കൃത്രിമമായി പ്രകൃതിദുരന്തമുണ്ടാക്കാം: ഒരു പവർഗ്രിഡ് മാതൃക

തൃശ്ശൂർ: മാടക്കത്തറയിലെ പുതിയ പവർ ഗ്രിഡ് നിർമ്മാണം പതിമൂന്നാം വാർഡിലുള്ള പുലരി നഗറിലെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന നിരവധി കുടുംബങ്ങളെ കൂട്ടമരണത്തിലേക്ക് തള്ളിവിടാൻ പാകത്തിൽ.

പവർ ഗ്രിഡ് ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ അനാസ്ഥ മൂലം, പുലരി നഗറിലെ നിരവധി വീടുകൾ രൂക്ഷമായ വെള്ളക്കെട്ട് മൂലമുള്ള ദുരിതത്തിലായി. ജീവന് അപകടസാധ്യത ഏറുന്നതിനാൽ ഭീതിയിലാണിവർ കഴിയുന്നത്.

ഇൗ പ്രദേശത്തു നിന്നും ഉയർന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പവർ ഗ്രിഡ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും മഴവെള്ളം ഗതിമാറ്റി പുലരി നഗറിലേക്ക് തിരിച്ചുവിടുന്നതുമൂലം, ഇവിടെയുള്ള വീടുകളിലേക്കും റോഡിലേക്കും വെള്ളം അതി ശക്തിയായി ഒഴുകിയെത്തി ജീവിതം സാധ്യമല്ലാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ്.

അതിശക്തമായി ഒഴുകി വരുന്ന മഴവെള്ളം ഇവിടെയുള്ള ചില വീടുകളുടെ തറയുടെ അടിയിലൂടെ ഒഴുകി പോകുന്നതിനാൽ, ഈ വീടുകൾ ഏതു നിമിഷവും തകർന്ന് നിലംപൊത്താമെന്ന അവസ്ഥയിലാണ്‌. ഈ വീടുകളിൽ ഉള്ളവർ മരണഭീതിയിലാണു കഴിയുന്നത്.

ഈ പ്രദേശത്തു താമസിക്കുന്നവർ പവർ ഗ്രിഡ് അധികാരികൾക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി രണ്ടു മാസം മുൻപ്, പരാതി നല്കിയിരുന്നെങ്കിലും പവർ ഗ്രിഡ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നാളിതുവരെ നടപടി ഒന്നും ഉണ്ടായില്ല.

ഇപ്പോൾ മഴ ശക്തി പ്രാപിച്ച്‌ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് വാർഡ് മെമ്പറും പ്രതിപക്ഷത്തുള്ള കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.എസ് മനോജ് കുമാറും ഇടപെട്ടതിനെ തുടർന്ന് ഇന്നു രാവിലെ ഉദ്യോഗസ്ഥർ JCB യും തോഴിലാളികളേയും വെള്ളക്കെട്ട് ദുരിതബാധിത പ്രദേശത്തേക്ക് കൂട്ടികൊണ്ട് വന്നുവെങ്കിലും രണ്ടാം ശനിയാഴ്ച ആയതിനാൽ പണിയെടുക്കുവാൻ സാധിക്കില്ല എന്ന കാരണം പറഞ്ഞ് തിരികെ പോവുകയാണുണ്ടായത്‌.

പുലരി നഗറിൽ, പവർ ഗ്രിഡ് നിർമ്മിതമായ വെള്ളക്കെട്ട് ദുരിതം മൂലം ഇവിടെയുള്ള ജനങ്ങൾക്ക് ജീവഹാനിയോ
അവരുടെ വീടുകൾക്കോ സ്വത്തിനോ നാശനഷ്ടം സംഭവിക്കുകയോ ഉണ്ടായാൽ അതിൻ്റെ പരിപൂർണ്ണ ഉത്തരവാദിത്വം ബന്ധപ്പെട്ട പവർ ഗ്രിഡ് ഉദ്യോഗസ്ഥർക്കായിരിക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.