Exclusive FEATURE KERALA ജഗദീഷ് കോവളം

ഫാസിസത്തിന്റെ പൂച്ചനടത്തം

img

‘അമേരിക്കയിൽ ഫാസിസം ഉടലെടുക്കുകയാണെങ്കിൽ അതിന്റെ പേര് “അമേരിക്കനിസം” എന്നായിരിക്കും.

അമേരിക്കൻ പതാക പുതച്ചാവും അവിടെ ഫാസിസം പിച്ചവയ്ക്കുന്നതും.’ എവിടെയോ വായിച്ചതാണ്. പ്രബുദ്ധ-സാക്ഷര- സാംസ്ക്കാരിക കേരളത്തിൽ ഫാസിസത്തിന്റെ കടന്നുകയറ്റമെന്നത് മരുപ്പച്ചയാണെന്ന ബോധ്യത്തിന്മേൽ കരിനിഴൽ വീഴുകയാണോ..?

അൻപത്തിയാറിൽത്തന്നെ വാളയാർ, കളിയിക്കാവിള ചെക്ക്പോസ്റ്റുകളിൽ “ഫാസിസത്തിന് പ്രവേശനമില്ല” എന്ന ബോർഡ് സ്‌ഥാപിക്കപ്പെട്ടതിലൂടെമാത്രം പെരുമാൾ മുരുകനോളം എത്തപ്പെട്ട ഫാസിസ്റ്റ് നടപടികൾ നമ്മെ ഗ്രഹിക്കാതെ അകന്നുപോയതിന്റെ അഹങ്കാരം കൈരളിയുടെ സാഹിത്യ നായകന്മാർക്കും മാദ്ധ്യമ പ്രവർത്തകർക്കും തെല്ലൊന്നുമല്ല ഉണ്ടായിരുന്നത്. അതിനാൽ തന്നെയാണ് “കഴുത്തല്ല, എഴുത്താണ് പ്രധാനം” എന്ന് നാം അലമുറയിട്ടതും.

അഭിപ്രായ/ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങൾക്ക് മേൽ ലോകത്തെവിടെയെങ്കിലും കൂച്ചുവിലങ്ങ് വീഴുന്ന അവസ്‌ഥ സംജാതമായാൽ ഒരുപക്ഷേ മലയാളി എഴുത്തുകാരിലൂടെയും, മാദ്ധ്യമ പ്രവർത്തകരിലൂടെയുമാവും. അത്തരം പ്രവർത്തനങ്ങൾക്കെതിരെയുള്ള ആത്മരോഷം പൊതുസമൂഹം അറിയുന്നതുതന്നെ. കൽബുർഗ്ഗിയെയും, ഗോവിന്ദ് പൻസാരയെയും, പെരുമാൾ മുരുകനെയും, എം.എഫ് ഹുസൈനെയും, ഗൗരീലങ്കേഷിനേയുമൊക്കെ നമുക്കു സുപരിചിതമായ ചുറ്റുപാടുകളിൽ കൊണ്ടെത്തിക്കുന്നതിൽ കൈരളിയുടെ സാഹിത്യ, സാംസ്ക്കാരിക, മാധ്യമ പ്രവർത്തകർ വഹിച്ച നിസ്തുലമായ പങ്ക് വിസ്മരിക്കുവതെങ്ങനെ?

പക്ഷേ ഇന്ന് മലയാളത്തിലെ സാഹിത്യ, സാംസ്ക്കാരിക, മാദ്ധ്യമ മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന നിശ്ശബ്ദത ഞെട്ടലുളവാക്കുന്നു. ജനാധിപത്യ പ്രക്രിയയ്ക്ക് ഭൂഷണമല്ലാത്ത ഒരു നിയമം കേരളത്തിൽ പ്രാബല്യം നേടിയിരിക്കുന്നു. പോലീസ് നിയമഭേദഗതി ഗവർണ്ണറുടെ അനുമതിയോടെ പ്രാബല്യത്തിലെത്തുമ്പോൾ 118(A)  എന്ന വകുപ്പ്, കേരളത്തിന്റെ പ്രബുദ്ധതയെ ചോദ്യം ചെയ്യുന്നു. “പ്രബുദ്ധ കേരളം” എന്നത് നിരന്തരം പറഞ്ഞു പറഞ്ഞ് സത്യമാക്കിയ ഒരു നുണയായിരുന്നോ എന്നുപോലും സംശയമുണരുന്നു.

ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതിനോ, അപമാനിക്കുന്നതിനോ, ഭീഷണിപ്പെടുത്തുന്നതിനോ, ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികൾ നിർമ്മിക്കുകയോ, പ്രചരിപ്പിക്കുകയോ, പ്രസിദ്ധപ്പെടുത്തുകയോ ചെയ്യുന്നവർക്ക് അഞ്ച് വർഷം തടവോ, പതിനായിരം രൂപ പിഴയോ, രണ്ടുംകൂടി ഒരുമിച്ചോ ശിക്ഷ നൽകുവാനുള്ള വ്യവസ്‌ഥയാണ് 118(A) എന്ന ഭദഗതിയിലൂടെ നിലവിൽ വരുന്നത്. ഈ വകുപ്പനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ പരാതിക്കാരുടെ ആവശ്യമില്ലായെന്നതും, ആർക്കും ആർക്കെതിരെയും ഇത്തരം പരാതി ഉന്നയിക്കാമെന്നതും, പൊലീസിന് സ്വമേധയാ ഇത്തരം കേസ് രജിസ്റ്റർ ചെയ്യാമെന്നുള്ളതുമായ ‘കൊഗ്നിസിബിൾ’ വകുപ്പാണിത് എന്നുള്ളത് ഇത്തരുണത്തിൽ ഓർമ്മിക്കേണ്ടത് അനിവാര്യമാണ്. ചുരുക്കിപ്പറഞ്ഞാൽ അഭിപ്രായ-ആവിഷ്‌ക്കാര സ്വാതന്ത്ര്യങ്ങളിന്മേലുള്ള അനിയന്ത്രിതമായ കടന്നുകയറ്റം തന്നെയാണിത്.

