കണ്ണൂര്‍: സോളാര്‍ കേസുമായി ബന്ധപ്പെട്ട സമരത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയെകല്ലെറിഞ്ഞുകൊല്ലാന്‍ ശ്രമിച്ചുവെന്ന കേസില്‍ സാക്ഷിയായ മുന്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖിന് അറസ്റ്റു വാറന്‍ഡ്. ഈ കേസിലെ അഞ്ചുസാക്ഷികളോട് കൂടി ചൊവ്വാഴ്ച്ച ഹാജരാകാന്‍ അഡീഷണല്‍ കോടതി ജഡ്ജ് രാജീവന്‍വാച്ചാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹാജരാകാത്തതിനെ തുടര്‍ന്നാണ് സിദ്ദിഖിനെതിരെ അറസ്റ്റു വാറന്‍ഡ് പുറപ്പെടുവിപ്പിച്ചത്. ഈ കേസില്‍ മൊത്തം 24 സാക്ഷികളാണുള്ളത്. ഇവരില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കം അന്‍പത്തിയേഴ് സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. ജര്‍മനിയിലേക്ക് ചികിത്‌സയ്ക്കു പോകും മുന്‍പെ ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.
സിദ്ദിഖ് എം. എല്‍. എയുടെ അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചത്പ്രകാരമാണ് കഴിഞ്ഞ 17ന് ഹാജരാകാന്‍ അവസരം നല്‍കിയത്. എന്നാല്‍ 17ന് ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോടതി എം. എല്‍. എയെ വിമര്‍ശിച്ചിരുന്നു. ഈ കേസിലെ സാക്ഷികളില്‍ കെ.പി നൂറുദ്ദീന്‍ നേരത്തെ മരണമടഞ്ഞിരുന്നു. മറ്റൊരു സാക്ഷിയായ കെ.സി ജോസഫ് കോടതിയില്‍ ഹാജരായി മൊഴി നല്‍കിയിട്ടുണ്ട്. എം. എല്‍. എ മാരായ കെ. കെ നാരായണന്‍, സി.കൃഷ്ണന്‍ ഉള്‍പ്പെടെ 114- പേരാണ് കേസിലെ പ്രതികള്‍. അഡ്വ. നിസാര്‍ അഹമ്മദ് വിചാരണകാലയളവില്‍ മരണമടഞ്ഞിരുന്നു.
പ്രതിഭാഗത്തിന് വേണ്ടി മുന്‍ജില്ലാ ഗവ.പ്രൊസിക്യൂട്ടറും പ്‌ളീഡറുമായ അഡ്വ.ബി.പി ശശീന്ദ്രന്‍, വിനോദ്കുമാര്‍ ചമ്പളോന്‍, അഡ്വ.സി.രേഷ്മ, എന്നിവരാണ് ഹാജരാകുന്നത്. പ്രൊസിക്യൂട്ടര്‍ക്ക് വേണ്ടി അഡീഷനല്‍ പെ്ാസിക്യൂട്ടര്‍ രാജേന്ദ്രബാബുവാണ് ഹാജരാവുന്നത്. സംസ്ഥാന പൊലിസ് കായിക മേളയുടെ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞുവധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. സോളാര്‍ ചാണ്ടിയെ കൊല്ലെടായെന്നു ആക്രോശിച്ചായിരുന്നു അക്രമം. കല്ലേറില്‍ അന്നത്തെ മുഖ്യമന്ത്രി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു.
സംസ്ഥാന രാഷ്ട്രീയത്തില്‍തന്നെ ഏറെ കോളിളക്കമുണ്ടാക്കിയ കേസാണിത്. ഉമ്മന്‍ചാണ്ടി ഭരിക്കുന്ന കാലയളവില്‍ നിയമസഭാസാമാജികന്‍മാരായ രണ്ടു പേര്‍ കേസിലെ പ്രതികളാണെന്നതാണ് ഈ കേസിനെ സവിശേഷമാക്കുന്നത്.