AGRICULTURE KERALA PRD News STATE GOVERNMENT

ഒരു ലക്ഷം മെട്രിക് ടണ്‍ വീതം പച്ചക്കറി, കിഴങ്ങുവര്‍ഗ അധിക ഉത്പാദനം ലക്ഷ്യം: മുഖ്യമന്ത്രി

img

തിരുവനന്തപുരം: വര്‍ഷം ഒരു ലക്ഷം മെട്രിക് ടണ്‍ വീതം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും അധികമായി ഉത്പാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും അവയ്ക്ക് മികച്ച വിപണി ഉറപ്പാക്കാന്‍ പദ്ധതി തയാറാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതുതായി കൃഷിയിലേക്ക് വന്ന കര്‍ഷകര്‍ക്കും പരമ്പരാഗത കര്‍ഷകര്‍ക്കും കൈത്താങ്ങായി അടിസ്ഥാന വില പ്രഖ്യാപനം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്താദ്യമായി 16 ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാന വില (തറവില) പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളായി കൃഷിയെ ആശ്രയിച്ച് ജീവിച്ചുവരുന്നവര്‍ക്ക് കരുത്തുപകരാനാണ് സര്‍ക്കാരിന്റെ കരുതല്‍ നടപടി. രാജ്യത്താകെ കര്‍ഷകര്‍ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതും നാം കാണുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഒരു ബദല്‍ മുന്നോട്ടുവെച്ച് കര്‍ഷകരെ പ്രധാനമായും ഉന്നംവെച്ച് കാര്‍ഷിക അഭിവൃദ്ധിക്കുതകുന്ന ഒട്ടേറെ നടപടികളുമായാണ് സര്‍ക്കാര്‍ നാലരവര്‍ഷമായി പ്രവര്‍ത്തിക്കുന്നത്.

മരച്ചീനി, ഏത്തവാഴ, കൈതച്ചക്ക, വെള്ളരി, പാവല്‍, പടവലം, തക്കാളി, കാബേജ്, ബീന്‍സ് തുടങ്ങി നമ്മുടെ നാട്ടില്‍ ഉത്പാദിപ്പിക്കുന്ന എല്ലാ പ്രധാന പച്ചക്കറികളും തറവില നിര്‍ണയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ വിളയുടെയും ഉത്പാദന ചെലവിനൊപ്പം 20 ശതമാനം തുകയാണ് അധികമായി ചേര്‍ത്തിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞവില വിപണിയില്‍ ഉണ്ടാവുകയാണെങ്കില്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്റെ അക്കൗണ്ടില്‍ നല്‍കും. ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കിയായിരിക്കും കര്‍ഷകര്‍ക്ക് തറവില നല്‍കുന്നത്. ഗുണനിലവാരം ഉറപ്പാക്കാന്‍ സംഭരണപ്രക്രിയയില്‍ തന്നെ ഗ്രേഡ് നിശ്ചയിക്കും. കാലാകാലങ്ങളില്‍ തറവില പുതുക്കാനുള്ള വ്യവസ്ഥയുമുണ്ട്.

READ ALSO  ന്യൂനമർദം സംസ്ഥാനത്ത് തീവ്ര ജാഗ്രതാ നിർദേശം

പ്രാദേശിക ഭക്ഷ്യ ഉത്പാദനത്തിലും കാര്‍ഷിക പദ്ധതികളും തീരുമാനിക്കുന്ന അതത് തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. അവരാണ് സംഭരണ, വിതരണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഒരു കര്‍ഷന് ഒരു സീസണില്‍ പരമാവധി 15 ഏക്കര്‍ കൃഷിക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

