂണിറ്റിന്റെ 41- മത് വാർഷിക സമ്മേളനം സെന്റ് സേവിയേഴ്സ് ചർച്ച് പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1996 ൽ നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് കേന്ദ്ര നിയമത്തിന്റെ കീഴിലാക്കിയപ്പോൾ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയായിരുന്നു സെസ്സ് പിരിവ്. കേരളത്തിൽ മാത്രം ഇടതുപക്ഷ സർക്കാർ അത് തൊഴിൽ വകുപ്പിനെ ഏൽപ്പിച്ചു. അന്നു തുടങ്ങിയതാണ് ഈ ക്ഷേമനിധി ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി.
1998 മുതൽ നിരന്തരമായി തൊഴിൽ വകുപ്പിൽ നിന്നും സെസ് പിരിവ് മാറ്റി തദ്ദേശസ്വയംഭരണ വകുപ്പിനെ ഏൽപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ കെ എൻ ടി സി നടത്തിയ പോരാട്ടം 24 വർഷങ്ങൾക്കുശേഷം കെ കെ എൻ ടി സി യുടെ ഈ ആവശ്യം അംഗീകരിച്ച് തദ്ദേശസ്വയംഭരണ വകുപ്പിനെ സെസ് പിരിക്കുവാൻ ഏൽപ്പിച്ചതിൽ സന്തോഷം ഉണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.
2021 മുതൽ പുതിയ പെൻഷനുകൾ അനുവദിക്കാതെയും ആനുകൂല്യങ്ങൾ വിതരണം ചെയ്യാതെയും വളരെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ക്ഷേമനിധി ബോർഡിനേയും അവരുടെ തൊഴിലാളികളെയും രക്ഷിക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും അതിനുവേണ്ടിയുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ഇ എ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ജോസ് കപ്പിത്താൻ പറമ്പിൽ, സലോമി ജോസഫ്, എം എം രാജു, വി എൽ ആന്റണി,കെ പി ജോൺ, ഇ ബി ജോസി എന്നിവർ സംസാരിച്ചു.
