ഗുജറാത്തില്‍ ഭുപേന്ദ്ര പട്ടേല്‍ ഇന്ന് വീണ്ടും അധികാരമേല്‍ക്കും: മോദിയും 20 മുഖ്യന്മാരും സാക്ഷികളാവും

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭുപേന്ദ്ര പട്ടേല്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചക്ക് അഹമ്മദാബാദില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവർക്ക് പുറമെ 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.ഗാന്ധിനഗറിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഹെലിപാഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആചാര്യ ദേവവ്രത് ഗുജറാത്തിന്റെ 18-ാമത് മുഖ്യമന്ത്രിയായി പട്ടേലിന് സത്യവാചകം ചൊല്ലിക്കൊടുക്കും. ചടങ്ങിൽ പുതിയ മന്ത്രിതല സമിതിയും സത്യപ്രതിജ്ഞ ചെയ്യും.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 156ലും വിജയിച്ച് റെക്കോർഡ് ഭൂരിപക്ഷവുമായിട്ടാണ് ബി ജെ പി തുടർച്ചയായ ഏഴാം തവണയും ഗുജറാത്തില്‍ അധികാരമേല്‍ക്കാന്‍ പോവുന്നത്. മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 17 സീറ്റുകളും ആം ആദ്മി പാർട്ടിക്ക് അഞ്ച് സീറ്റുകളുമാണ് നേടാന്‍ സാധിച്ചത്.ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 182 സീറ്റുകളിൽ 156ലും വിജയിച്ച് റെക്കോർഡ് ഭൂരിപക്ഷവുമായിട്ടാണ് ബി ജെ പി തുടർച്ചയായ ഏഴാം തവണയും ഗുജറാത്തില്‍ അധികാരമേല്‍ക്കാന്‍ പോവുന്നത്. മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് 17 സീറ്റുകളും ആം ആദ്മി പാർട്ടിക്ക് അഞ്ച് സീറ്റുകളുമാണ് നേടാന്‍ സാധിച്ചത്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അസമിലെ ഹിമന്ത ബിശ്വ ശർമ, ഹരിയാനയുടെ മനോഹർ ലാൽ ഖട്ടർ, മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാൻ, കർണാടകയിലെ ബസവരാജ് ബൊമ്മൈ, ഉത്തരാഖണ്ഡിലെ പുഷ്‌കർ സിങ് ധാമി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.ബിജെപി അധ്യക്ഷൻ ജെപി നദ്ദ, മുതിർന്ന നേതാവ് ബിഎൽ സന്തോഷ്, ഗുജറാത്തിൽ പ്രചാരണത്തിനെത്തിയ മറ്റ് നേതാക്കളും സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാനെത്തും. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ഗാന്ധിനഗറിലെ ഹെലിപാഡിൽ മൂന്ന് വലിയ സ്റ്റേജുകളുണ്ടാകും. മധ്യ വേദിയിലാവും മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുക. പ്രധാന വേദിയുടെ വലതുവശത്തുള്ള പ്ലാറ്റ്‌ഫോമിൽ പ്രധാനമന്ത്രിക്കും വിവിഐപികൾക്കും സൗകര്യമൊരുക്കും. ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട സംസ്ഥാനത്തെ 200 സന്യാസിമാരായിരിക്കും ഇടതുവശത്തെ സ്റ്റേജിലിരിക്കുക.

എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള അംഗങ്ങളും സദസ്സിലുണ്ടാകുമെന്നും എന്നാൽ പാട്ടിദാർ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ, പട്ടികജാതി, വർഗക്കാർ, സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകുമെന്നും വൃത്തങ്ങൾ അറിയിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും 2026ലെ സംസ്ഥാന തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് ഇവർക്ക് മുൻഗണന നൽകിയതെന്നും പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.പരമ്പരാഗതമായി കോൺഗ്രസിന്റെ കോട്ടയായ പട്ടികജാതി-വർഗ വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പി ഈ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു. ബി ജെ പിയുടെ പരമ്പരാഗത അനുഭാവികളായ പട്ടീദാർ ബി ജെ പിയില്‍ അസ്വസ്ഥരായിരുന്നെങ്കില്‍ ഹാർദിക് പട്ടേലിന്റെ കടന്ന് വരവോടെ ഇതില്‍ വലിയ മാറ്റമുണ്ടാക്കാന്‍ സാധിച്ചു. വിരാംഗം മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ ലഖാഭായ് ഭർവാദിനെ 50,000 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഹാർദിക് പട്ടേൽ ഇത്തവണ വിജയിച്ചത്. ഇദ്ദേഹം മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.