തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകള്‍ അടിച്ചു തകര്‍ത്ത കേസിലെ പ്രതി പിടിയില്‍

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 19 കാറുകള്‍ അടിച്ചു തകര്‍ത്ത കേസിലെ പ്രതി പിടിയില്‍. പൂജപ്പുര സ്വദേശി എബ്രഹാം എന്ന 18 കാരണാണ് പിടിയിലായത്. ശനിയാഴ്ച രാത്രിയാണ് സംഭവം.ഇന്ന് രാവിലെ കാറുകള്‍ പാര്‍ക്ക് ചെയ്തവര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. മിക്ക കാറുകളുടേയും വിന്‍ഡോ ഗ്ലാസുകളാണ് തകര്‍ത്തത്.കാറുകളുടെ മ്യൂസിക് സിസ്റ്റത്തിന്റെ സ്പീക്കര്‍ ഉള്‍പ്പെടെ ഊരിയെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

അതേസമയം, താന്‍ വാഹനങ്ങള്‍ അടിച്ച്‌ തകര്‍ത്തത് വീട്ടകാരുമായി വഴക്കുണ്ടാക്കിയതിലെ അരിശം തീര്‍ക്കാണെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി . കുറ്റം ചെയ്തതായി എബ്രഹാം സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു. 18കാരനായ എബ്രഹാം കഴിഞ്ഞ ദിവസം വീട്ടുകാരോട് വഴക്കുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ വീട് വിട്ട് ഇറങ്ങുകയും ചെയ്തു.

ലഹരി ഉപയോഗിച്ചിരുന്ന പ്രതി തമ്ബാനൂര്‍ ഭാഗത്ത് എത്തിയ ശേഷം റെയില്‍വേ സ്‌റ്റേഷനിലെ പേ ആന്‍ഡ് പാര്‍ക്ക് സോണില്‍ എത്തുകയും കൈയില്‍ കിട്ടിയ കല്ലുപയോഗിച്ച്‌ കണ്ണില്‍ കണ്ട വാഹനങ്ങളെല്ലാം തകര്‍ക്കുകയുമായിരുന്നു. പ്രതിക്ക് മോഷണം നടത്തണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. പ്രതി എന്ത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. കാറുകള്‍ നശിപ്പിച്ചതിലെ നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനം റെയില്‍വേയും പാര്‍ക്കിങ് കരാറെടുത്തവരും തമ്മിലുള്ള ധാരണയനുസരിച്ച്‌ കൈക്കൊള്ളുമെന്നും പോലീസ് പറഞ്ഞു.