കോൺഗ്രസിനെ ഞെട്ടിച്ച് ഗുജറാത്തിൽ മറ്റൊരു എംഎൽഎ കൂടി രാജിവെച്ചു, 2 ദിവസത്തിനിടെ 3 പേർ

ദില്ലി: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോൺഗ്രസിനെ ഞെട്ടിച്ച് വീണ്ടും രാജി. ഏറ്റവും ഒടുവിലായി ജാലോഡ് എം എൽ എ ഭാവേഷ് കഠാരയാണ് പാർട്ടി വിട്ടത്. ഉടൻ തന്നെ ഇദ്ദേഹം ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് സൂചന.

രണ്ട് ദിവസത്തിനിടെ മാത്രം 3 സിറ്റിംഗ് എം എൽ എമാരാണ് പാർട്ടിയിൽ നിന്നും രാജിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തലാല എംഎൽ‍എ ഭഗവാൻ ഭായ് ഡി ഭറാഡും മുതിർന്ന നേതാവായ മോഹൻ സിംഗ് രത്വയുമാണ് കോൺഗ്രസിൽ നിന്നും രാജിവെച്ച എം എൽ എമാർ. ഇതിൽ രത്വ കഴിഞ്ഞ ദിവസം ബി ജെ പിയിൽ ചേർന്നിരുന്നു. ഭഗാവാനും ഉടൻ ബി ജെ പിയിൽ ചേർന്നേക്കുമെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് കളം ചൂട് പിടിച്ചിരിക്കെ എംഎൽഎമാരുടെ കൊഴിഞ്ഞ് പോക്ക് കോൺഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം ഇക്കുറി സംസ്ഥാനത്ത് ബി ജെ പി തിരിച്ചടി നേരിടുമെന്ന് ആവർത്തിക്കുകയാണ് കോൺഗ്രസ് നേതൃത്വം. ആദിവാസി മേഖലകളിലും ഗ്രാമീണ പ്രദേശങ്ങളിലും തങ്ങളുടെ ആദിപത്യത്തിന് കോട്ടം തട്ടില്ലെന്ന് കോൺഗ്രസ് പറയുന്നു. ആം ആദ്മിയുടെ കടന്ന് വരവ് കോൺഗ്രസിന് നേട്ടമാകുമെന്നും പാർട്ടി അവകാശപ്പെടുന്നുണ്ട്.

അമിത് ഷാ ഗുജറാത്തിൽ തുടരുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഇത്രയും ഭയക്കുന്നത്? തൊഴിലില്ലായ്മ, വിലക്കയറ്റം അട്ടമുള്ള വിഷയങ്ങൾ ജനങ്ങളെ പൊറുതി മുട്ടിക്കുകയാണ്. ഗുജറാത്തിലെ ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. കൗണ്ട് ഡൗൺ ആരംഭിച്ചിരിക്കുകയാണ്. ഡിസംബർ എട്ടിന് കൗണ്ട് ഡൗൺ അവസാനിക്കുമ്പോൾ ബിജെപി താഴെ വീഴും, പിന്നെ ഗുജറാത്തിൽ ബി ജെ പി അധികാരത്തിൽ കാണില്ല’, കോൺഗ്രസ് നേതാവ് രഘു ഷർമ്മ പറഞ്ഞു.

അതിനിടെ ഗുജറാത്തിൽ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ് ബി ജെ പി. 38 എംഎല്‍എമാരെ ഒഴിവാക്കിക്കൊണ്ടുള്ളതാണ് പട്ടിക. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, പട്ടേൽ പ്രക്ഷോഭ നേതാവും മുൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അധ്യക്ഷനുമായിരുന്നു ഹർദിക് പട്ടേൽ, കോൺഗ്രസിൽ നിന്നും രാജിവെച്ചെത്തിയ 7 എം എൽ എമാർ എന്നിവർ ഉൾപ്പെടുന്ന പട്ടികയാണ് ബി ജെ പി പ്രഖ്യാപിച്ചത്. ഭരണം നിലനിർത്താൻ ആകുമെങ്കിലും ഇക്കുറി ബ ഭൂരിപക്ഷം ഉയർത്തുകയെന്നതാണ് ബി ജെ പി നേരിടുന്ന പ്രധാന വെല്ലുവിളി.