കൃഷി വകുപ്പിന്റെ പോര്‍ട്ടലില്‍ നവംബര്‍ ഒന്ന് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. എന്നാല്‍ പ്രൈമറി അഗ്രികള്‍ചറല്‍ കെഡ്രിറ്റ് കോഓപറേറ്റീവ് സൊസൈറ്റികള്‍ വഴി സംഭരണം ഉദ്ദേശിക്കുന്ന കര്‍ഷകര്‍ക്ക് ആദ്യഘട്ടത്തില്‍ തത്കാലം രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ല. തറവില പ്രഖ്യാപിക്കപ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ കൃഷിവകുപ്പിന്റെ നോട്ടിഫൈഡ് വിപണിയിലേക്കും, സൊസൈറ്റികളില്‍ അംഗങ്ങളായവര്‍ നോട്ടിഫൈഡ് സൊസൈറ്റികളിലേക്കും ഉത്പന്നങ്ങള്‍ എത്തിക്കണം. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികള്‍ കൃഷിവകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രിക്കള്‍ചറല്‍ ക്രെഡിറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖലകളിലൂടെയും വിറ്റഴിക്കും. കൂടുതലായി വരുന്ന ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പദ്ധതി കാര്‍ഷികരംഗത്തിനാകെ ഉണര്‍വുപകരും. ഇതിനാവശ്യമായ പിന്തുണ കൃഷിവകുപ്പും തദ്ദേശസ്ഥാപനങ്ങളും സഹകരണമേഖലയും ഒന്നിച്ചുനിന്ന് കര്‍ഷകര്‍ക്ക് നല്‍കുമ്പോള്‍ അത് കേരളത്തിനുണ്ടാക്കുന്ന മാറ്റം വലുതായിരിക്കും.

READ ALSO  കടലാക്രമണം ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

ഇതുവഴി ഉത്പാദനം വലിയതോതില്‍ വര്‍ധിക്കും. ഇവ കേടുകൂടാതെ സംരക്ഷിക്കാനും കേടുകൂടാതെ സംഭരിക്കാനും വിപണനം ചെയ്യാനുമുള്ള പദ്ധതികള്‍ ആലോചിക്കുന്നുണ്ട്. എത്ര ഉത്പാദിപ്പിച്ചാലും ആശങ്കയുണ്ടാകേണ്ടതില്ല, അതിനുള്ള കരുതല്‍ നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്ത് കാര്‍ഷികരംഗത്ത് വലിയതോതില്‍ മാറ്റം ഉണ്ടാക്കാനായിട്ടുണ്ട്. നെല്‍കൃഷി, പച്ചക്കറി ഉത്പാദനം, പാലുത്പാദനം എന്നിവയില്‍ വളര്‍ച്ചയുണ്ടായി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1,96,000 ഹെക്ടറിലായിരുന്ന നെല്‍കൃഷി ഇപ്പോള്‍ രണ്ടേകാല്‍ ലക്ഷം ഹെക്ടറായി. വര്‍ഷങ്ങളായി തരിശുകിടന്ന പ്രദേശങ്ങള്‍ കൃഷിചെയ്യുന്ന നിലയായി. നാലുവര്‍ഷം കൊണ്ട് ആഭ്യന്തര പച്ചക്കറി ഉത്പാദനം ഇരട്ടിയിലധികമാക്കാന്‍ കഴിഞ്ഞു. ഏഴുലക്ഷം മെട്രിക് ടണ്‍ ഉണ്ടായിരുന്നത് 14 ലക്ഷം മെട്രിക് ടണ്ണില്‍ അധികമായി.

READ ALSO  അതിശക്തമായ മഴയ്ക്ക് സാധ്യത : ജില്ലയിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

സുഭിക്ഷ കേരളം പദ്ധതിയിലൂടെ എല്ലാവരും കാര്‍ഷിക രംഗത്തേക്ക് വരുന്ന നിലയുണ്ടായി. ജീവനി പദ്ധതിക്കും മികച്ച പ്രതികരണമാണ്. തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കാര്‍ഷികരംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാക്കാനായത്. പ്രവാസ ജീവിതംവിട്ട് തിരിച്ചുവന്നവരില്‍ പലരും കാര്‍ഷികരംഗത്തേക്ക് തിരിയുന്നുണ്ട്. ഇതിനൊപ്പം വനിതകള്‍, യുവജനങ്ങള്‍ എല്ലാമുള്‍പ്പെടെ വലിയൊരു ജനസമൂഹം ഇത് ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

%d bloggers like this: