ജാതീയാധിക്ഷേപവും ലൈംഗികപീഡനവും: നീതി തേടി നിഷ

കോഴിക്കോട്: വൈത്തിരി സ്വദേശിനിയായ നിഷ, പട്ടികജാതിക്കാരിയായ തന്നെ ജാതീയമായി ഭർത്താവും വീട്ടുകാരും അധിക്ഷേപിക്കുന്നതായും പീഡിപ്പിക്കുന്നതായും ആരോപിച്ചുകൊണ്ട് കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ വച്ച് ഇന്നു പത്രസമ്മേളനം നടത്തി. സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം കോഴിക്കോട് ജില്ലാ ജന. സെക്രട്ടറി വിജയരാജൻ കഴുങ്ങാഞ്ചേരി,
വേൾഡ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ മെമ്പർ ജഫ്രി ജലീൽ തുടങ്ങിയവര്‍ നിഷയോടൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തു.

1998-ൽ ജാതീയമായി തന്നേക്കാൾ ഉയർന്ന വിഭാഗത്തിൽ പെട്ടയാളെ വിവാഹം കഴിക്കുമ്പോൾ ഭർത്തൃവീട്ടുകാർക്ക് ജാതി വിഷയമല്ലായിരുന്നു എന്ന് നിഷ പറയുന്നു. വിവാഹസമ്മാനമായി നിഷയുടെ വീട്ടുകാർ അൻപതു പവൻ സ്വർണ്ണാഭരണങ്ങൾ നൽകുകയും ചെയ്തിരുന്നു.

വിവാഹസമയത്ത് വിഷയമല്ലാതിരുന്ന ജാതി പിന്നീടു തലപൊക്കുകയായിരുന്നു. മദ്യപാനിയും ലൈംഗികാവിഹിതതൽപ്പരനുമായിരുന്ന ഭർത്താവ് ഒരിക്കല്‍ പത്തു വയസ്സുള്ള മകനെ പ്രകൃതിവിരുദ്ധലൈംഗികപീഡനത്തിനിരയാക്കാൻ ശ്രമിച്ചതിന് നിഷ മൂത്ത മകനെക്കൊണ്ട് പൊലീസിൽ പരാതി നൽകിച്ചിരുന്നു. കൽപ്പറ്റ സി.ഐ. ഷെരീഫിനും എസ്.പി. അജിതാ ബീഗത്തിനുമായിരുന്നു പരാതി നൽകിയത്.

പിന്നീട് കോടതിയിൽ ഗാർഹികപീഡന ആക്ട് അനുസരിച്ച് കേസു കൊടുക്കുകയും മൂന്നു വർഷങ്ങൾക്കു മുൻപ് മാസച്ചിലവിലേക്ക് 10000 രൂപ നൽകാൻ വിധിയുണ്ടാവുകയും ചെയ്തിരുന്നു.

കേസു കൊടുത്ത നാൾ മുതല്‍ കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്.

ഭർത്താവിൻ്റെ അനുജൻ, അയാളുടെ സുഹൃത്ത് തുടങ്ങിയവരും ഉപദ്രവിക്കുന്നതായും ലൈംഗികാധിക്ഷേപങ്ങൾ നടത്തുന്നതായും നിഷയുടെ പത്രക്കുറിപ്പിൽ പറയുന്നു.

ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് നിഷയുടെ ഭർത്താവ്. അധികാരികളുടെ ഭാഗത്തുനിന്നും നീതി ലഭിക്കാത്തതിനാലും സുരക്ഷിതമായി താമസിക്കുന്നതിനുള്ള സാഹചര്യം തനിക്കും മക്കൾക്കും ഉറപ്പാക്കുന്നതിനും സഹായത്തിനായി മറ്റാരുമില്ലാത്തതിനാലുമാണ് ഇങ്ങനൊരു പത്രസമ്മേളനത്തിനു മുതിർന്നതെന്ന് നിഷ പറഞ്ഞു.

സോഷ്യൽ ജസ്റ്റിസ് വിജിലൻസ് ഫോറം,
വേൾഡ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ,
പീജിയൻസ് ഗ്രൂപ്പ് മീഡിയാ സൊലൂഷൻ,
റോഡ് സേഫ്റ്റി വിജിലൻസ് ഫോറം എന്നീ സംഘടനകളുടെ സഹായത്തോടെയാണ് നിഷ പത്രസമ്മേളനത്തിനെത്തിയത്.