സി.ബി.ഐ എസ്‌.പി നന്ദകുമാർ നായർ വിരമിച്ചു.

Announcements CRIME

സിസ്റ്റർ അഭയ കൊലക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സി.ബി.ഐ എസ്‌.പി നന്ദകുമാർ നായർ സർവ്വീസിൽ നിന്നും വിരമിച്ചു. അഭയ കേസ് തെളിയിക്കുവാൻ കഴിയാത്തത് കൊണ്ട്, അന്വോഷണം അവസാനിപ്പിക്കുവാൻ സി.ബി.ഐ 16 വർഷത്തിനിടയിൽ മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് കൊടുത്ത്, സി.ബി.ഐ തോൽവി സമ്മതിച്ച കേസിൽ, പിന്നീട് 2008 നവംബർ
1ന് നന്ദകുമാർ നായർ അന്വോഷണം ഏറ്റെടുക്കുകയും
പതിനെട്ടു ദിവസത്തിനുള്ളിൽ അഭയ കേസിലെ പ്രതികളെ 2008 നവംബർ 18 ന് അറസ്റ്റ് ചെയ്ത്, ചരിത്രം തിരുത്തി കുറിച്ച ഉദ്യോഗസ്ഥനാണ് നന്ദകുമാർ നായർ.

കഴിഞ്ഞ വർഷം നവംബർ 30 ന് റിട്ടയർ ചെയ്യേണ്ട നന്ദകുമാർ നായർക്ക്, സി.ബി.ഐ ഡയറക്ടറുടെ ശുപാർശ പ്രകാരം, പ്രധാനമന്ത്രി ആറ് മാസം കൂടി സർവ്വീസ് കാലാവധി നീട്ടി കൊടുത്തിരുന്നു. കഴിഞ്ഞ ഡിസംബർ 23 ന്, അഭയ കേസിലെ പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും കഠിനതടവിനും, ജീവപര്യന്തം കഠിനതടവിനും സി.ബി.ഐ കോടതി ശിക്ഷിച്ചതിന് ശേഷമാണ്, നന്ദകുമാർ നായർ ഇപ്പോൾ റിട്ടയർ ചെയ്തിരിക്കുന്നത്.

ലാലു പ്രസാദ് യാദവിന് എതിരെയുള്ള, കാലിത്തീറ്റ കുംഭക്കോണ കേസിലും, സി.ബി.ഐ ഉദ്യോഗസ്ഥൻ നന്ദകുമാർ നായർ ആയിരുന്നു. തിരുവനന്തപുരം സി.ബി.ഐ ക്രൈം സ്പെഷ്യൽ യൂണിറ്റ് എസ്‌.പി യും, മുംബൈ സി.ബി.ഐ ക്രൈം സ്പെഷ്യൽ യൂണിറ്റ് എസ്‌.പി യായും, ഒരേസമയം കഴിഞ്ഞ രണ്ട് വർഷവും പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.
പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്വദേശിയാണ് നന്ദകുമാർ നായർ.

ലേഖകൻ
ജോമോൻ പുത്തൻ പുരയ്ക്കൽ.

img