ജനാധിപത്യ വിരുദ്ധമെന്നു ചൂണ്ടിക്കാട്ടി, അപകീർത്തിയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ് 499  ഒഴിവാക്കണമെന്നു ശക്തിയുകതം വാദിക്കുകയും, ഐ.റ്റി വകുപ്പിലെ 66(A) ബഹു.സുപ്രീം കോടതി എടുത്തുകളഞ്ഞതിനെ ഏറ്റവും ആദ്യം സ്വാഗതം ചെയ്യുകയും ചെയ്ത രാഷ്ട്രീയ കക്ഷിയാണ് കമ്മ്യുണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). സർക്കാരുകൾക്കെതിരെ പ്രതികരിക്കുന്നവരെ അറസ്റ്റ് ചെയ്യാനും, ശിക്ഷിക്കുവാനും ഐ.റ്റി ആക്ട് 66(A)  ദുര്യുപയോഗപരമായി ഉപയോഗിക്കപ്പെടുന്നതിനാൽ പ്രസ്തുത നിയമം എടുത്തുകളഞ്ഞതിനെ സർവ്വാത്മനാ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു അന്ന് ഇടത് നിലപാട്.

വൈരുദ്ധ്യം ഇതാണ് ഐ.പി.സി. 499 അനുസരിച്ചുള്ള മാനനഷ്ടക്കേസ് നോൺ-കൊഗ്നിസിബിൾ ആയതിനാൽ, തുടർനടപടികൾക്ക് മജിസ്‌ട്രേറ്ററിന്റെ അനുമതി നിർബന്ധമാണ്. എന്നാൽ ഐ.പി.സി 499 നേക്കാൾ, കേരളാപോലീസ് ആക്ട് 118(A) അപകടമാകുന്നത് അതിന്റെ കോഗ്നിസിബിൾ സ്വഭാവത്തിലൂടെയാണ്. അതായത് നീതിപീഠത്തിന്റെ അനുമതിയോ, നിയന്ത്രണമോ ഇല്ലാതെതന്നെ പൊലീസിന് കേസെടുക്കാൻ അനുവാദം നൽകുന്നതാണ് ഭേദഗതി.

സമൂഹമാദ്ധ്യമങ്ങളിൽ “സൃഷ്ടി മോഷണം” സ്‌ഥിരം കലാപരിപാടിയാണ്. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽപോലും ഇനിമുതൽ പ്രതികരിക്കാതിരിക്കുകയാണ് ഉത്തമം. “എന്റെ കവിത/കഥ മോഷ്ടിക്കപ്പെട്ടു. മോഷ്ടാവിനെ കണ്ടെത്തിയിട്ടുണ്ട് ഇതാണാ വ്യക്തി”  എന്നൊരു പോസ്റ്റ് വാളിൽ ഷെയർചെയ്താൽ കുറ്റാരോപിതന്/കുറ്റാരോപിതയ്ക്ക് തന്റെ “Good will” ന് ഏറ്റകളങ്കമായി ഈ പോസ്റ്റിനെ വ്യാഖ്യാനിക്കാൻ കഴിയുകയും, കവിത/കഥയുടെ യഥാർത്ഥ ഉടമയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ആവാം. കവിത/കഥയല്ലേ നഷ്ടപ്പെട്ടുള്ളൂ, അതിലുപരി അഞ്ചുവർഷവും, പതിനായിരം രൂപയും കൂടി നഷ്ടപ്പെടുത്തേണ്ടതുണ്ടോ എന്നുതന്നെയാവും നാമോരോരുത്തരും ചിന്തിക്കുക. ഇതൊരു ചെറിയ ഉദാഹരണം മാത്രമാണ്.

ഏറെപ്പറഞ്ഞ് ബുദ്ധിമുട്ടിക്കുന്നില്ല. നമുക്ക് ആഗോള ഫാസിസത്തെക്കുറിച്ചും, ഉത്തരേന്ത്യൻ ഫാസിസത്തെക്കുറിച്ചും സംസാരിക്കാം. കൽബുർഗിയ്ക്കും, പൻസാരയ്ക്കും, ഗൗരീ ലങ്കേഷിനും വേണ്ടി വാദിക്കാം. പെരുമാൾ മുരുകന്റെ തൂലികയിൽ മഷി വീണ്ടും നിറയ്ക്കാം.. ഫാസിസം നീണാൾ വാഴട്ടെയെന്ന് അടക്കം പറയാം. ഒരേസമയം ഉരുക്കും, കുരുക്കുമാവുന്ന വാക്കുകളെ “വാക്കുരുക്ക്” എന്നല്ലാതെ മറ്റെന്ത് വിളിക്കാനാണ്..?

ജഗദീഷ് കോവളം